ഇത്തിഹാദിന്റെ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Posted on: February 17, 2016 4:04 pm | Last updated: February 17, 2016 at 4:04 pm

etihadഅബുദാബി: യു എ ഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 63 ശതമാനത്തിന്റെ വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.
കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 33 ലക്ഷം യാത്രക്കാരാണ് ഇത്തിഹാദില്‍ യാത്ര ചെയ്തത്. ഇന്ത്യയിലെ 15 നഗരങ്ങളിലേക്ക് 250 സര്‍വീസുകള്‍ ഇത്തിഹാദും സഹ കമ്പനിയായ ജെറ്റ് എയര്‍വേസും സര്‍വീസ് നടത്തി. ഇത്തിഹാദ് മാത്രം 11 നഗരങ്ങളിലേക്ക് 175 സര്‍വീസ് നിലവില്‍ നടത്തുന്നുണ്ട്. കൂടാതെ കാര്‍ഗോ മേഖലയില്‍ നാലു നഗരങ്ങളിലേക്ക് 14 സര്‍വീസുകളിലായി 1,20,000 ടണ്‍ സാധനങ്ങളാണ് കയറ്റിറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയുടെ ഒമ്പത് ശതമാനം വരുമിത്. ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസുമായി ഇത്തിഹാദുണ്ടാക്കിയ സഹകരണം ഇന്ത്യയും യു എ ഇയും തമ്മില്‍ വ്യോമയാന രംഗത്ത് ബന്ധം കൂടുതല്‍ വളര്‍ന്നു.
കൂടാതെ സാമ്പത്തിക-വ്യാപാര മേഖലയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കി. വ്യാപാര, പ്രതിരോധ, ഉല്‍പാദന രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 60 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. തന്ത്രപരമായ ബന്ധം വര്‍ധിപ്പിക്കാനും വിവിധ മേഖലകളില്‍ പുതിയ ഉടമ്പടിയുണ്ടാക്കുവാനും സാമ്പത്തിക-വ്യാപാര ബന്ധം ശക്തമാക്കാനും ഇത്തിഹാദ് അധികൃതര്‍ മുംബൈ-ഡല്‍ഹി സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച രണ്ട് രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിച്ചതായി ഇത്തിഹാദ് അധികൃതര്‍ വ്യക്തമാക്കി.
2004ല്‍ അബുദാബിയില്‍ നിന്നും മുംബൈയിലേക്ക് ആദ്യ സര്‍വീസ് നടത്തിയാണ് ഇത്തിഹാദ് ഇന്ത്യന്‍ സര്‍വീസിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെ യു എ ഇ ബിസിനസ് കൗണ്‍സില്‍ അംഗമാകുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് സി ഇ ഒ ജെയിംസ് ഹോഗന്‍ വ്യക്തമാക്കി.
ഇത്തിഹാദ്-ജെറ്റ് എയര്‍വേസ് എന്നിവ ഇന്ത്യയില്‍ നിന്നും അബുദാബിയിലേക്കും തിരിച്ചും ഓരോ ആഴ്ചയിലും 44,000 സീറ്റുകളിലായാണ് സര്‍വീസ് നടത്തുന്നത്. മെയ് മുതല്‍ ഇത്തിഹാദ്, എയര്‍ബസ് എ 380 വിമാനം മുംബൈയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഹോഗന്‍ പറഞ്ഞു.
നിലവില്‍ അബുദാബിയില്‍ നിന്നും ഇത്തിഹാദ് ഇന്ത്യയിലെ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ജെറ്റ് എയര്‍വേസ് പൂനെ, ലക്‌നൗ, ഗോവ, മംഗലാപുരം എന്നിവിടങ്ങളിലേക്കും പരസ്പരം സര്‍വീസ് നടത്തുന്നുണ്ട്.