ഐസിഎഫ് നേതാവ് പുലാക്കല്‍ മുസ്തഫ അന്തരിച്ചു

Posted on: February 17, 2016 8:39 pm | Last updated: February 17, 2016 at 8:39 pm
SHARE

ICFജിദ്ദ: ഐ. സി.എഫ് അല്‍ ഹസ്സ സെന്‍ട്രല്‍ സെക്രട്ടറിമാരിലൊരാളും ഒറ്റപ്പാലംതൃക്കടീരി ആറ്റാശ്ശേരി സ്വദേശിയുമായ പുലാക്കല്‍ മുസ്തഫ (38) ഇന്നലെ അല്‍ ഹസ്സയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. തലേ ദിവസം സാധാരണ പോലെ ഉറങ്ങിയതായിരുന്നു. രാവിലെ പത്ത് മണിക്കും പുറത്ത് കാണാത്തതിനാലാണ് സഹോദരങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി സൗദിയിലാണ്. സഹോദരങ്ങളായ അബ്ദുറഹ്മാന്‍ ഫൈസി, ഹംസ സഖാഫി, അബ്ദുല്‍ അസീസ്, ശാഹുല്‍ ഹമീദ് എന്നിവരും അല്‍ഹസയില്‍ ഉണ്ട്. അബ്ദുല്‍ റഹ്മാന്‍ ഫൈസി ഇപ്പോള്‍ അവധിയില്‍ നാട്ടിലായതിനാല്‍ തനിച്ചായിരുന്നു താമസം. മൂത്ത സഹോദരന്‍ മൊയ്തു നേരത്തെ പ്രവാസം മതിയാക്കി നാട്ടിലാണ്. ആര്‍.എസ്.സി അല്‍ ഹസ്സ സോണ്‍ ട്രഷറര്‍, പാലക്കാട് ജില്ലാ എസ്.എസ്.എഫ് ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ പാലക്കാട് ജില്ല എസ്.വൈ.എസ് സാന്ത്വനം കമ്മിറ്റിയുടെ സൗദി നാഷനല്‍ സെക്രട്ടറിയും കൂടി ആയിരുന്നു. മുഹമ്മദ് റസീന്‍ (7) , മുഹമ്മദ് അസീന്‍ (5) എന്നിവര്‍ മക്കളാണ്. റഹീമയാണ് ഭാര്യ. ഉമ്മ നഫീസ. പിതാവ് മുഹമ്മദ് കുട്ടി നേരത്തെ മരണപ്പെട്ടിട്ടുണ്ട്. ജനാസ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ്. രേഖകള്‍ ശരിയാക്കുന്നതിന് ഐ.സി.എഫ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു. ഉംറ യാത്രികരുടെ ബസ് അപകടത്തില്‍ പെട്ട് ദമ്മാമില്‍ മരണപ്പെട്ട മര്‍ഹൂം കബീര്‍ സഖാഫി ചെമ്പുലങ്ങാടിന്റെ ജനാസ അയക്കുന്നതുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ് മുസ്തഫ.