ഹെല്‍ത്ത് സെന്ററുകളിലെ പുതിയ ചികിത്സാ സംവിധാനം പുനഃപരിശോധിക്കുന്നു

Posted on: February 17, 2016 8:32 pm | Last updated: February 17, 2016 at 8:32 pm
SHARE

PRIMARY HEALTH CORPORATIONദോഹ: ഹെല്‍ത്ത് സെന്ററുകളില്‍ ഈയടുത്ത് ഏര്‍പ്പെടുത്തിയ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആദ്യം പരിശോധിക്കുന്ന സംവിധാനത്തെ സംബന്ധിച്ച് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി എച്ച് സി സി) പുനരാലോചന നടത്തുന്നു. പരിശോധിക്കാതെ ഒരു രോഗിയെയും പറഞ്ഞയക്കില്ലെന്ന് പി എച്ച് സി സി വൃത്തങ്ങള്‍ വ്യക്തമാക്കി.
രോഗാവസ്ഥ അടിസ്ഥാനമാക്കി ചികിത്സക്കെത്തിയവരെ തരംതിരിക്കുന്ന സംവിധാനമാണിത്. താരതമ്യേന ചെറിയ രോഗമുള്ളവര്‍ക്ക് ഇതിനാല്‍ പരിശോധന വൈകുകയും ചിലപ്പോള്‍ ലഭിക്കാതെയും വരുന്നു. അപ്പോയിന്‍മെന്റുമായി എത്തുന്ന രോഗികളില്‍ അടിയന്തരപ്രാധാന്യമുള്ളവക്കാണ് മുന്‍ഗണന നല്‍കുക. ഹെല്‍ത്ത് സെന്ററുകളിലെ ഈ സംവിധാനത്തില്‍ മാറ്റം വരുത്തി രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും തൃപ്തികരമാകുന്ന രീതിയില്‍ ആക്കുമെന്ന് പി എച്ച് സി സി വ്യക്തമാക്കി. ഈ സംവിധാനത്തെ കുറിച്ച് ചില വിമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പി എച്ച് സി സി ഓപറേഷന്‍ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡോ. സമിയ അല്‍ അബ്ദുല്ല പറഞ്ഞു. സന്ദര്‍ശകരുമായി ആശയവിനിമയം നടത്തുകയും രോഗാവസ്ഥ ചോദിച്ചറിയുകയും ചെയ്യുന്ന ഒരു സംഘമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഈ സംവിധാനത്തിന്റെ പ്രകൃതം അറിയാതെയാണഅ പല വിമര്‍ശങ്ങളും ഉയരുന്നത്. ചില വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യപ്പെടാനാണ് ചിലര്‍ ഹെല്‍ത്ത് സെന്ററുകളെ സമീപിക്കുന്നത്. കോസ്മറ്റിക് പോലെയുള്ള ചില ശസ്ത്രക്രിയകള്‍ക്കും അടിയന്തരപ്രാധാന്യമില്ലാത്ത ചികിത്സക്കും മെഡിക്കല്‍ ലീവിനും വേണ്ടി സമീപിക്കുന്നവരുണ്ട്. ഉം സലാല്‍, അല്‍ മുന്‍തസ സെന്ററുകളില്‍ ഒഴികെ മറ്റ് എല്ലായിടത്തും ഈ സംവിധാനം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. പുതിയ കെട്ടിടങ്ങള്‍ ലഭ്യമാകുന്നതോടെ ഉം സലാലിലും അല്‍ മുന്‍തസയിലും ഈ സംവിധാനം ഏര്‍പ്പെടുത്തും. ചെറിയ സെന്ററുകളായ അല്‍ ക്രാന, അല്‍ ജുമൈലിയ, അല്‍ ഗുവൈരിയ എന്നിവിടങ്ങളിലും ഈ സംവിധാനമില്ല.
മൂന്ന് വിഭാഗങ്ങളിലായാണ് രോഗികളെ തരംതിരിക്കുക. സെന്ററുകളില്‍ ചികിത്സിക്കാനാകാത്ത അടിയന്തര കേസുകള്‍ക്കാണ് പ്രഥമ പരിഗണന. ഇത്തരം കേസുകള്‍ പെട്ടെന്ന് പരിശോധന നടത്തി ആംബുലന്‍സ് വരുന്നത് വരെ രോഗിയെ പരിചരിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുന്നു. ഹെല്‍ത്ത് സെന്ററുകളില്‍ ചികിത്സിക്കാനാകുന്ന അടിയന്തര പ്രാധാന്യമുള്ളവക്കാണ് പിന്നത്തെ പരിഗണന. മൂന്നാം വിഭാഗത്തില്‍ പെടുന്ന അടിയന്തര രോഗമല്ലാത്തവക്ക് ആ ദിവസം തന്നെ അപ്പോയിന്‍മെന്റ് നല്‍കുന്നു. വയോധികരും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളും ശാരീരിക വെല്ലുവിളി നേരിടുന്നവരും ഈ തരംതിരിക്കലിന് പുറത്താണ്. അവര്‍ക്ക് ഉടനടി പരിശോധന ലഭ്യമാകും.