Connect with us

Malappuram

അറബിക് സര്‍വകലാശാല ഇല്ല; പകരം വിദേശ ഭാഷാ സര്‍വകലാശാല

Published

|

Last Updated

മലപ്പുറം:യു എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്ന അറബിക് സര്‍വകലാശാല ചാപിള്ളയായി. ഇതിന് പകരമായി സംസ്ഥാനത്ത് വിദേശ ഭാഷാ സര്‍വകലാശാല ആരംഭിക്കാന്‍ തത്വത്തില്‍ ധാരണ. അറബി ഉള്‍പ്പെടെയുള്ള വിവിധ വിദേശ ഭാഷകള്‍ പഠിക്കാന്‍ ഉന്നത നിലവാരത്തിലുള്ള സര്‍വകലാശാലയാകും സ്ഥാപിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് സിറാജിനോട് പറഞ്ഞു.
അനുയോജ്യമായ ഭൂമി കണ്ടെത്താന്‍ ആറാഴ്ചക്കകം സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും. മലപ്പുറത്ത് അനുവദിച്ച ഇഫഌ സര്‍വകലാശാലയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതോടെ ഇംഗ്ലീഷ് പഠനം കൂടി ലക്ഷ്യമിട്ടുള്ള സര്‍വകലാശാലയാകും സ്ഥാപിക്കുകയെന്നും അബ്ദുര്‍റബ്ബ് പറഞ്ഞു. മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ കെ ജയകുമാറിനെയാകും സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുക. പാലക്കാട് ജില്ലയില്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനായിരിക്കും മുന്തിയ പരിഗണന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സര്‍വകലാശാലക്ക് ഫണ്ട് നീക്കി വെക്കുകയോ അറബിക് സര്‍വകലാശാലയെ കുറിച്ച് പരാമര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ അറബിക് സര്‍വകലാശാലയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ പദ്ധതികളുടെ മൊത്തം അവലോകനം പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നും മന്ത്രിസഭ ചേരുന്നുണ്ട്. ഈ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
അറബിക് സര്‍വകലാശാല അനുവദിച്ചാല്‍ സാമുദായിക ധ്രുവീകരണമെന്ന ആരോപണം സര്‍ക്കാറിന് മേലുണ്ടാകുമെന്ന് ഭയന്നാണ് വിദേശ ഭാഷാ സര്‍വകലാശാലയാക്കി മാറ്റുന്നത്.കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് വര്‍ഗീയത സൃഷ്ടിക്കുമെന്ന് നേരത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുസ്‌ലിം സംഘടനകളുടെ സമ്മര്‍ദമായിരുന്നു കാരണം. നല്‍കിയ ഉറപ്പ് പാലിക്കാതിരുന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയാണ് സര്‍വകലാശാലക്കായി ലീഗ് വാദിച്ചത്. ഇതേ തുടര്‍ന്നാണ് പേര് മാറ്റിയാണെങ്കിലും സര്‍വകലാശാല ആരംഭിക്കാന്‍ തീരുമാനമായിട്ടുള്ളത്.