Connect with us

Gulf

ഇഖ്‌റഅ് പ്രഥമ അന്താരാഷ്ട്ര വിദ്യാഭ്യാസ അവാര്‍ഡ് ശൈഖ് മന്‍സൂറിന് സമ്മാനിച്ചു

Published

|

Last Updated

അബുദാബി: വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് മര്‍കസ് നല്‍കുന്ന പ്രഥമ ഇഖ്‌റഅ് അന്താരാഷ്ട്ര വിദ്യാഭ്യാസ അവാര്‍ഡ് യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന് സമ്മാനിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ചാന്‍സിലറും, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്നും ശൈഖ് ഖലീഫ ബിന്‍ സായിദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹാജി അല്‍ ഖൂരി ശൈഖ് മന്‍സൂറിന് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.
ആഗോളതലത്തില്‍ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ മികച്ച് നില്‍ക്കുന്നവര്‍ക്കാണ് മര്‍കസ് ഇഖ്‌റഅ് അന്താരാഷ്ട്ര വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നത്. പ്രഥമ ഇഖ്‌റഅ് അന്താരാഷ്ട്ര അവാര്‍ഡ് ശൈഖ് മന്‍സൂറിന് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കാന്തപുരം വ്യക്തമാക്കി. യു എ ഇ വായന വര്‍ഷമായി ആചരിക്കുന്ന വേളയില്‍ ശൈഖ് മന്‍സൂറിനെ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹാജി അല്‍ ഖൂരി പറഞ്ഞു.
ലോകത്തിന്റെ വിവിധ മേഖലകളില്‍ വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
ഈ വര്‍ഷം മുതലാണ് കോഴിക്കോട് മര്‍കസുസ്സഖാഫത്തുസ്സുന്നിയ്യ ഇഖ്‌റഅ് അന്താരാഷ്ട്ര വിദ്യാഭ്യാസ അവാര്‍ഡ് ഏര്‍പെടുത്തിയത്.
കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, ഉസ്മാന്‍ സഖാഫി, ശാക്കിര്‍ ബനിയാസ് ഗ്രൂപ്പ്, ഹംസ ജിദ്ദ, ബഷീര്‍ ഹാജി, സലാം സഖാഫി എരഞ്ഞിമാവ് സംബന്ധിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest