ഹനീഫ വധം: മൂന്ന് പേര്‍ക്ക് 15 വര്‍ഷം തടവ്; സഹായികള്‍ക്ക് ഏഴ് വര്‍ഷം

Posted on: February 17, 2016 2:33 pm | Last updated: February 17, 2016 at 2:55 pm
SHARE
HANEEFA
കൊല്ലപ്പെട്ട ഹനീഫ

ദുബൈ: സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെ കൊലപ്പെടുത്തി 96,000 ദിര്‍ഹം കവര്‍ച്ച ചെയ്ത മൂന്ന് പേര്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 25, 27, 31 വയസുള്ള ഖസാക്കിസ്ഥാന്‍കാര്‍ക്കാണ് തടവ്. 2013 ഡിസംബറിലാണ് സംഭവം. പ്രതികളെ സഹായിച്ച രണ്ട് പേര്‍ക്ക് ഏഴ് വര്‍ഷം വീതം തടവുണ്ട്. ഉമ്മുര്‍റമൂലിലെ അബുഹൈല്‍ റെസ്റ്റോന്റ് കം സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനും കാസര്‍കോട് ഉദുമ സ്വദേശിയുമായ ഹനീഫ (27) ആണ് കൊല്ലപ്പെട്ടത്.

കവര്‍ച്ച ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സൂപ്പര്‍മാര്‍ക്കറ്റിനകത്തേക്ക് കയറുകയും ഹനീഫയെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതിന് ശേഷം വായമൂടിക്കെട്ടി വഴിയോരത്ത് ഉപേക്ഷിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കവര്‍ച്ചക്ക് ശേഷം പ്രതികള്‍ മരുഭൂ പ്രദേശത്തേക്ക് കാറോടിച്ചുപോയി. അതേസമയം കൊലപാതകം ലക്ഷ്യമായിരുന്നില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. ഗാരേജില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനായിരുന്നു സാക്ഷി. സുബഹി നിസ്‌കാരത്തിന് പോകുമ്പോള്‍ ഹനീഫ ചോരയൊലിച്ച് പുറത്ത് കിടക്കുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷി കോടതിയില്‍ മൊഴി നല്‍കി. സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ഇയാള്‍ താമസിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് ഗാരേജ്.

രാത്രി വൈകി റസ്റ്റോറന്റും സൂപ്പര്‍മാര്‍ക്കറ്റും അടക്കുന്നതിനിടയിലാണ് മൂന്നംഗ സംഘം സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയത്. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നു. ഹനീഫയുടെ തല ഭിത്തിയിലിടിച്ചു. തലക്കടിക്കുകയും ചെയ്തു. മൃതദേഹം സൂപ്പര്‍മാര്‍ക്കറ്റിനുസമീപം ഗോഡൗണിനു പുറത്ത് ഉപേക്ഷിച്ചു.