Connect with us

Editorial

എല്ലാം എഴുതിത്തള്ളുന്നോ?

Published

|

Last Updated

അഞ്ഞൂറ് കോടിയിലേറെ വായ്പാ കുടിശ്ശികയുള്ള വന്‍കിട സ്ഥാപനങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ റിസര്‍വ് ബേങ്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. പൊതുമേഖലാ ബേങ്കുകള്‍ വന്‍കിടക്കാരുടെ കിട്ടാക്കടങ്ങള്‍ വന്‍തോതില്‍ എഴുതിത്തള്ളുന്നതായുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നും ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയുടെ അടിസ്ഥാനത്തിലുമാണ് കോടതി നടപടി. വായ്പ തിരിച്ചടക്കാത്തവരില്‍ നിന്ന് അത് പിടിച്ചെടുക്കാന്‍ ബേങ്കുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തില്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ യു യു ലളിത്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി.
ആരുടെയും കണ്ണ് തള്ളിപ്പോകുന്നതാണ് പൊതുമേഖലാ ബേങ്കുകള്‍ എഴുതി തള്ളിയ കിട്ടാകടത്തിന്റെ കണക്കുകള്‍. 1,14,000 കോടി രൂപയാണ് 2013നും 2015നുമിടയിലെ രണ്ട് വര്‍ഷത്തിനിടയില്‍ മാത്രം 29 പൊതുമേഖലാ ബേങ്കുകള്‍ എഴുതിത്തള്ളിയത്. കഴിഞ്ഞ ധനകാര്യവര്‍ഷം മാത്രം 52,542 കോടി എഴുതിത്തള്ളി. കേരള സര്‍ക്കാറിന്റെ 2015-16ലെ ബജറ്റ് ചെലവിനേക്കാള്‍ കൂടിയ തുക വരുമിത്. 2012-13ല്‍ 27,231 രൂപ എഴുതിത്തള്ളിയിരുന്നു. 2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 15,551 കോടി രൂപയായിരുന്ന കിട്ടാക്കടം 2015 മാര്‍ച്ച് അവസാനമായപ്പോഴേക്കും മൂന്നിരട്ടിയിലേറെ കുതിച്ചുയര്‍ന്ന് 52,542 കോടിയിലെത്തിയതായും വിവരാവകാശ നിയമപ്രകാരം ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു റിസര്‍വ് ബേങ്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. .കിംഗ് ഫിഷര്‍, റിലയന്‍സ്, വീഡിയോ കോണ്‍, എസ്സാര്‍ പോലുള്ള വന്‍കിട കമ്പനികളുടേതാണ് ഉപേക്ഷിച്ച കടങ്ങളില്‍ ഗണ്യമായ വിഹിതവും. ഇവരെ അപേക്ഷിച്ചു മധ്യവര്‍ഗക്കാരും പാവങ്ങളും എടുത്ത വായ്പകള്‍ തുലോം കുറവാണ്. ബേങ്കുകളുടെ മൊത്തം കിട്ടാക്കടം ആറ് ലക്ഷം കോടിയിലധികമാണെന്നും ഇതില്‍ 54 ശതമാനവും കോര്‍പറേറ്റുകളുടേതാണെന്നും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ വി തോമസ് ഇതിനിടെ വെളിപ്പെടുത്തിയിരുന്നു. 2014 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് രണ്ടര ലക്ഷം കോടിയായിരുന്നു കിട്ടാക്കടമെന്നും ഒറ്റ വര്‍ഷം കൊണ്ടാണ് ഇത് ആറ് ലക്ഷം കോടിയായി കുതിച്ചുയര്‍ന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
വായ്പകള്‍ എഴുതിത്തള്ളുന്നതിന് പുറമെ കോര്‍പറേറ്റുകള്‍ക്ക് വന്‍ തോതില്‍ നികുതി ഇളവും നല്‍കുന്നുണ്ട് സര്‍ക്കാര്‍. 2014-15ല്‍ അവര്‍ക്ക് നല്‍കിയ നികുതിയിളവ് 5.89 ലക്ഷം കോടി രൂപയും 2013-14 വര്‍ഷത്തേത് 5.73 ലക്ഷവുമാണ്. ജി ഡി പി യുടെ 5. 7 ശതമാനം. രത്തന്‍ ടാറ്റ ട്രസ്റ്റിനും ജാംഷെഡ്ജി ടാറ്റ ട്രസ്റ്റിനും ആദായനികുതിവകുപ്പ് അനര്‍ഹമായി 1066. 95 കോടി രൂപയുടെ നികുതിയിളവ് നല്‍കിയതായി 2013ല്‍ പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോര്‍പറേറ്റുകള്‍ നിയമപരമായി നല്‍കേണ്ട നികുതി ഒടുക്കിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക കമ്മി പരിഹരിക്കാനും സാമൂഹികക്ഷേമ മേഖലകളില്‍ മതിയായ തോതില്‍ പണം ചെലവിടാനും കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ലോണ്‍ തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ നിയമ നടപടികളും മാനഹാനിയും ഭയന്ന് വര്‍ഷം തോറം നൂറുകണക്കിന് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന നാടാണ് ഇന്ത്യ. കേവലം അയ്യായിരം രൂപ തിരിച്ചടക്കാത്തതിന് ജപ്തി ഭീഷണി നേരിടുന്ന ആയിരക്കണക്കിന് കര്‍ഷകരും സാധാരണക്കാരുമുണ്ട്. ഇവരോടൊന്നും അല്‍പം പോലും വിട്ടുവീഴ്ചയോ ദയയോ കാണിക്കാത്തവരാണ് സഹസ്ര കോടികളുടെ ആസ്തികളുള്ള കോര്‍പറേറ്റുകളുടെയും അതിസമ്പന്നരുടെയും കടങ്ങള്‍ എഴുതിത്തള്ളുന്നതെന്നാണ് വിരോധാഭാസം. വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച കാണിക്കുന്ന കമ്പനികള്‍ക്ക് തന്നെയാണ് ബേങ്കുകള്‍ വീണ്ടും വായ്പ അനുവദിക്കുന്നതെന്ന് ഇതു സംബന്ധിച്ചു അന്വേഷണം നടത്തിയ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയതാണ്.
കോര്‍പറേറ്റുകളും ഭരണതലത്തിലെ ഉന്നതരും തമ്മിലുള്ള അവിഹിത ബന്ധങ്ങളും ഇടപാടുകളും പരസ്യമായ രഹസ്യമാണ്. പാര്‍ട്ടി ഫണ്ടുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കാര്യമായും ആശ്രയിക്കുന്നത് കോര്‍പറേറ്റുകളെയും അതിസമ്പന്നരെയുമാണ്. അതിനുള്ള പ്രത്യുപകാരമാണ് വായ്പ എഴുതിത്തള്ളലും നികുതിയിളവുകളും. ഇതിന്റെ ഭാരം പേറുന്നതാകട്ടെ രാജ്യത്തെ സാധാരണക്കാരും പട്ടിണിപ്പാവങ്ങളും. കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ പൊതുമേഖലാ ബേങ്കുകള്‍ക്ക് അതിനനുസൃതമായ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മൂലധനമായി നല്‍കേണ്ടതുണ്ട്. നിലവിലുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ ബേങ്കുകള്‍ക്ക് നല്‍കേണ്ട മൂലധനം 1. 8 ലക്ഷം കോടിയാണ്. ഇതില്‍ 70,000 കോടി അടുത്ത നാല് വര്‍ഷം കൊണ്ട് നല്‍കാമെന്നു സര്‍ക്കാര്‍ ഏറ്റിട്ടുണ്ട്. അവശേഷിക്കുന്നത് ഓഹരി വിറ്റോ ദീര്‍ഘകാല കടപ്പത്രം ഇറക്കിയോ ആണ് സമാഹരിക്കേണ്ടത്.
പ്രശ്‌നത്തില്‍ കോടതിയുടെ ഇടപെടല്‍ ആശാവഹമാണ്. രാജ്യത്തെ സാധാരണക്കാരായ പൗരന്മാര്‍ വിയര്‍പ്പൊഴുക്കി നല്‍കുന്ന നികുതിപ്പണം കൊണ്ട് സര്‍ക്കാര്‍ കോര്‍പറേുകളെ സഹായിക്കുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കേണ്ടതുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വന്‍തോതില്‍ തുക വായ്പ നല്‍കുകയും പിന്നീട് അത് എഴുതിത്തള്ളുകയും ചെയ്യുന്നത് 45 ലക്ഷത്തോളം പട്ടിണിപ്പാവങ്ങളുള്ള രാജ്യത്ത് അനുവദിച്ചു കൂടാത്തതാണ്. ഇതിനെതിരെ നിയമപീഠം കര്‍ശന നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.

Latest