അക്ബർ കക്കട്ടിൽ അന്തരിച്ചു

Posted on: February 17, 2016 5:59 am | Last updated: February 17, 2016 at 3:36 pm

akbar_kakkattil1കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ അക്ബർ കക്കട്ടിൽ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മയ്യത്ത് രാവിലെ ഒന്‍പത് മണി മുതല്‍ 12 മണിവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം വൈകീട്ട് അഞ്ച് മണിക്ക് കണ്ടോത്ത്കുനി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

കോഴിക്കോട് ജില്ലയിലെ കക്കട്ടിലില്‍ 1954 ജൂലൈ 7ന് പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി ജനനം. കക്കട്ടില്‍ പാറയില്‍ എല്‍. പി, വട്ടോളി സംസ്‌കൃതം സെക്കന്ററി എന്നീ സ്‌കൂളുകളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. പ്രീഡിഗ്രി ആദ്യവര്‍ഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടര്‍ന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവര്‍ഷം തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലും രണ്ടാം വര്‍ഷം തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും പഠിച്ചു. ബ്രണ്ണനില്‍ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലും കോളേജ് യൂണിയന്‍ ചെയര്‍മാനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. പഠനം കഴിഞ്ഞ് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായി ചേര്‍ന്നു. സര്‍വീസില്‍ നിന്നു പിരിയും വരെ ദീര്‍ഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്‌കൂളില്‍ കുറച്ചു വര്‍ഷങ്ങള്‍ അധ്യാപകനമായി. കുറ്റ്യാടി ഗവ.ഹൈസ്‌കൂള്‍, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിര്‍മ്മാണസമിതികളില്‍ ദീര്‍ഘകാലമായി അംഗമാണ്.

കേന്ദ്രസര്‍ക്കാരിന്റെ സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ( രണ്ടു തവണ), സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേര്‍ണിങ് ബോഡികള്‍, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ ‘ഹരിത വിദ്യാലയ’ത്തിന്റെ പര്‍മനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം കണ്‍വീനറുമായിയിരുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികള്‍, സംസ്ഥാന സാക്ഷരതാമിഷന്‍ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് ( എന്‍ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തേ എഴുത്താരംഭിച്ച അക്ബര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സംസ്‌കൃത പഠനത്തിന് കേരള സര്‍ക്കാരിന്റെ മെരിറ്റ് സ്‌കോളര്‍ഷിപ്പ്, മലയാള മനോരമ പ്രൈസ്, കോഴിക്കോട് യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്. ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനത്തില്‍ നിന്നകന്ന്, വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുന്‍നിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.

മരണത്തേക്കാള്‍ ഭീകരമാണ് രോഗങ്ങള്‍ എന്ന ആശയം ആവിഷ്‌കരിക്കുന്ന ‘മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യന്‍ ഭാഷകളില്‍ ആദ്യം എഴുതപ്പെടുന്നതാണ് ‘സ്‌ത്രൈണം’ എന്ന നോവല്‍. അങ്കണം സാഹിത്യ അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ അവാര്‍ഡ്, രാജീവ് ഗാന്ധി പീസ് ഫൌണ്ടേഷന്‍ അവാര്‍ഡ്, ടി വി കൊച്ചുബാവ അവാര്‍ഡ് എന്നിവയും കിട്ടിയ പ്രധാന അംഗീകാരങ്ങളില്‍ ചിലതാണ്.

4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 54 പുസ്തകങ്ങളാണ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതില്‍ ആറാംകാലം കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലും മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകള്‍ സംസ്ഥാന സിലബസ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍

സംസ്‌കൃത പഠനത്തിന് സംസ്ഥാനഗവണ്മെന്റിന്റെ മെരിറ്റ് സ്‌കോളര്‍ഷിപ്പ് 196770
ലേഖന രചനയ്ക്ക് മലയാള മനോരമ പ്രൈസ് 1971
നോവല്‍ രചനയ്ക്ക് കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ പ്രൈസ് 1974
അങ്കണം സാഹിത്യ അവാര്‍ഡ് ശമീലാ ഫഹ്മി 1987
എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ് മൃത്യുയോഗം 1991
സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫെല്ലോഷിപ്പ് 1992
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സ്‌കൂള്‍ ഡയറി 1992
സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ അവാര്‍ഡ് സര്‍ഗ്ഗസമീക്ഷ 1995
ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് സ്‌ത്രൈണം 1998
മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സ്‌കൂള്‍ ഡയറി (ദൂരദര്‍ശന്‍ സീരിയല്‍) 2000
അബുദാബി ശക്തി അവാര്‍ഡ് വടക്കുനിന്നൊരു കുടുംബവൃത്താന്തം 2002
രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് തിരഞ്ഞെടുത്ത കഥകള്‍ 2003
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വടക്കുനിന്നൊരു കുടുംബവൃത്താന്തം 2004
ഗ്രാമദീപം അവാര്‍ഡ് വടക്കു നിന്നൊരു കുടുംബവൃത്താന്തം 2005
ടി.വി. കൊച്ചുബാവ അവാര്‍ഡ് 2006
വി. സാംബശിവന്‍ അവാര്‍ഡ് 2008
ഗള്‍ഫ് മലയാളി ഡോട്ട് കോം അവാര്‍ഡ് 2010
വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് 2010
ദുബായ് പ്രവാസി ബുക്ട്രസ്റ്റ് അവാര്‍ഡ് 2012
കേരള എയിഡഡ് ഹയര്‍ സെക്കണ്ടറി അസോസിയേഷന്റെ പ്രഥമ അക്കാദമിക് കൌണ്‍സില്‍ അവാര്‍ഡ് 2013

കൃതികള്‍

കഥ

ഈ വഴി വന്നവര്‍
മേധാശ്വം
ശമീല ഫഹ്മി
അദ്ധ്യാപക കഥകള്‍
കാദര്‍കുട്ടി ഉത്തരവ്
ആറാം കാലം
വീടിനു തീ പിടിക്കുന്നു
ആകാശത്തിന്റെ അതിരുകള്‍
നാദാപുരം
വീണ്ടും നാരങ്ങ മുറിച്ചപ്പോള്‍
തെരഞ്ഞെടുത്ത കഥകള്‍
ഒരു വായനക്കാരിയുടെ ആവലാതികള്‍
ചെറിയ കഥകള്‍
മായക്കണ്ണന്‍
ശേഷം സ്‌ക്രീനില്‍
ശ്രീപ്രിയയുടെ ആധികള്‍
ജീന്‍സിട്ട പെണ്‍കുട്ടിയെ ഒറ്റയ്ക്കു കിട്ടിയാല്‍ എന്തുചെയ്യണം?
കഥകള്‍ തെരഞ്ഞെടുത്തകഥകള്‍
ഞങ്ങള്‍ ലിബാജോണിനെ പേടിക്കുന്നു
പുതിയ വാതിലുകള്‍
ദര്‍ബാര്‍ തെരഞ്ഞെടുത്ത കഥകള്‍
ആള്‍പ്പെരുമാറ്റം തെരഞ്ഞെടുത്ത കഥകള്‍
മൈലാഞ്ചിക്കാറ്റ്
സ്ത്രീലിംഗം പെണ്‍പക്ഷ കഥകള്‍ (തെരെഞ്ഞെടുത്ത കഥകള്‍)
2011 ലെ ‘ആണ്‍’കുട്ടി
കന്നിച്ചുവടുകള്‍ (ഈ വഴി വന്നവരും മേധാശ്വവും)
ഇപ്പോള്‍ ഉണ്ടാവുന്നത്
ലഘു നോവലുകള്‍[തിരുത്തുക]
രണ്ടും രണ്ട്
മൂന്നും മൂന്ന്
ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങള്‍
ധര്‍മ്മസങ്കടങ്ങളുടെ രാജാവ്
പതിനൊന്ന് നോവലറ്റുകള്‍
ജിയാദ് ഗോള്‍ഡ് പൂവിടുമ്പോള്‍
കീര്‍ത്തന

നോവല്‍

മൃത്യുയോഗം
സ്‌ത്രൈണം
ഹരിതാഭകള്‍ക്കപ്പുറം
വടക്കുനിന്നൊരു കുടുംബവൃത്താന്തം
അക്ബര്‍ കക്കട്ടിലിന്റെ നാലു നോവലുകള്‍
ഉപന്യാസങ്ങള്‍[തിരുത്തുക]
പ്രാര്‍ത്ഥനയും പെരുന്നാളും
സ്‌കൂള്‍ ഡയറി
അനുഭവം ഓര്‍മ്മ യാത്ര
പുനത്തിലും ഞാനും പിന്നെ കാവ്യാമാധവനും
ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെ?
നക്ഷത്രങ്ങളുടെ ചിരി

നിരൂപണം ജീവിതരേഖ മുഖാമുഖം

സര്‍ഗ്ഗസമീക്ഷ
നമ്മുടെ എം ടി

സ്മൃതിചിത്രങ്ങള്‍

അദ്ധ്യയനയാത്ര

നാടകം

കുഞ്ഞിമൂസ വിവാഹിതനാവുന്നു

സിനിമ

വരൂ അടൂരിലേയ്ക്ക് പോകാം
ഇങ്ങനെയും ഒരു സിനിമാക്കാലം

ബാലപംക്തി കുറിപ്പുകള്‍

നോക്കൂ, അയാള്‍ നിങ്ങളില്‍ തന്നെയുണ്ട

സര്‍വീസ് സ്റ്റോറി

പാഠം മുപ്പത്

യാത്ര

കക്കട്ടില്‍ യാത്രയിലാണ്

‘വരൂ അടൂരിലേയ്ക്ക് പോകാം’ കൊളച്ചല്‍ മു യൂസഫ്, ‘അടൂര്‍ ഗോപാലകൃഷ്ണന്‍ ഇടം പൊരുള്‍ കലൈ’ എന്ന പേരില്‍ തമിഴിലേയ്ക്കും ‘മൃത്യുയോഗം’ ഡോ. അശോക് കുമാര്‍, ‘മൃത്യുയോഗ’ എന്ന പേരില്‍ കന്നഡയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. യു എ ഇ, ഒമാന്‍, ഖത്തര്‍, ബഹറിന്‍, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന