സംയുക്ത സൈനിക അഭ്യാസ പ്രകടനത്തിന് ഖത്വര്‍ സൈന്യം സഊദിയിലേക്ക് പുറപ്പെട്ടു

Posted on: February 16, 2016 8:34 pm | Last updated: February 16, 2016 at 8:34 pm
SHARE

dohaദോഹ: സഊദി അറേബ്യയില്‍ നടക്കുന്ന അറബ്- ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സംയുക്ത സൈനിക അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നതിന് ഖത്വരി കരസൈന്യം പുറപ്പെട്ടു. ഹഫ്ര്‍ അല്‍ ബാത്വിനിലെ കിംഗ് ഖാലിദ് മിലിട്ടറി സിറ്റിയിലാണ് റഅദ് അല്‍ ശമാല്‍ എന്ന സൈനികാഭ്യാസം നടക്കുക. 20 അറബ്, ഇസ്‌ലാമിക സൗഹൃദ രാഷ്ട്രങ്ങളും പെനിന്‍സുല ഷീല്‍ഡ് ഫോഴ്‌സും സൈനികാഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. മേഖലയുടെ ചരിത്രത്തില്‍ നടക്കുന്ന വലിയ സൈനികാഭ്യാസത്തിന് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള സൈനികസംഘം എത്തുന്നതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജി സി സി, അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയിലെ സൈനിക സഹകരണം മെച്ചപ്പെടുത്തുക, കാര്യക്ഷമത വര്‍ധിപ്പിക്കുക, പോരാട്ട സജ്ജമാകുക, ആധുനിക സൈനിക സംവിധാനങ്ങള്‍ പരിശീലിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മൂന്ന് ആഴ്ച നീളുന്ന അഭ്യാസ പ്രകടനങ്ങള്‍ നടക്കുക. ഖത്വറിനും സഊദിക്കും പുറമെ യു എ ഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍, സെനഗല്‍, സുഡാന്‍, കുവൈത്ത്, മാലിദ്വീപ്, മൊറോക്കോ, പാക്കിസ്ഥാന്‍, ഛാഡ്, ടുണീഷ്യ, കോമൊറോസ്, ജിബൂത്തി, ഒമാന്‍, മലേഷ്യ, ഈജിപ്ത്, മൗറിത്താനിയ, മൗറീഷ്യസ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പങ്കാളിത്തം ഉണ്ടാകും.
സഹോദര- സുഹൃദ് രാഷ്ട്രങ്ങള്‍ക്കിടയിലെ സഹകരണത്തിന്റെ ആവശ്യകതയിലേക്കും മേഖല നേരിടുന്ന ഏത് വെല്ലുവിളിയും അഭിമുഖീകരിക്കുന്നതിനും ഈ അഭ്യാസ പ്രകടനം ഏറെ സഹായിക്കുമെന്ന് ഖത്വരി സൈനിക കമാന്‍ഡര്‍ മേജര്‍ റാശിദ് സ്വാലിഹ് അല്‍ ഹാജ്‌രി പറഞ്ഞു. പോര്‍ഭൂമി, കമാന്‍ഡ് സെന്ററുകള്‍, യുദ്ധതന്ത്രം തുടങ്ങിയ മേഖലകളിലെ പരിശീലനങ്ങളില്‍ ഖത്വര്‍ പങ്കാളിത്തം ഉണ്ടാകും. കരസൈന്യവും വ്യോമസേനയും അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കും. സഊദിയിലെയും ഇസ്‌ലാമിക സഖ്യത്തിലെയും പെനിന്‍സുല ഷീല്‍ഡ് സൈന്യത്തിലെയും സഹോദരന്മാരുമായി ചേര്‍ന്ന് പരിശീലനം നടത്തുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും തിരിച്ചുപിടിക്കുന്നതിന് ഈ സഹകരണം ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
യെമനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഹൂത്തികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന പോരാട്ടം നടത്തുന്നുണ്ട്. അമേരിക്കന്‍ സഖ്യസേന അംഗീകരിക്കുകയാണെങ്കില്‍ സിറിയയിലേക്ക് കരസൈന്യത്തെ അയക്കുമെന്ന് സഊദി കഴിഞ്ഞ ദിവസം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പിന്നാലെ യു എ ഇയും സന്നദ്ധത പ്രകടിപ്പിച്ചു. 2014 സെപ്തംബര്‍ മുതല്‍ സിറിയയയില്‍ സഊദി വ്യോമസേന ആക്രമണം നടത്തുന്നുണ്ട്. സിറിയയിലെ വിമത സായുധ സേനയെ തുരത്താന്‍ കരസേനയുടെ സാന്നിധ്യം സഖ്യസേനക്ക് മുതല്‍കൂട്ടാകുമെന്നാണ് കരുതുന്നതെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസറി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. സഊദിയുമായി ചേര്‍ന്ന് സിറിയയില്‍ കരയുദ്ധത്തിന് സന്നദ്ധമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവുസോഗ്ലു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, യു എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി ചേര്‍ന്ന് പുതിയ ആക്രമണം നടത്താന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് ഖത്വറിന്റെ പുതിയ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി മ്യൂനിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അതേസമയം, കരസേനയെ അയക്കുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഐ എസിനെ അടിച്ചമര്‍ത്താന്‍ സഖ്യസേന എന്ത് തീരുമാനിച്ചാലും അതിന് തയ്യാറാണെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here