Connect with us

Gulf

എനര്‍ജി ഡ്രിങ്കുകള്‍ക്കു മുകളില്‍ ആരോഗ്യ മുന്നറിയിപ്പു വ്യക്തമാക്കണം

Published

|

Last Updated

ദോഹ: എനര്‍ജി ഡ്രിങ്ക് ബോട്ടിലുകള്‍ക്കു മുകളില്‍ ആരോഗ്യ മുന്നറിയിപ്പ് അറബിയിലും ഇംഗ്ലീഷിലും വ്യക്തമായി പ്രസിദ്ധപ്പെടുത്തണമെന്ന് സാമ്പത്തികവാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. റെഡ് ബുള്‍, പവര്‍ ഹോഴ്‌സ് ഉള്‍പ്പടെയുള്ള പാനീയങ്ങളുടെ ബോട്ടിലുകളില്‍ വെളുത്ത പശ്ചാത്തലത്തില്‍ ഇംഗ്ലീഷിലും അറബിയിലും മുന്നറിയിപ്പ് എഴുതണം. ഉത്പന്നത്തിന്റെ മറ്റു വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിറത്തിലായിരിക്കണം മുന്നറിയിപ്പ് എഴുതേണ്ടതെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.
എനര്‍ജി ഡ്രിങ്കുകള്‍ കൂളിംഗ് ഷെല്‍ഫുകളിലും റഫ്രിജറേറ്ററുകളിലും പ്രത്യേകമായി പ്രദര്‍ശിപ്പിക്കണം. മറ്റ് ഉത്പന്നങ്ങളുമായി ഇടകലര്‍ത്തി വെക്കരുത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, 16 വയസിന് താഴെയുള്ളവര്‍, അലര്‍ജിയുള്ളവര്‍, ഹൃദയസംബന്ധമായ രോഗമുള്ളവര്‍ എന്നിവരും കടുത്ത വ്യായാമത്തില്‍ ഏര്‍പ്പെടുന്ന വേളയിലും എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കരുതെന്ന മുന്നറിയിപ്പും ഉള്‍പ്പെടുത്തണം.
ദിവസം രണ്ടു കാനുകളില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. റെഡ്ബുള്‍ കാനില്‍ ചേരുവകളുടെ താഴെയായി അധികം വലുപ്പമില്ലാതെയാണ് നിലവില്‍ മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത എനര്‍ജി ഡ്രിങ്കുകള്‍ക്ക് വിപണിയില്‍ വിലക്കേര്‍പ്പെടുത്തും. ഊര്‍ജം പ്രസരിപ്പിക്കുന്ന പാനീയങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പഞ്ചസാര, കഫീന്‍, ടോറിന്‍ എന്നിവയാണ് എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്നത്. ഇതില്‍ ടോറിന്റെ സാന്നിധ്യം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിവാദ വിഷയമാണ്. ഒരു തരം അമിനോ ആസിഡായ ടോറിന്‍ മിക്ക എന്‍ര്‍ജി ഡ്രിങ്കുകളിലും അടങ്ങിയിട്ടുണ്ട്. എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരേ ജി സി സി രാജ്യങ്ങള്‍ അടുത്ത കാലത്തായി ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. കഴിഞ്ഞ മെയില്‍ ഖത്വറില്‍ നടന്ന ഗള്‍ഫ് ഭക്ഷ്യസുരക്ഷാ യോഗത്തില്‍ അംഗരാജ്യങ്ങളില്‍ എനര്‍ജി ഡ്രിങ്കുകള്‍ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു.

Latest