Connect with us

National

നിയമ പോരാട്ടം ജയിച്ചു; പ്രിതിക ആദ്യ മൂന്നാം ലിംഗ എസ് ഐ

Published

|

Last Updated

ചെന്നൈ: രണ്ട് വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ (മൂന്നാം ലിംഗം) വിഭാഗത്തില്‍പ്പെട്ട സബ് ഇന്‍സ്‌പെക്ടറായി പ്രിതിക യാഷിനി (25) നിയമിതയായി. തമിഴ്‌നാട് പോലീസ് സേനയിലാണ് പ്രിതികക്ക് എസ് ഐ ആയി നിയമനം ലഭിച്ചത്. സേലം പോലീസ് കമ്മീഷണര്‍ സുമിത് ഷരണ്‍ നല്‍കിയ 22 നിയമന ഉത്തരവുകളില്‍ ഒന്ന് പ്രിതികയുടെതാണ്. സ്ത്രീയോ പുരുഷനോ എന്ന കോളത്തില്‍ തൃപ്തികരമായ വിവരം പൂരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ നേരത്തെ പ്രതികയുടെ അപേക്ഷ യൂനിഫോംഡ് സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ടി എന്‍ യു എസ് ആര്‍ ബി) തള്ളിയിരുന്നു. സ്ത്രീയെന്നാണ് പ്രിതിക പൂരിപ്പിച്ചത്.
എന്നാല്‍, ഫോട്ടോയുമായി ഇത് ഒത്തുനോക്കിയപ്പോഴുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് ടി എന്‍ യു എസ് അപേക്ഷ നിരസിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് പ്രിതിക പരീക്ഷ എഴുതുകയും എസ് ഐ നിയമനം നേടുകയും ചെയ്തത്. ട്രാന്‍സ്‌ജെന്‍ഡറുകളെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരായി പരിഗണിച്ച് അവര്‍ക്ക് വേണ്ട എല്ലാ സംവരണവും നല്‍കണമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു പ്രിതിക ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഈ ഘട്ടങ്ങളിലെല്ലാം തനിക്ക് കനത്ത വെല്ലുവിളികളാണ് നേരിടേണ്ടിവന്നതെന്ന് പ്രിതിക പറയുന്നു.

Latest