നിയമസഭാ വളപ്പിലെ തെങ്ങില്‍ക്കയറി തൊഴിലാളിയുടെ പ്രതിഷേധം

Posted on: February 17, 2016 12:07 am | Last updated: February 17, 2016 at 12:07 am
നിയമസഭാ വളപ്പിനുള്ളിലെ തെങ്ങില്‍ കയറി  പ്രതിഷേധിക്കുന്ന തൊഴിലാളി
നിയമസഭാ വളപ്പിനുള്ളിലെ തെങ്ങില്‍ കയറി
പ്രതിഷേധിക്കുന്ന തൊഴിലാളി

തിരുവനന്തപുരം: നിയസഭാവളപ്പില്‍ തെങ്ങുകയറ്റ തൊഴിലാളി നടത്തിയ അസാധാരണ സമരം മൂന്ന് മണിക്കൂറോളം സഭാമന്ദിരത്തെ മുള്‍മുനയില്‍ നിര്‍ത്തി. സഭാവളപ്പിലെ തെങ്ങിനു മുകളില്‍ കയറിയ തൊഴിലാളി നിരാഹാര സത്യഗ്രഹം നടത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 11.45 ഓടെയാണ് നിയമസഭയെ ഞെട്ടിച്ച സമരം അരങ്ങേറിയത്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു പുറത്തു പോയി കുറച്ചു സമയത്തിനു ശേഷമാണ് കണ്ണൂര്‍ സ്വദേശിയും കേരള തെങ്ങുകയറ്റ തൊഴിലാളി യൂനിയന്‍ സംസ്ഥാന ട്രഷററുമായ ടി സുധീര്‍ കുമാര്‍ തെങ്ങിനു മുകളില്‍ കയറി പ്രതിഷേധിച്ചത്.
സി കെ നാണു എം എല്‍ എയുടെ ശിപാര്‍ശപ്രകാരം അനുവദിച്ച പാസുമായാണ് ഇയാള്‍ സഭാവളപ്പില്‍ കടന്നത്. സുരക്ഷാ പരിശോധനകള്‍ക്കു ശേഷം അകത്തു കടന്ന സുധീര്‍ സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് നിയസഭയുടെ പ്രധാന കവാടത്തോടു ചേര്‍ന്നുള്ള മതിലിനു സമീപത്തെ തെങ്ങില്‍ കയറിപ്പറ്റുകയായിരുന്നു. ഇയാള്‍ തെങ്ങില്‍ കയറുന്നത് ഏതാനും ജീവനക്കാര്‍ കണ്ടെങ്കിലും തടയാനായില്ല. തെങ്ങുകയറ്റ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളായി അംഗീകരിക്കുക, 55 വയസ്സ് കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടായിരം രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയവ ആയിരുന്നു ആവശ്യങ്ങള്‍.
വിവരമറിഞ്ഞ് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തെങ്ങില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞെങ്കിലും സുധീര്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രി സ്ഥലത്തെത്തി നേതാക്കളോട് ചര്‍ച്ച നടത്തണമെന്നായിരുന്നു ആവശ്യം. നിയമസഭാ സെക്രട്ടറി പി ഡി ശാര്‍ങ്ഗധരന്‍ വന്ന് ചര്‍ച്ചക്ക് അവസരം ഒരുക്കാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഇതിനിടെ സേഫ്റ്റി ബെഡ് ഇട്ട് സുരക്ഷയൊരുക്കാന്‍ ഫയര്‍ ഫോഴ്‌സ് ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. അരമണിക്കൂറിലേറെ ശ്രമിച്ചെങ്കിലും സേഫ്റ്റി ബെഡില്‍ കാറ്റുനിറയ്ക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിയാത്തത് നാണക്കേടായി.
ഇതിനിടെ തെങ്ങുകയറ്റ തൊഴിലാളി യൂനിയന്‍ നേതാക്കളെ തേടിപ്പിടിച്ച് പോലീസ് സഭക്കുള്ളിലെത്തിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ചര്‍ച്ചക്കു ശേഷം നേതാക്കള്‍ അറിയിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.