ശിവന്‍കുട്ടി തോറ്റിടത്ത് സുധീര്‍കുമാറിന്റെ വിജയം

Posted on: February 17, 2016 12:15 am | Last updated: February 17, 2016 at 12:15 am
SHARE

shivankutti mlaസമരം ചെയ്ത പ്രതിപക്ഷം പോലും ഇന്നലെ സഭയില്‍ സുല്ലിട്ടതാണ്. വി ശിവന്‍കുട്ടി മുതല്‍ വി എസ് സുനില്‍ കുമാര്‍ വരെയുള്ളവര്‍ ആര്‍ത്തലച്ചിട്ടും അടിയന്തിരപ്രമേയ നോട്ടീസ് പോലും പരിഗണിക്കാതെ വന്നപ്പോള്‍ പ്രതിപക്ഷത്തിന് ബഹിഷ്‌കരിച്ച് പോകേണ്ടി വന്നു. അവിടെയാണ് ടി സുധീര്‍കുമാര്‍ എന്ന ഒരു തെങ്ങുകയറ്റ തൊഴിലാളിയുടെ വിജയം. നടുത്തളത്തിലെ കുത്തിയിരിപ്പ്. മുദ്രാവാക്യം വിളി, ഡയസില്‍ കയറല്‍ ഇത്യാദി സമര മാര്‍ഗങ്ങളാണ് പതിവെങ്കിലും അപൂര്‍വ്വമായൊരു സമരമുറ പയറ്റുകയായിരുന്നു സുധീര്‍കുമാര്‍. സഭക്കകത്തല്ല, സഭാ വളപ്പിലായിരുന്നുവെന്ന് മാത്രം. നിയമസഭ കാണാന്‍ പാസ് സംഘടിപ്പിച്ച സുധീര്‍കുമാര്‍ സന്ദര്‍ശക ഗ്യാലറിയില്‍ കയറുന്നതിന് പകരം നിയമസഭാമന്ദിര മുറ്റത്തെ തെങ്ങിന്‍ മണ്ടയില്‍ വലിഞ്ഞുകയറി. പിന്നെ ആത്മഹത്യാ ഭീഷണിയായി. തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് മുതല്‍ ആവശ്യങ്ങളുടെ പട്ടിക ലിസ്റ്റ് ചെയ്ത് താഴേക്ക് എറിഞ്ഞു കൊടുത്തു.
കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നേട്ടങ്ങളെക്കുറിച്ച് വി ടി ബല്‍റാം സഭക്കുള്ളില്‍ വാചാലനായി കൊണ്ടിരിക്കെ തന്നെ തെങ്ങിന്‍മണ്ടയില്‍ കയറിയ സുധീര്‍കുമാര്‍ സഭാ ജീവനക്കാരെയും പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വെള്ളം കുടിപ്പിച്ചു. നിയമസഭാ സെക്രട്ടറി ശാര്‍ങ്ധരന്‍ നേരിട്ട് ഇടപെട്ടിട്ടും കക്ഷി കുലുങ്ങിയില്ല. ഒടുവില്‍ സംഘടനയുടെ നേതാക്കളെ കൊണ്ടുവന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ആവശ്യം അംഗീകരിക്കാമെന്ന ഉറപ്പും വാങ്ങിയാണ് സുധീര്‍കുമാര്‍ താഴെ ഇറങ്ങി സ്ഥലം വിട്ടത്. ഏതായാലും അവസാനം സമ്മേളനം കഴിയുന്നതോടെ അപൂര്‍വ്വതകള്‍ക്കൊണ്ട് പതിമൂന്നാം കേരള നിയമസഭ ചരിത്രത്തില്‍ ഇടം പിടിക്കുമെന്ന് ഉറപ്പായി.
പതിവില്ലാത്ത വിധമാണ് സ്പീക്കര്‍ ചട്ടംമുറുക്കുന്നത്. സോളാര്‍ കമ്മീഷനെ മന്ത്രി ഷിബുബേബി ജോണ്‍ വിമര്‍ശിച്ചെന്ന പേരില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയ നോട്ടീസ് അംഗീകരിച്ചില്ല. ചര്‍ച്ചക്കെടുക്കുന്നത് ചട്ടവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പ്. കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാന്‍ സി പി എം നേതാക്കള്‍ ദില്ലിക്ക് പോയതിനാല്‍ മാത്യു ടി തോമസും സി ദിവാകരനുമാണ് പ്രതിപക്ഷത്തെ നയിച്ചത്. അറിയാവുന്ന നിയമങ്ങളെല്ലാം മാത്യു ടി പറഞ്ഞ് നോക്കിയെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. ബഹളം വെച്ച് സഭ നിര്‍ത്തിവെപ്പിച്ചു. ചേംബറിലെ ചര്‍ച്ചയിലും സമവായം വന്നില്ല. ഒടുവില്‍ ബഹിഷ്‌കരിച്ച് സ്ഥലം വിടേണ്ടിയും വന്നു പ്രതിപക്ഷത്തിന്.
ചര്‍ച്ച പേടിച്ച് പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് ഉപ ധനാഭ്യര്‍ഥനയെ പിന്തുണച്ച് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പതിവുള്ള ഇക്കിളിപ്പെടുത്തലുകളിലാണ് പ്രതിപക്ഷത്തിന് താത്പര്യം. സ്വന്തം പാര്‍ട്ടി ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചിട്ടും കൈയും കെട്ടി നോക്കി നില്‍ക്കേണ്ടി വന്നു. ക്രിമിനല്‍ സ്വഭാവമുള്ള സി പി എം വിതച്ചത് കൊയ്യുകയാണെന്നും ഡൊമിനിക് നിരീക്ഷിച്ചു. അപവാദങ്ങളുടെ ബുള്‍ഡോസറുകള്‍ വരുമ്പോള്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന മുഖ്യമന്ത്രിയെയാണ് അബ്ദുസമദ് സമദാനി സഭയിലെത്തിച്ചത്. നിത്യജീവിത നിഘണ്ടുവിലെ വാക്കായി ‘അസഹിഷ്ണുത’ മാറുകയാണ്. രാഷ്ട്രീയം മതത്തില്‍ ഇടപെടുമ്പോള്‍ വരുന്ന പ്രശ്‌നങ്ങളെയും അദ്ദേഹം വരച്ചുകാട്ടി.
വികസന നേട്ടങ്ങള്‍ പ്രകീര്‍ത്തിക്കാന്‍ മോന്‍സ് ജോസഫിനും നൂറ് നാവായിരുന്നു. അപ്പോഴും ഹൈസ്പീഡ് റെയില്‍ കോറിഡോറിനോട് അദ്ദേഹം വിയോജിച്ചു. പ്രതിപക്ഷം ചര്‍ച്ച തടസപ്പെടുത്തുവെന്ന് ആകുലപ്പെടാറുള്ള ഭരണപക്ഷം ഇന്നലെ അവസരം ലഭിച്ചപ്പോള്‍ ചര്‍ച്ചയേ വേണ്ടെന്ന നിലപാടിലായിരുന്നു. അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് ക്ഷേമനിധി നിര്‍ദേശിക്കുന്ന ബില്ലിന്മേല്‍ ഉമ്മര്‍ മാസ്റ്റര്‍ മാത്രമാണ് എന്തെങ്കിലും സംസാരിച്ചത്. ഭൂനികുതി ബില്ലിന്മേലും കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല.
ചോദ്യോത്തരവേള തന്നെ പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്നലെ തുടങ്ങിയത്. ചോദ്യങ്ങള്‍ക്കുള്ള മറുപടി കെ ബാബുവിന് മേശപ്പുറത്ത് വെക്കേണ്ടി വന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടിയും പ്രതിപക്ഷം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here