Connect with us

Sports

ജര്‍മനി പുറത്ത്, നിപ്രോ സെമിയില്‍

Published

|

Last Updated

നിപ്രോയും ടി എസ് വി മ്യൂണിക്കും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്‌

കോഴിക്കോട്: നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ഉക്രൈന്‍ ടീം നിപ്രോ സെമിയില്‍. ജര്‍മന്‍ ക്ലബ്ബായ ടി എസ് വി മ്യൂണികിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ഉക്രെയിന്‍ ക്ലബ്ബായ നിപ്രോ പെട്രോസ്‌ക്് സെമിയിലേക്ക് കയറിയത്. ഇതോടെ ബി ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നിപ്രോയും രണ്ടാം സ്ഥാനക്കാരായി ഷാംറോക്ക് റോവേഴ്‌സും സെമിയില്‍ കടന്നു. വെള്ളിയാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ നിപ്രോ ഇംഗ്ലണ്ടില്‍ നിന്നുള്ള വാട്ട്‌ഫോഡ് എഫ്.സിയെ നേരിടും. നാളെ നടക്കുന്ന ആദ്യ സെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ പരാനെസിന് ഷാംറോക്ക് എഫ്.സിയാണ് എതിരാളികള്‍.
മത്സരത്തിലുടനീളം ഇരുടീമുകള്‍ക്കും ഗോളിലേക്കുള്ള മികച്ച നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗ് പോരായ്മ ഗോളുകളുടെ എണ്ണം കുറച്ചു. സെമി മോഹവുമായി മികച്ച മുന്നേറ്റങ്ങളോടെ ആദ്യ പകുതിയില്‍ മൈതാനം അടക്കിവാണിരുന്നത് ജര്‍മ്മനിയായിരുന്നു.ഇരുവര്‍ക്കും മികച്ച അരഡസനിലധികം തുറന്ന ഗോളവസരങ്ങളാണ് ആദ്യ പകുതിയില്‍ മാത്രം ലഭിച്ചത്.
കളി ആരംഭിച്ചതുമുതല്‍ തന്നെ ജര്‍മന്‍ പട നിരന്തരം ഉക്രെയിന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്നു.എന്നാല്‍ സമനില മാത്രം മതിയായിരുന്ന ഉക്രെയിന് ജര്‍മന്‍ അക്രമങ്ങളെ ശക്തമായി പ്രധിരോധിച്ചുകൊണ്ടിരുന്നു.കളി മിക്കവാറും ഉക്രെയിന്‍ ഗോള്‍ മുഖത്ത് കേന്ദ്രീകരിച്ചുകൊണ്ടിരുന്നതിനാല്‍ ഏത് നിമിഷവും ജര്‍മനി ഗോള്‍ സ്‌കോര്‍ചെയ്യുമെന്ന സ്ഥിതിയിലേക്കായിരുന്നു കളി നീങ്ങിയത്.ഇരുപത്തിനാലാം മിനിറ്റില്‍ ജര്‍മനി ഗോളെന്നുറപ്പിച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ കാരണം ഗോളാക്കാന്‍ സാധിച്ചില്ല.ഫ്‌ലോറിന്‍ പെപ്പറിന്റെ തകര്‍പ്പന്‍ അടിയില്‍ ഉക്രെയിന്‍ പോസ്റ്റില്‍ തട്ടിത്തെറിച്ച പന്ത് നിക്കോളാസിന്റെ കാലുകളിലേക്ക്,നിക്കോളാസ് ചെത്തി നല്‍കിയ പാസ്സ് ലൂക്കാസ് എയിന്‍ജെര്‍ അലക്ഷ്യമായി പുറത്തേക്കടിച്ചു കളഞ്ഞു.ഇടക്ക് പ്രതിരോധത്തില്‍ നിന്ന് മാറി ഉക്രെയിന്‍ മുന്നേറ്റത്തിന് മുതിര്‍ന്നതോടെ കളിക്ക് വേഗത കൈവന്നു.പ്രത്യാക്രമണമെന്നോണം ഉക്രെയിന്‍ നിരയുടെ മുന്നേറ്റങ്ങളായിരുന്നു പിന്നീട്.ഇരുപത്തിയൊമ്പതാം മിനിറ്റില്‍ കൊച്ചെറിന്റെ കോര്‍ണ്ണറിലൂടെ പറന്നിറങ്ങിയ പന്തിന് ബലാന്യൂകിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍,ഗതിമാറി പോസ്റ്റിലേക്ക് വന്ന പന്ത് നിര്‍ഭാഗ്യവശാല്‍ ബാറിന് തട്ടി പുറത്തേക്ക്.എന്നാല്‍ പ്രധിരോധത്തിന് മുന്‍തൂക്കം നല്‍കി പോസ്റ്റിന് കനത്ത കാവല്‍ നല്‍കി അക്രമിച്ചു കളിക്കാന്‍ പിശുക്കു കാണിച്ചെങ്കിലും ഉക്രെയിനു വേണ്ടി ഐഹോര്‍ കോട്ടും മാക്‌സിം ലുനോവും പറയത്തക്കമുന്നേറ്റങ്ങള്‍ ആദ്യ പകുതിയില്‍ നടത്തിയുന്നു.എന്നാല്‍ ഇടക്ക് 37ാം മിനിറ്റില്‍ ജര്‍മനിക്ക് ലഭിച്ച സുവര്‍ണാവസരം ജിമ്മി മാര്‍ട്ടന്‍ കളഞ്ഞു കുളിച്ചു. പോസ്റ്റിന്റെ വലതുഭാഗത്ത് നിന്ന് നിക്കോളസ് നല്‍കിയ പന്ത് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ മാര്‍ട്ടന്‍ പുറത്തേക്കടിച്ചിട്ടു.ജര്‍മ്മനി ആക്രമത്തിന് മുര്‍ച്ചകൂട്ടിക്കൊണ്ട് ശക്തമായി ഉക്രെയിന്‍ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരുന്നെങ്കിലും ഉക്രെയിന് ഉരുക്കുമതിലിന് മുന്നില്‍ തളര്‍ന്നുകൊണ്ടിരുന്നു.ഫല്‍റിയന്‍ പീപര്‍, സൈമണ്‍ സെഫറിംഗ്‌സ് എന്നിവരെ കേന്ദ്രീകരിച്ച് ഇടതു വിങ്ങിലൂടെയായിരുന്നു ജര്‍മനിയുടെ മുന്നേറ്റങ്ങളത്രയും. ജിമ്മി മാര്‍ട്ടന്‍ മധ്യ നിരയില്‍ നിന്നെത്തിച്ചു നല്‍കുന്ന പന്തുകള്‍ ലൂക്കാസ് ജെന്‍കിഞ്ചെര്‍ കൃത്യമായി കണക്ട് ചെയ്ത് നിരന്തരം പാസ്സെത്തികൊണ്ടിരുന്നു
.ഉക്രെയിനിന്റെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്.തന്ത്രങ്ങള്‍ മാറ്റിപ്പയറ്റാന്‍ തയ്യാറെടുത്തായിരുന്നു ഇരുകൂട്ടരും കളത്തിലിറങ്ങിയത്.അമ്പതാം മിനിറ്റില്‍ ഉക്രെയിനിന്റെ യൂറി വാകുല്‍ക്കി മൈതാന മധ്യത്ത് നിന്ന് ഉയര്‍ത്തി നല്‍കിയ പന്ത് വിറ്റാലി കിര്‍യയേവ് ചാടി വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.തീര്‍ത്തും ദുര്‍ബലമായ അടി ഗോളിയുടെ കൈകളില്‍.60ാം മിനിറ്റില്‍ കൊച്ചെര്‍ഗിന്‍ നല്‍കിയ പാസ് സ്വീകരിക്കാന്‍ ജര്‍മ്മന്‍ പോസ്റ്റിനു മുന്നില്‍ ആരുമുണ്ടായിരുന്നില്ല. 63ാം മിനിറ്റില്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് ജര്‍മനിക്കനുകൂലമായി കോര്‍ണര്‍ ലഭിച്ചത്.എന്നാല്‍ ഇടക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഉക്രെയിനും ജര്‍മന്‍ പ്രധിരോധത്തെ വിറപ്പിക്കുന്നുണ്ടായിരുന്നു.് മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഗോളിനായി ജര്‍മനി കിണഞ്ഞു ശ്രമിച്ചെങ്കിലും എല്ലാം ഉക്രെയിന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചുകൊണ്ടിരുന്നു.ഗാലറിയെ ഇളക്കി മറിച്ച്‌കൊണ്ട് ഇഞ്ച്വറി ടൈമിന്റ അവസാനത്തില്‍ മികച്ച മുന്നേറ്റങ്ങളായിരുന്നു പിറന്നത്.അവസാന മിനിറ്റില്‍ ഉക്രെയിന്‍ താരം മാക്‌സിം ലുണോവ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.ഗോള്‍രഹിത സമനിലയോടെ ഉക്രെയിന്‍ സെമിയിലേക്ക്.