കവര്‍ച്ച കേസില്‍ പോലീസ് സംശയിച്ച യുവതി കുഞ്ഞിനെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചു

Posted on: February 17, 2016 5:47 am | Last updated: February 17, 2016 at 12:48 am
SHARE

suicideതൊടുപുഴ: 96കാരിയെ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ മാല കവര്‍ന്ന സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്ത അയല്‍വാസിയായ യുവതി ഒന്നര വയസ്സുള്ള മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മൂലമറ്റം ഇലപ്പള്ളി പാത്തിക്കപ്പാറ ജംഗ്ഷനില്‍ പാത്തിക്കപ്പാറ വീട്ടില്‍ സെയില്‍ ടാക്‌സ് ജീവനക്കാരനായ വിന്‍സന്റിന്റെ ഭാര്യ ജയ്‌സമ്മയാണ് (28) ഒന്നര വയസ്സുള്ള മകന്‍ അശ്വിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കൊലപാതകത്തിന് ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
അയല്‍വാസിയായ 96 കാരിയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് ചോദ്യം ചെയ്ത് വരികെയാണ് സംഭവം. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടിലെത്തി അസ്വസ്ഥയായി കാണപ്പെട്ടിരുന്ന യുവതി രാത്രി ഒമ്പത് മണിയോടെ ഭര്‍ത്താവും വീട്ടുകാരുമായി വഴക്കിട്ട് മുറിക്കുള്ളില്‍ കയറി വാതിലടച്ചിരുന്നു. മൂത്ത കുട്ടി ഇവര്‍ക്കൊപ്പം ആയിരുന്നതിനാല്‍ ഇളയ കുഞ്ഞിനെയും കൊണ്ടാണ് മുറിക്കുള്ളില്‍ കയറിയത്. ഭര്‍ത്താവും പിതാവും പല തവണ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നിട് പുലര്‍ച്ചെ നാലോടെ കൈയുടെ ഞരമ്പ് മുറിച്ച് ചോരവാര്‍ന്ന നിലയില്‍ മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മുറിക്കുള്ളില്‍ കയറി നോക്കുമ്പോഴാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കാണുന്നത്.
കഴിഞ്ഞ ആറിനാണ് വൃദ്ധയെ തലക്കടിച്ച് വീഴ്ത്തി ഒന്നര പവന്റെ സ്വര്‍ണ മാല കവര്‍ന്നത്. മൂലമറ്റത്തിനു സമീപം ഇലപ്പള്ളി മുരിക്കനാനിക്കല്‍ അന്നമ്മയാണ് അക്രമത്തിനിരയായത്. ഉച്ചക്ക് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു അക്രമം നടന്നത്. അന്നമ്മയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ വീട്ടുമുറ്റത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ വൃദ്ധയെ കണ്ടെത്തുകയായിരുന്നു. തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ അന്നമ്മയെ ഐ സി യുവില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഗ്രാമ്പു നിരത്തിക്കൊണ്ട് മുറ്റത്ത് നില്‍ക്കുകയായിരുന്ന തന്നെ പിന്നില്‍ നിന്നൊരാള്‍ അടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് അന്നമ്മ പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ കാഞ്ഞാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. തലക്ക് മൂന്ന് അടിയേറ്റ നിലയിലായിരുന്നു. മര്‍ദിച്ചത് സ്ത്രീകളാണോയെന്ന് സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ജയ്‌സമ്മയെ നിരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നു. സംഭവത്തില്‍ യുവതിക്ക് പങ്കുണ്ടെന്ന നിലയില്‍ വീട്ടിലും തര്‍ക്കം ഉടലെടുത്തിരുന്നു. ജയ്‌സമ്മ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here