തിരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ച ചെയ്ത് കെ പി സി സി നേതൃയോഗം

Posted on: February 18, 2016 6:00 am | Last updated: February 18, 2016 at 12:45 am
SHARE

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ പി സി സി വിശാല എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ നേതാക്കള്‍ പാര്‍ട്ടിയുടെ നയം വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയ സാധ്യതയായിരിക്കും ഘടകമെന്നും മറ്റൊന്നും പരിഗണിക്കില്ലെന്നും വി എം സുധീരന്‍ യോഗത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും നല്ലതെന്ന മുന്നറിയിപ്പും നല്‍കി. സംസ്ഥാനത്ത് അനുകൂലമായ ഒരു സാഹചര്യമുണ്ടെന്നും ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ വന്‍ വിജയം നേടാനാകുമെന്നും നേതാക്കള്‍ പറഞ്ഞു. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും ജയ സാധ്യത പരിഗണിച്ചു മാത്രമേ നടത്താവൂവെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തില്‍ മുന്‍തൂക്കം.
സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമെതിരെ വ്യാപകമായി പ്രചാരണം നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടികളില്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തകരെ സജ്ജമാക്കണമെന്നും തീരുമാനിച്ചു. തിരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളെ നേരിട്ടു കണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യും. സംസ്ഥാന നേതാക്കള്‍ മണ്ഡലങ്ങളുടെ ചുമതലയേറ്റെടുത്തു പ്രവര്‍ത്തിക്കും. ജനങ്ങളുടെ വികാരം തിരിച്ചറിഞ്ഞു കെ പി സി സി റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശവും ഉയര്‍ന്നു. ഇന്നും യോഗം തുടരും. മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ പ്രത്യേക നേതാക്കളെ ചുമതലപ്പടുത്തും. ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ ദേശീയ നേതൃത്വം നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ രേഖ തയ്യാറാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. കെ പി സി സി പ്രസിഡന്റ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ശക്തമായ നേതൃത്വവും വ്യാപകമായ പ്രചാരണവും ഐക്യവുമുണ്ടെങ്കില്‍ തുടര്‍ ഭരണം സാധ്യമാകുമെന്ന വിലയിരുത്തലുമുണ്ടായി. വെള്ളാപ്പള്ളി നടേശന്‍, എസ് എന്‍ഡി പിയുടെ ബി ഡി ജെ എസ്, ബി ജെ പി തുടങ്ങിയവരുടെ സാനിധ്യവും വിലയിരുത്താനും തീരുമാനിച്ചു. വി എം സുധീരന്റെ നേതൃത്വത്തില്‍ നടന്ന കേരള രക്ഷാ യാത്രയുടെ വിജയവും ചര്‍ച്ച ചെയ്തു. കേരള രക്ഷാ യാത്രയില്‍ ലഭിച്ച വിവരങ്ങള്‍ സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് വ്യക്തമാക്കുന്നതാണെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here