വിദ്യാഭ്യാസച്ചെലവ് കൂടി വരുമ്പോള്‍

Posted on: February 17, 2016 4:06 pm | Last updated: February 17, 2016 at 4:06 pm

back to schoolഗള്‍ഫ് നാടുകളില്‍ വിദ്യാഭ്യാസച്ചെലവ് കൂടിക്കൂടി വരികയാണ്. വിദ്യാലയങ്ങള്‍ ഓരോ വര്‍ഷവും ഫീസ് വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ഥികളുടെ പഠന സാമഗ്രികളുടെ വിലയും കുത്തനെ. അടുത്ത അധ്യയന വര്‍ഷം ദുബൈയില്‍ ഫീസിനത്തില്‍ ചുരുങ്ങിയത് 3.21 ശതമാനം വര്‍ധനവുണ്ടാകും. മറ്റു പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. എണ്ണ വിലയിടിവിനെത്തുടര്‍ന്ന് ഗള്‍ഫിലെങ്ങും സാമ്പത്തിക മാന്ദ്യം അലയടിക്കുമ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രക്ഷിതാക്കളെ പിഴിയുന്നത്.
ഗള്‍ഫില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍, നല്ലൊരു ശതമാനം, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കുന്നു. സാമ്പത്തിക ശേഷിയുള്ളവര്‍, ഏറെ സൗകര്യങ്ങളുള്ള വിദ്യാലയം തേടിപ്പോകുന്നു. അവിടങ്ങളില്‍ വന്‍തോതില്‍ ഫീസ് വാങ്ങുന്നത് മനസില്ലാക്കാം. എന്നാലും കൊള്ളലാഭം ഈടാക്കുന്നത് ശരിയല്ല.
ഇന്നത്തെ നിലയില്‍, ബുദ്ധിശക്തിയുള്ള വിദ്യാര്‍ഥി, ശരാശരി നിലവാരത്തിലുള്ള വിദ്യാലയത്തിലായാലും മുന്നോട്ടു പോകും. പഠന വൈകല്യമുള്ള വിദ്യാര്‍ഥികളാണെങ്കില്‍, എത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണെങ്കിലും കാര്യമില്ല.
എന്നാല്‍, സമൂഹത്തില്‍ വേരോടിയ ചില മിഥ്യാധാരണകളില്‍ നിന്നാണ്, ഉയര്‍ന്ന ഫീസ് വാങ്ങുന്ന വിദ്യാലയങ്ങള്‍ തേടി രക്ഷിതാക്കള്‍ പോകുന്നത്. പാഠ്യപദ്ധതിയുടെ കാര്യത്തിലും ഇതേ അജ്ഞതകളുണ്ട്. ലോകത്തെ മികച്ച പാഠ്യപദ്ധതികളിലൊന്നാണ് കേരളത്തിന്റേത്. അനുഭവ സമ്പത്തുള്ള പണ്ഡിതരാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്. ഗള്‍ഫില്‍ പക്ഷേ, മലയാളികള്‍ക്കിടയില്‍ തന്നെ കേരള പാഠ്യപദ്ധതികള്‍ക്ക് സ്വീകാര്യതയില്ല. അതുകൊണ്ടാണ് അത്തരം വിദ്യാലയങ്ങള്‍ അധികം ഉയര്‍ന്നുവരാത്തത്.
സി ബി എസ് ഇ പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളാണ് ഏറെയും. പക്ഷേ, ഇന്ത്യക്കാരുടെ ബാഹുല്യത്തിനനുസരിച്ച് വിദ്യാലയങ്ങളില്ല. എല്‍ കെ ജിക്ക് സീറ്റ് കിട്ടാത്ത എത്രയോ ഹതഭാഗ്യരുണ്ട്. അവര്‍, ഉയര്‍ന്ന ഫീസ് ഈടാക്കുന്ന വിദ്യാലയങ്ങളില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്നു.
പല രക്ഷിതാക്കളും മുണ്ടു മുറുക്കിയുടുത്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. മൂന്ന് കുട്ടികളുണ്ടെങ്കില്‍ പ്രതിവര്‍ഷം ശരാശരി 60,000 ദിര്‍ഹം വേണ്ടി വരുന്നു. അവര്‍ക്ക്, ഫീസ് വര്‍ധന വലിയ ഭാരമാണ്. ഒരാള്‍ക്ക് 1000 ദിര്‍ഹമോളം കൂടുതലായി നല്‍കേണ്ടി വരും.
ദുബൈയില്‍ 61 ശതമാനം വിദ്യാര്‍ഥികളും പ്രതിവര്‍ഷം ശരാശരി 10,000 ദിര്‍ഹം വീതം ഫീസ് നല്‍കുന്നവരാണ്. മികച്ച വിദ്യാലയങ്ങളെന്ന് സ്വയം വിശ്വസിക്കുന്നവയുടെ ഫീസ് കേട്ടാല്‍ കണ്ണ് തള്ളും. ഒരു കുട്ടിക്ക് ലക്ഷം ദിര്‍ഹം വരെ ഈടാക്കുന്നു.
വന്‍തോതില്‍ ഫീസ് ഈടാക്കുന്ന വിദ്യാലയങ്ങളിലെ പഠന സൗകര്യം അത്രക്ക് മെച്ചമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം. പിന്നെ എന്തിന് രക്ഷിതാക്കള്‍ തല വെച്ചുകൊടുക്കുന്നു? സാമൂഹിക ദുരഭിമാന (സോഷ്യല്‍ സ്റ്റാറ്റസ്)ത്തിനല്ലാതെ മറ്റെന്തിന്?
കെ എം എ