Connect with us

Gulf

വിമാനം ലഭിക്കാന്‍ കാലതാമസം: ഖത്വര്‍ എയര്‍വേയ്‌സ് നഷ്ടപരിഹാരം തേടും

Published

|

Last Updated

ദോഹ: എയര്‍ ബസ് ഗ്രൂപ്പ് എസ് ഇ എ320 നിയോ വിമാനം ഇതുവരെ ലഭിക്കാത്തതിനാല്‍ ഖത്വര്‍ എയര്‍വേയ്‌സ് നഷ്ടപരിഹാരം തേടും. സിംഗപ്പൂര്‍ എയര്‍ഷോയുമായി ബന്ധപ്പെട്ട് ബ്ലൂംബര്‍ഗ് ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ടര്‍ബോഫാന്‍ ഘടിപ്പിച്ച എന്‍ജിനുകള്‍ നല്‍കുന്നതില്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കമ്പനി കാണിക്കുന്ന കാലതാമസമാണ് യഥാര്‍ഥ കാരണം. അതിനാല്‍ ഇത് എയര്‍ബസിന്റെ കുഴപ്പമല്ലെന്നും അല്‍ ബാകിര്‍ പറഞ്ഞു. എന്‍ജിന്റെ കാര്യക്ഷമതയും മറ്റും തെളിയിക്കപ്പെടാതെ അവര്‍ അവ സ്വീകരിക്കില്ല. അതേസമയം എയര്‍ബസ് ആണ് ഇക്കാര്യം പരിഹരിക്കേണ്ടത്. വിമാനം ലഭിക്കാത്തതില്‍ ഖത്വര്‍ എയര്‍വേയ്‌സ് നഷ്ടപരിഹാരം തേടുന്നതില്‍ കുഴപ്പമില്ലെന്ന് എയര്‍ബസ് സി ഇ ഒ ഫാബ്രിസ് ബ്രജീര്‍ പറഞ്ഞു.
എ320 നിയോയുടെ ആദ്യ ഉപഭോക്താവ് ഖത്വര്‍ എയര്‍വേയ്‌സ് ആയിരുന്നു. എന്‍ജിന്‍ കുഴപ്പമാണെന്ന് ചൂണ്ടിക്കാട്ടി വിമാനം വാങ്ങിയില്ല. വിമാനം ലഭിക്കാത്തതിനാല്‍ കമ്പനിക്ക് വലിയ സാമ്പത്തിക പ്രശ്‌നം ഉണ്ടാക്കിയെന്ന് അല്‍ ബാകിര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2010 മുതല്‍ ഇടപാട് തുടങ്ങിയ എ320 നിയോക്ക് 80 കമ്പനികള്‍ മൊത്തം 4500 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. അതേസമയം, എന്‍ജിന്‍ തകരാര്‍ കാരണം സര്‍വീസ് നടത്താനായില്ല. തുടര്‍ന്ന് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ എന്‍ജിന്‍ ഉപേക്ഷിക്കുകയും സി എഫ് എം ഇന്റര്‍നാഷനലിന്റെ എന്‍ജിന്‍ സ്വീകരിക്കുകയും ചെയ്തു. വലുതും സൗകര്യവുമുള്ള അത്യാധുനിക വിമാനങ്ങള്‍ക്ക് വേണ്ടിയാണ് ഖത്വര്‍ എയര്‍വേയ്‌സ് ശ്രമിക്കുന്നത്. റോയല്‍ എയര്‍ മൊറോക്കോയുമായി ഖത്വര്‍ എയര്‍വേയ്‌സ് പങ്കാളിത്തത്തിന് ശ്രമിക്കുന്നുണ്ട്. ഈ മാസമാദ്യം ഇറ്റലിയുടെ മെരിഡിയാന സ്പായുമായി പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിരുന്നു.

Latest