Connect with us

National

പട്യാല കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; കനയ്യ കുമാറിന് മര്‍ദനം

Published

|

Last Updated

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിക്ക് മുന്നില്‍ അക്രമം അഭിഭാഷകര്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ മര്‍ദിച്ചു. ദേശീയ പതാക തടിച്ച ദണ്ഡുകളില്‍ കെട്ടി ദേശസ്‌നേഹികള്‍ ചമഞ്ഞെത്തിയ അഭിഭാഷകര്‍ മനപ്പൂര്‍വ്വം അക്രമം അഴിച്ചുവിടുകയായിരുന്നു. ആദ്യം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇവര്‍ അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ തന്നെയാണ് ഇന്നും മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചത്. വിക്രം ചൗഹാന്‍ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലാണ് അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടത്.

ഇതിനിടെ കോടതിയിലെത്തിച്ച കനയ്യ കുമാറിനെ അഭിഭാഷകരിലൊരാള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ സംഘം ചേര്‍ന്ന് കനയ്യ കുമാറിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. കനയ്യ കുമാറിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഡല്‍ഹി പോലീസ് സംരക്ഷണം നല്‍കിയില്ല. അഭിഭാഷകര്‍ അക്രമം അഴിച്ചുവിടുമ്പോഴും പോലീസ് അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പോലീസ് ഈ ഉത്തരവിന് യാതൊരു വിലയും കല്‍പിക്കാത്ത വിധത്തിലാണ് പെരുമാറിയത്.

പട്യാല കോടതിയില്‍ നടന്ന സംഭവങ്ങള്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണന്‍ സുപ്രീംകോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് പത്ത് മിനുട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് പഠിക്കാന്‍ കബില്‍ സിബലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അഭിഭാഷക കമ്മീഷനെ സുപ്രീംകോടതി നിയോഗിച്ചു. കമ്മീഷന്‍ അംഗങ്ങളെ കോടതി പരിസരത്ത് അഭിഭാഷകര്‍ തടഞ്ഞു. ഇവര്‍ക്ക് നേരെയും കല്ലേറുണ്ടായി. കനത്ത പോലീസ് ബന്തവസ്സിലാണ് കമ്മീഷന്‍ അംഗങ്ങളെ കോടതി വളപ്പിന് പുറത്തെത്തിച്ചത്. കോടതി പരിസരത്ത് ഗുരതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി.

അതിനിടെ കനയ്യ കുമാര്‍ മാര്‍ച്ച് രണ്ടുവരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരാന്‍ പട്യാല കോടതി ഉത്തരവിട്ടു. അഭിഭാഷകരുടെ അക്രമത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനാല്‍ കനയ്യ കുമാറിന്റെ കേസ് കോടതി പരിഗണിച്ചില്ല. ഇതേത്തുടര്‍ന്നാണ് ജൂഡീഷ്യല്‍ കസ്റ്റഡി നീട്ടാന്‍ നിര്‍ദേശിച്ചത്.

Latest