സെല്‍ഫിയെടുക്കല്‍ ഇനി മുതല്‍ കുറ്റകരമാകും

Posted on: February 17, 2016 12:32 am | Last updated: February 17, 2016 at 12:32 am

selfieമുംബൈ: നിരോധിത മേഖലകളില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചാല്‍ മുംബൈക്കാര്‍ ഇനി പിഴ അടക്കേണ്ടിവരും. ‘നോ സെല്‍ഫി’ മുന്നറിയിപ്പ് സ്ഥാപിച്ച മേഖലകളില്‍ സെല്‍ഫി എടുക്കുന്നവരില്‍ നിന്ന് ബോംബെ പോലീസ് ആക്ട് പ്രകാരം 1,200 രൂപയാണ് പിഴ ഈടാക്കുക. സെല്‍ഫിയെടുക്കുന്നതിനിടെയുള്ള മരണം ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിലെ 15 കേന്ദ്രങ്ങള്‍ സെല്‍ഫി നിരോധിത മേഖലകളായി പ്രഖ്യാപിച്ചത്. സെല്‍ഫി നിരോധിത മേഖലകള്‍ ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു.
മുംബൈ പോലീസിന്റെ ആവശ്യം കണക്കിലെടുത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ബൃഹത് മുംബൈ കോര്‍പറേഷന്‍ ഇതിനകം ‘നോ സെല്‍ഫി’ ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ജനനന്മക്ക് വേണ്ടിയാണ് പിഴ ഏര്‍പ്പെടുത്തുന്നതെന്ന് എ സി പി സഞ്ജയ് കദം പറഞ്ഞു. ബാന്ദ്രയില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടയില്‍ കോളജ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ മാസം കടലില്‍ കാണാതായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച പരിസരവാസിയായ യുവാവും മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം നാസിക്കിലെ വാല്‍ദേവി അണക്കെട്ടില്‍ വിനോദയാത്രക്കെത്തിയ കോളജ് വിദ്യാര്‍ഥികളുടെ സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ സെല്‍ഫി എടുക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ അണക്കെട്ടില്‍ വീണുമരിച്ചിരുന്നു.