ബി ജെ പി അനുകൂല നിലപാട്: ബസ്സിയുടെ നോട്ടം വിവരാവകാശ കമ്മീഷണര്‍ പദവി

Posted on: February 18, 2016 6:00 am | Last updated: February 18, 2016 at 12:24 am
വിശദീകരണം നല്‍കിയ ശേഷം ബസ്സി  പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തു വരുന്നു
വിശദീകരണം നല്‍കിയ ശേഷം ബസ്സി
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തു വരുന്നു

ന്യൂഡല്‍ഹി: കന്‍ഹയ്യയുടെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങളില്‍ ബി ജെ പി നേതൃത്വത്തിന്റെ ഇംഗിതമനുസരിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സി പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ സ്ഥാനമോഹമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ കമ്മീഷണറാകാന്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ബസ്സിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍.
കമ്മിറ്റി ഉടന്‍ യോഗം ചെയ്യാനാരിക്കെയാണ് അദ്ദേഹം ആര്‍ എസ് എസ് അനുകൂല നടപടികള്‍ കൈകൊള്ളുന്നത്. മൂന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ ഒഴിവാണ് നികത്താനുള്ളത്. ഈ മാസമവസാനം വിരമിക്കാനിരിക്കുന്ന ബസ്സി ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കി കാത്തിരിപ്പാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ സെപ്തംബറിലാണ് ബസ്സി അപേക്ഷ നല്‍കിയത്. കേന്ദ്ര ഭരണ കേഡറിലെ 1977 ഐ പി എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കഴിഞ്ഞ നവംബറില്‍ കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ചുരക്കപ്പട്ടികയില്‍ ബസ്സിയുടെ പേരുണ്ടായിരുന്നു. സി ഐ സിയില്‍ ആകെ പത്ത് കമ്മീഷണര്‍മാരാണ് വേണ്ടത്. മൂന്ന് പേരുടെ കസേര ഒഴിഞ്ഞു കിടക്കുന്നു. ഉദ്യോഗസ്ഥകാര്യ, പരിശീലന വകുപ്പ് മുന്‍ സെക്രട്ടറി ശ്യാമള്‍ കെ സര്‍ക്കാര്‍, ചെറുകിട വ്യവസായ സെക്രട്ടറി അനൂപ് കെ പൂജാരി, മുന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി ബിമല്‍ ജുല്‍ക എന്നിവരാണ് ബസ്സിയെക്കൂടാതെ ചുരുക്കപ്പട്ടികയില്‍ ഉള്ളത്.ഡിസംബറില്‍ മുന്‍ പ്രതിരോധ സെക്രട്ടറി ആര്‍ കെ മാത്തൂറിനെ സി ഐ സി മേധാവിയായി നിയമിച്ചിരുന്നു. 2018 നവംബര്‍ 25വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.