ജെ എന്‍ യു

Posted on: February 17, 2016 6:00 am | Last updated: February 16, 2016 at 10:23 pm

രാജ്യം ഭീതിയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ രൗദ്രഭാവമാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമാണിതെന്ന് വ്യക്തമാക്കുന്നതാണ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന്റെ അറസ്റ്റ്, അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിന് ഭീകരബന്ധം ആരോപിച്ച രാജ്‌നാഥിന്റെ പ്രസ്താവന, തിങ്കളാഴ്ച ഡല്‍ഹി പട്യാലഹൗസ് കോടതിയില്‍ നടന്ന അതിക്രമങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍. അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരിലാണ് കനയ്യ കുമാറിനെ ദേശദ്രോഹക്കുറ്റം ചാര്‍ത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ അവിടെയെത്തിയ സര്‍വകലാശാല പ്രൊഫസര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ക്രൂരമായ മര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നത്. ബി ജെ പി നേതാവ് ഒ പി ശര്‍മയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരും അഡ്വ. വിക്രംസിംഗിന്റെ നേതൃത്വത്തില്‍ സംഘ് ആഭിമുഖ്യമുള്ള അഭിഭാഷകരും ചേര്‍ന്നാണ് കോടതിയില്‍ തേര്‍വാഴ്ച നടത്തിയത്. വന്ദേമാതരം വിളിയുമായി 50 പേരടങ്ങുന്ന സംഘ്പരിവാറുകാര്‍ ഇരച്ചുകയറി കോടതിയില്‍ അഴിഞ്ഞാടുകയായിരുന്നു. ഇതെതുടര്‍ന്ന് കോടതി ചേരാന്‍ സാധിക്കാതെ വന്നതിനാല്‍ മറ്റൊരു കോടതിയില്‍ ഹാജരാക്കിയാണ് പോലീസ് കനയ്യ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
അഫ്‌സല്‍ ഗുരു യഥാര്‍ഥത്തില്‍ പാര്‍ലിമെന്റ് ആക്രമണ കേസില്‍ പ്രതിയാണോ എന്നത് നിയമ വൃത്തങ്ങളിലുള്‍പ്പെടെ വിവാദമായ കാര്യമാണ്. അദ്ദേഹം ഇന്ത്യാവിരുദ്ധനും ഭീകര പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനുമാണെന്ന് വിശ്വാസക്കാരോടൊപ്പം നിരപരാധിയാണെന്നും ഭരണകൂട ഭീകരതയുടെ ഇരയാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ തുക്കിലേറ്റിയതിന്റെ വാര്‍ഷികമാചരിക്കുന്നത് രാജ്യദ്രോഹമായി ആരോപിക്കാവതല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണത്. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ദിനം മധുരപലഹാരങ്ങള്‍ വിതരണം നടത്തി ആഘോഷിക്കുന്നവരും ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോദ്‌സെയെ മഹത്വവത്കരിക്കുന്നവരും ജീവിക്കുന്ന രാജ്യമാണിതെന്ന് കുടി ഓര്‍ക്കണം. ഇതുകൊണ്ടാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നത്. സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ബി ജെ പിയും ശിവസേനയും ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഭവം മൗലിക സ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാണെന്ന പക്ഷക്കാരാണ്.
സംഘ്പരിവര്‍ അജന്‍ഡയിലെ പ്രധാന ഇനമാണ് രാജ്യത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപങ്ങളുടെ കാവിവത്കരണം. ഇതിന്റെ ഭാഗമായി അവര്‍ക്ക് പിടിപാടുള്ള സംസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും സിലബസില്‍ ഹിന്ദുത്വം കുത്തിത്തിരുകുകയും മതേതരത്വത്തിന് ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്യുകയുമുണ്ടായി. മതേതര സ്വഭാവം പുലര്‍ത്തുന്ന സ്ഥാപനങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു വെടക്കാക്കി തനിക്കാക്കുകയും ചെയ്തുവരുന്നു. ഇപ്പോള്‍ ജെ എന്‍ യുവിലും ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലും നടന്ന പ്രശ്‌നങ്ങളുടെ പിന്നാമ്പുറം ഇതാണ്. രണ്ടിടത്തും കുഴപ്പങ്ങള്‍ സൃഷ്ടിച്ചത് സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ ബി വി പിയാണെന്നത് ശ്രദ്ധേയമാണ്.
ജെ എന്‍ യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചവര്‍ ദേശവിരുദ്ധരാണെന്ന് സ്ഥാപിക്കാന്‍ സംഘ്പരിവാര്‍ ചൂണ്ടിക്കാട്ടുന്ന തെളിവുകളിലൊന്ന് ചടങ്ങിനിടെ നടന്ന പാക് അനുകൂല മൂദ്രാവാക്യമാണ്. ഇതിന്റെ പിന്നിലും സംഘ്പരിവാര്‍ തന്നെയെന്ന് തെളിഞ്ഞുകഴിഞ്ഞു. അവിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവരും ഏറ്റുവിളിച്ചവരും എ ബി വി പിയുടെ ചില പരിപാടികളില്‍ പങ്കെടുക്കുന്ന വീഡിയോകളും ഫോട്ടോകളും സി ടി വി പുറത്തുകൊണ്ടു വന്നതോടെയാണ് ഗുജറാത്ത് വംശഹത്യക്ക് വഴിമരുന്നിടാനായി ഗോധ്രയില്‍ പ്രയോഗിച്ച അതേ തന്ത്രമാണ് സംഘ്പരിവാര്‍ ഇവിടെ പയറ്റിയതെന്ന് ബോധ്യമായത്. ലക്ഷര്‍ നേതാവ് ഹാഫിസ് സഈദിന്റെ പിന്തുണയോടെയാണ് വിദ്യാര്‍ഥികള്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് മറ്റൊരു ആരോപണം. ഹാഫിസ് സഈദിന്റേതെന്ന വ്യാജേന ഒരു ടിറ്റ്വറിലെ സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ ആരോപണവുമായി ആദ്യം രംഗത്തുവന്നത്. അക്കൗണ്ട് ഹാഫിസ് സഈദിന്റേതല്ലെന്നും വ്യാജമാണെന്നും ടിറ്റ്വര്‍ വ്യക്തമായതോടെ ആ ശ്രമവും പാളി. മാത്രമല്ല, സര്‍ക്കാറിന്റെ അത്യുന്നത പദവി കൈയാളുന്ന ഉത്തരവാദപ്പെട്ട ഒരു നേതാവ് തന്നെ ഇത്തരം തരം താണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുത് സര്‍ക്കാറിന് കടുത്ത നാണക്കേടാണ്. ഇന്ത്യയില്‍ നടക്കുന്ന ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്റെ പേരില്‍ ആരോപിക്കുന്നത് ഇത്തരം വ്യാജ തെളിവുകളുപയോഗിച്ചാണെന്ന് പ്രചരിപ്പിക്കാന്‍ ഇന്ത്യാ വിരുദ്ധര്‍ക്ക് ഇത് അവസരമൊരുക്കും. ഹാഫിസ് സഈദ് ഇതിനകം അങ്ങനെയൊരു വാദം ഉയര്‍ത്തിക്കഴിഞ്ഞു. ഉത്തരവാദപ്പെട്ടവര്‍ ഇത്തരം പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതവും തിരിച്ചടിയും രാജ്യത്തിനാകെ ബാധിക്കും. സംഘ്പരിവാറിന്റെ ഇത്തരം കുത്സിത നീക്കങ്ങള്‍ക്കെതിരെ മതേതര ഇന്ത്യ കൂടുതല്‍ ജാഗ്രത്താകേണ്ടതുണ്ട്.