ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ അടുത്ത വേദി നേപ്പാള്‍

Posted on: February 17, 2016 5:54 am | Last updated: February 17, 2016 at 12:56 am
SHARE

Players of India take participants march past, during the closing ceremony of the 12th South Asian Games-2016, in Guwahati on February 16, 2016.

ഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ (സാഗ്) കൊടിയിറക്കം. സാഗ് പതാക കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവല്‍ ദക്ഷിണേഷ്യന്‍ ഒളിമ്പിക് സമിതി പ്രസിഡന്റ് എന്‍ രാമചന്ദ്രന് കൈമാറുകയും അദ്ദേഹമത് പതിമൂന്നാമത് സാഗ് സംഘാടക സമിതി ചെയര്‍മാനും നേപ്പാള്‍ ഒളിമ്പിക് സമിതി ചീഫുമായ ജീവന്റാം ശ്രേഷ്ഠക്ക് കൈമാറുകയും ചെയ്തതോടെ സമാപന ചടങ്ങ് പൂര്‍ത്തിയായി. അടുത്ത ഗെയിംസിന് വേദിയാകുന്ന നേപ്പാളിന്റെ കായിക മന്ത്രി സത്യനാരായണ്‍ മണ്ടല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. ഇന്ത്യയിലിത് മൂന്നാം തവണയാണ് ഗെയിംസ് നടന്നത്. 1987 ല്‍ കല്‍ക്കത്തയിലും 1995 ല്‍ മദ്രാസിലും ഗെയിംസ് നടന്നു.
പൊന്നില്‍ക്കുളിച്ച്
പന്ത്രണ്ടാം തവണയും ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പൊന്നില്‍ക്കുളിച്ച് ചാമ്പ്യന്‍മാരായി ! 188 സ്വര്‍ണം, 90 വെള്ളി, 30 വെങ്കലം ഉള്‍പ്പടെ 308 മെഡലുകള്‍ ഇന്ത്യക്ക് സ്വന്തം. ദക്ഷിണേഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയേറെ മെഡലുകള്‍ വാരിക്കൂട്ടുന്നത്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്ക ഇന്ത്യക്കൊരിക്കല്‍ പോലും ഭീഷണിയായില്ല. 25 സ്വര്‍ണമുള്‍പ്പടെ ആകെ 186 മെഡലുകളാണ് ലങ്കക്ക്. പന്ത്രണ്ട് സ്വര്‍ണം നേടിയ പാക്കിസ്ഥാന്‍ മൂന്നാംസ്ഥാനത്തും ഏഴ് സ്വര്‍ണവുമായി അഫ്ഗാനിസ്ഥാന്‍ നാലാം സ്ഥാനത്തും നാല് സ്വര്‍ണവുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പന്ത്രണ്ടാമത് സാഗ് ഗെയിംസിന് സമാപനം കുറിച്ചത് കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവലിന്റെ പ്രഖ്യാപനത്തോടെയാണ്. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്, മേഘാലയ കായിക മന്ത്രി സെനിത് എം സാംഗ്മ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധികൃതര്‍ ചടങ്ങില്‍ സംബന്ധിച്ചു. എട്ട് രാഷ്ട്രങ്ങളില്‍ നിന്നായി 2500 ലേറെ അത്‌ലറ്റുകളാണ് മേളയില്‍ മാറ്റുരച്ചത്.

ജൂഡോയില്‍ ഓവറോള്‍
അവസാന ദിനമായ ഇന്നലെ ജൂഡോയില്‍ നാല് ഇനങ്ങളിലാണ് ഫൈനല്‍ നടന്നത്. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും നേടി ജൂഡോയിലും ഇന്ത്യ തിളക്കമറിയിച്ചു.
പുരുഷവിഭാഗം 90 കി.ഗ്രാം വിഭാഗത്തില്‍ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഇസ്മാഈല്‍ കാക്കറിനെ 49 സെക്കന്‍ഡ്‌സില്‍ പരാജയപ്പെടുത്തി അവതാര്‍ സിംഗാണ് ജൂഡോയിലെ ആദ്യ സ്വര്‍ണം ഉറപ്പാക്കിയത്.
വനിതകളുടെ അണ്ടര്‍ 70 കി.ഗ്രാം വിഭാഗത്തില്‍ പൂജയാണ് രണ്ടാം സ്വര്‍ണം നേടിയത്. പാക്കിസ്ഥാന്റെ ബീനിഷ് ഖാനെയാണ് തോല്‍പ്പിച്ചത്. മൂന്ന് മിനുട്ട് നീണ്ടു നിന്നു ഫൈനല്‍.
വനിതകളുടെ അണ്ടര്‍ 78 വിഭാഗത്തില്‍ അരുണയും പുരുഷന്‍മാരുടെ അണ്ടര്‍ 100 കി.ഗ്രാം വിഭാഗത്തില്‍ ശുഭം കുമാറും വെള്ളി നേടി. ജൂഡോയില്‍ ഇന്ത്യയാണ് ഓവറോള്‍ ചാമ്പ്യന്‍മാര്‍. ഒമ്പത് സ്വര്‍ണം, മൂന്ന് വെള്ളി എന്നിങ്ങനെയാണ് പന്ത്രണ്ട് ഇനങ്ങളില്‍ നിന്ന് ഇന്ത്യ വാരിയത്.
രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, എട്ട് വെങ്കലം നേടിയ പാക്കിസ്ഥാനാണ് ജൂഡോയില്‍ രണ്ടാംസ്ഥാനം. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ആറ് വെങ്കലവുമുള്ള നേപ്പാളിന് മൂന്നാം സ്ഥാനം.
ബോക്‌സിംഗില്‍ ഇന്ത്യ മാത്രം
വനിതാ ബോക്‌സിംഗിലും ഇന്ത്യക്കെതിരില്ല. ഇതിഹാസ താരം എം സി മേരി കോം, പൂജ റാണി, എല്‍ സരിതാ ദേവി എന്നിവര്‍ സ്വര്‍ണമണിഞ്ഞതോടെ ബോക്‌സിംഗില്‍ ഇന്ത്യക്ക് സര്‍വാധിപത്യം. കഴിഞ്ഞ ദിവസം ഏഴ് പുരുഷ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ, സാഗ് ബോക്‌സിംഗിലെ പത്ത് ഇനത്തിലും ഇന്ത്യ ചാമ്പ്യന്‍മാരായി.
തോളിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന മേരി കോം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 51 കി.ഗ്രാം വിഭാഗത്തില്‍ മത്സരിച്ച മേരി ഫൈനല്‍ പോരില്‍ ശ്രീലങ്കയുടെ അനുഷ കൊഡിതുവാക്കു ദില്‍റുക്ഷിക്കെതിരെ 90 സെക്കന്‍ഡില്‍ ജയമുറപ്പിച്ചു.
തുടക്കം മുതല്‍ എതിരാളിയെ ഇടിച്ചിടാന്‍ ഓടി നടന്ന മേരി, തകര്‍പ്പന്‍ പഞ്ചിംഗില്‍ കാര്യം സാധിച്ചു. ലങ്കന്‍ താരത്തിന് നില തെറ്റുകയും കാലുളുക്കി പരുക്കേല്‍ക്കുകയും ചെയ്തതോടെ മത്സരം അവസാനിച്ചതായി അമ്പയര്‍ പ്രഖ്യാപിച്ചു. പരുക്കേറ്റ അനുഷക്ക് മൂന്ന് മാസമെങ്കിലും വിശ്രമം അനിവാര്യം.
നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂനിവേഴ്‌സിറ്റിയിലെ സായി കോംപ്ലക്‌സിലാണ് ബോക്‌സിംഗ് മത്സരം. അഞ്ഞൂറ് പേര്‍ക്കിരിക്കാവുന്ന വേദി നിറഞ്ഞു കവിഞ്ഞിരുന്നു. മേരി കോമിന്റെ മത്സരമായതിനാല്‍ കാണികളും ഏറെയായിരുന്നു. ശ്രീലങ്കക്കായി ബോക്‌സിംഗ് സ്വര്‍ണം നേടിയ ആദ്യ വനിതാ താരമാണ് അനുഷ.
2003 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു അനുഷയുടെ സ്വര്‍ണനേട്ടം. മത്സരത്തിന് മുമ്പ് ലങ്കന്‍ എതിരാളിയെ കുറിച്ചൊന്നും മേരി കോം അന്വേഷിച്ചില്ല. വെല്ലുവിളി ഉയര്‍ത്തുന്ന എതിരാളിക്കെതിരെ മത്സരിക്കുന്നതാണ് ഇഷ്ടമെന്ന് മത്സരശേഷം മേരി പറഞ്ഞു.
കുട്ടികളുണ്ടായതിന് ശേഷം ബോക്‌സിംഗ് മേഖലയിലേക്കുള്ള തിരിച്ചുവരവ് കാഠിന്യമേറിയതായിരുന്നു. ഞാനിന്നും പരിശീലനം നടത്തി സ്വയം പ്രചോദിതയാവുകയാണ്. എന്റെ മുഴുവന്‍ ടീം അംഗങ്ങളോടും ഈയവസരത്തില്‍ നന്ദി അറിയിക്കുന്നു – മേരി പറഞ്ഞു.
മേരി കോമിന്റെ സ്വര്‍ണനേട്ടം 75 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയ പൂജ റാണിയെ പ്രചോദിപ്പിച്ചു. ഒരൊറ്റ റൗണ്ടില്‍ തന്നെ റാണി എതിരാളിയെ നിലംപരിശാക്കി.
ആകെ ആശങ്കപ്പെട്ടത് സരിത ദേവിയുടെ മത്സരത്തിലാണ്. ഒരു വര്‍ഷത്തെ വിലക്കിന് ശേഷം റിംഗില്‍ തിരിച്ചെത്തിയ സരിത ലങ്കന്‍ എതിരാളി വിദൂഷിക പ്രഭാതിയില്‍ നിന്ന് ശക്തമായ വെല്ലുവിളിയാണ് നേരിട്ടത്. 39-36 ന് നേരിയ വ്യത്യാസത്തിനാണ് സരിത സ്വര്‍ണമെഡലണിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here