ദോഹയില്‍ നിന്നും ജനങ്ങള്‍ ഉപനഗരങ്ങളിലേക്കു ചേക്കേറുന്നു

Posted on: February 17, 2016 8:03 pm | Last updated: February 20, 2016 at 3:24 pm
SHARE

ദോഹ: ഗതാഗതക്കുരുക്കും തിരക്കും ഇടുക്കം സൃഷ്ടിക്കുമ്പോള്‍ രാജ്യത്തു വസിക്കുന്നവര്‍ സ്വസ്ഥവാസം തേടി ഉപനഗരങ്ങളിലേക്കു ചേക്കേറുന്നു. ആസ്പയര്‍ സോണ്‍, ബര്‍വ വില്ലേജ്, വുകൈര്‍ തുടങ്ങിയ ഉപനഗരങ്ങളിലേക്ക് താമാസം മാറ്റുന്നവര്‍ വര്‍ധിച്ചു വിരികയാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കനുസരിച്ച് ദോഹയില്‍ നിന്ന് നിരവധി പേര്‍ സബര്‍ബന്‍ പ്രദേശങ്ങളേക്ക് നീങ്ങി.
അല്‍വാബ്, അല്‍ സയ്‌ലിയ്യ, ഫിരീജ് അല്‍ സൗദന്‍ തുടങ്ങിയ കമ്യൂണിറ്റി പ്രദേശങ്ങളിലെ ജനവാസം ഇരട്ടിയായിട്ടുണ്ട്. സല്‍വ റോഡിന്റെ വടക്കു ഭാഗത്തും ആസ്പയര്‍ സോണിന്റെ തെക്കു പടിഞ്ഞാറാന്‍ ഭാഗത്തുമായാണ് കൂടുതല്‍ ജനവാസമുണ്ടായത്. സോണ്‍ 55 എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശത്താണ് കൂടുതല്‍ താമസക്കാര്‍ ചേക്കേറിത്. ഇവിടെ 145,100 താമസക്കാരാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സോണ്‍ 91നാണ് രണ്ടാംസ്ഥാനം. ബര്‍വ വില്ലേജ്, വുകൈര്‍ പ്രദേസങ്ങള്‍ ഉള്‍കൊള്ളുന്ന ഈ പ്രദേശം വക്‌റ വെസ്റ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ അഞ്ചു വര്‍ഷത്തിനിടെ പാര്‍പ്പിട ഉപഭോക്താക്കള്‍ 22,000ല്‍ നിന്ന് 165,000 ആയാണ് ഉയര്‍ന്നത്. അഥവാ 635 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഖത്വറിലെ അതിവേഗം വളരുന്ന പ്രദേശമെന്ന വിലയിരുത്തലും ഈ മേഖലക്കുണ്ട്.
ഡവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ സെന്‍സസ് റിപ്പോര്‍ട്ടാണ് പാര്‍പ്പിടങ്ങളുടെ സ്ഥിതിവിവരം അറിയിക്കുന്നത്. രാജ്യത്തെ ജനസംഖ്യ ഉയരുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ദോഹ നഗരത്തിനു പുറത്തുള്ള ജന വാസത്തെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇതു മുന്നില്‍ കണ്ടു കൊണ്ട് നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഫലം കാണുന്നതിന്റെ സൂചനകൂടിയാണ് വിവരങ്ങള്‍. പാര്‍പ്പിട പ്രദേശങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, വിനദോ, ഉല്ലാസ സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കുന്നു. അല്‍ ഖോര്‍ പ്രദേശത്ത് ഇത്തരം കൂടുതല്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ തയാറാക്കി വരികയാണ്.
അതേസമയം, സോണ്‍ 57 എന്നപേരില്‍ അറിയപ്പെടുന്ന ഇന്‍ഡസ്ട്രിയില്‍ ഏരിയയാണ് രാജ്യത്തെ മൂന്നാമത്തെ ജനവാസ പ്രദേശം. ഇവിടെ മുന്‍കാലങ്ങളിലേതിക്കാള്‍ താമക്കാരുടെ എണ്ണം കൂടി വരികയാണ്. രാജ്യത്ത് തൊഴിലു തേടി വരുന്ന ബ്ലൂ കോളര്‍ ജോലിക്കാര്‍ വര്‍ധിക്കുന്നതാണ് ഇന്‍സ്ട്രിയല്‍ പ്രദേശത്തെ ലേബര്‍ ക്യാംപുകളില്‍ ജനവാസം വര്‍ധിക്കാന്‍ കാരണമാകുന്നത്. ലോകകപ്പ് ഫുട്‌ബോളിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കൊണ്ടാണ് രാജ്യത്ത് തൊഴിലാളികളുടെ പെരുപ്പമുണ്ടായത്. റിയല്‍ എസ്‌റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലാണ് കൂടുതല്‍ ജോലിക്കാരും പ്രവര്‍ത്തിക്കുന്നത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ജനസംഖ്യ 103,300ലധികമായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ കണക്കുകളേക്കാള്‍ 40 ശതമാനമാണ് ഇവിടെ വര്‍ധന. ഇതില്‍ 95 ശതമാനം ജോലിക്കാരും പുരുഷന്‍മാരാണെന്ന പ്രത്യേകതയുമുണ്ട്. കൂടുതല്‍ ലേബര്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന റയ്യാന്‍ വെസ്റ്റിലെ ദുഖാന്‍ റോഡ് ഭാഗത്തെ അല്‍ ശഹാനിയ്യ പ്രദേശത്താണ് കൂടുതല്‍ പുരുഷ തൊഴിലാളികള്‍ വസിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ 103,116 പേര്‍ വര്‍ധിച്ചു. ബ്ലൂ കോളര്‍ വര്‍ക്കേഴ്‌സാണ് ഭൂരിഭാഗവും എന്നതിനാല്‍ പുരുഷന്‍മാര്‍ മാത്രം വസിക്കുന്ന പ്രദേശമാണ് ഇവിടെ കൂടുതല്‍.
അതിനിടെ രാജ്യത്ത് വാസസാന്നിധ്യം കുറയുന്ന സ്ഥലങ്ങളുമുണ്ട്. സോണ്‍ നാലില്‍ മുശൈരിബില്‍ ജനസംഖ്യ 30 ശതമാനത്തോളം കുറഞ്ഞു. ഡൗണ്‍ ടൗണ്‍ ദോഹ വികസന പദ്ധതി നടക്കുന്ന പ്രദേശമാണിത്. ഇവിടെ 2014ല്‍ ഏറെപ്പേരെ കുടിയൊഴിപ്പിച്ചിരുന്നു. ഇതാണ് ജനസംഖ്യ കുറയാന്‍ കാരണം. രാജ്യത്ത് ഏറ്റവും ജനവാസം കുറയുന്ന സ്ഥലം സോണ്‍ 75 അഥവാ റാസ് ലഫ്ഫാന്‍ നോര്‍ത്ത് ഈസ്റ്റ് പ്രദേശമാണ്. ഇവിടെ അഞ്ചു വര്‍ഷത്തിനിടെ ജനസാന്നിധ്യം നാലിലൊന്നായി ചുരുങ്ങി. അതേസമയം ഇവിടെ തൊഴില്‍ സാന്നിധ്യം തുടരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.