എണ്ണ ഉത്പാദനം മരവിപ്പിക്കില്ല: ഇറാന്‍

Posted on: February 18, 2016 6:00 am | Last updated: February 18, 2016 at 12:31 am
SHARE
മഹ്ദി അസലി
മഹ്ദി അസലി

ടെഹ്‌റാന്‍: എണ്ണ ഉത്പാദനം മരവിപ്പിക്കാനുള്ള നിര്‍ദേശം ഇറാന്‍ തള്ളിക്കളഞ്ഞു. ഖത്വര്‍, സഊദി, റഷ്യ, വെനിസ്വേല എന്നീ നാല് എണ്ണ ഉത്പാദക രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അവരുടെ എണ്ണ ഉത്പാദനം മരവിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മറ്റു എണ്ണ ഉത്പാദക രാജ്യങ്ങളും ഇതേ നിലപാട് സ്വീകരിക്കണമെന്ന ഉപാധിയോടെയാണ് ഈ രാജ്യങ്ങള്‍ എണ്ണ ഉത്പാദനം മരവിപ്പിക്കല്‍ പദ്ധതിക്ക് മുന്നോട്ടുവന്നത്. ഈ നിര്‍ദേശം ഇറാന്‍ തള്ളിക്കളയുകയായിരുന്നു.
ആണവ പദ്ധതികളുടെ പേരില്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തില്‍ നിന്ന് രാജ്യം മുക്തമായിട്ടേയുള്ളൂവെന്നും ഉപരോധത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇറാന്‍ എണ്ണ തിരിച്ചെത്തുന്നവരെ ഉത്പാദനം മരവിപ്പിക്കില്ലെന്നും ഇറാന്റെ ഒപെക് പ്രതിനിധി മഹ്ദി അസലി വ്യക്തമാക്കി. ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ഇറാന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര എണ്ണ മാര്‍ക്കറ്റില്‍ വീപ്പയുടെ വിലയില്‍ വന്‍ ഇടിവാണ് 2014ന് ശേഷം ഉണ്ടായത്. എണ്ണ വിലയില്‍ 70 ശതമാനം വരെ ഇടിവ് സംഭവിച്ച് ബാരലിന് 30 ഡോളറിന് താഴെ വരെ എണ്ണ വിലയെത്തി. എന്നാല്‍ ഈ സാഹചര്യത്തിലും തങ്ങളുടെ എണ്ണ ഉത്പാദനം കുറക്കില്ലെന്നായിരുന്നു ഒപെക് ഉള്‍പ്പെടെയുള്ള എണ്ണ ഉത്പാദക രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ എണ്ണ വിലയില്‍ വീണ്ടും ഇടിവ് സംഭവിക്കാതിരിക്കാന്‍ ലക്ഷ്യമാക്കിയായിരുന്നു കഴിഞ്ഞ ദിവസം നാല് പ്രമുഖ രാജ്യങ്ങള്‍ തങ്ങളുടെ ഉത്പാദനം മരവിപ്പിക്കാന്‍ തയ്യാറായി രംഗത്തെത്തിയത്. ഇറാനെതിരെയുള്ള ഉപരോധം അവസാനിച്ചതോടെ അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇറാന്‍. ഇത് വീണ്ടും എണ്ണ വിലയില്‍ ഇടിവുണ്ടാക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് സഊദി ഉള്‍പ്പെടെയുള്ള വന്‍കിട എണ്ണ ഉത്പാദക രാജ്യങ്ങള്‍ മരവിപ്പിക്കല്‍ പദ്ധതിയുമായി മുന്നോട്ടുവരുന്നത്. ഈ നിലപാടിനോട് വിരുദ്ധമായി ഇറാന്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്.