ജയരാജനെതിരെ യു എ പി എ: സമരം ഇടതു മുന്നണി ഏറ്റെടുക്കുന്നു

Posted on: February 18, 2016 5:45 am | Last updated: February 18, 2016 at 12:47 am
SHARE

കണ്ണൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു എ പി എ വകുപ്പ് ഉപയോഗിച്ച് കേസെടുത്തതിനെതിരെയുള്ള സമരം ഇടതു മുന്നണി ഏറ്റെടുക്കുന്നു.സി പി എമ്മിന്റെ നേതൃത്വത്തില്‍ മാത്രം സമരം നടത്തുന്നതിന് പകരം മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും യോജിപ്പിച്ച് പ്രതിഷേധ പരിപാടികളിലണിനിരത്താനാണ് തീരുമാനം. കരി നിയമങ്ങളുപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ കേസില്‍ക്കുടുക്കുന്ന ഭരണ കൂടത്തിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായിത്തന്നെ പ്രതിഷേധവും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താനാണ് ഇടതു മുന്നണി ആലോചിക്കുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം കണ്ണൂര്‍ ജില്ലയില്‍ പ്രതിഷേധ സമരങ്ങളും റാലികളും സംഘടിപ്പിക്കാന്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 20 മുതല്‍ 25 വരെ ആറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികളും യോഗങ്ങളും സംഘടിപ്പിക്കും. സി പി എം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍,എം വി ഗോവിന്ദന്‍ എന്നിവരാണ് എല്ലായിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കക്ഷി നേതാക്കളായ കടന്നപ്പള്ളി രാമചന്ദ്രന്‍, സത്യന്‍ മൊകേരി, ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരും ഐ എന്‍ എല്‍,സി എം പി നേതാക്കളും പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധ റാലികളില്‍ വന്‍തോതില്‍ ആളുകളെ പങ്കെടുപ്പിക്കാനും നിര്‍ദേശമുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ ഇക്കാര്യം പ്രധാന പ്രചരണ വിഷയമാക്കി മാറ്റാനും ഇടതു മുന്നണി തീരുമാനമെടുക്കും. അതേ സമയം പി ജയരാജനെ കസ്റ്റഡിയിയില്‍ വിട്ടുതരണമെന്ന സി ബി ഐ ഹരജി ആദ്യം പിന്‍വലിച്ചത് സി പി എം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ പറഞ്ഞു. ജയരാജനെ ചികിത്സിച്ച ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ആശുപത്രികളില്‍ പോയി ഭീഷണിപ്പെടുത്തി ജയരാജന് ഒരു അസുഖവുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നേടാന്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ പരിശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here