Connect with us

Gulf

ദോഹ ഫെസ്റ്റിവല്‍ സിറ്റി സെപ്തംബര്‍ 29നു തുറക്കും

Published

|

Last Updated

ദോഹ ഫെസ്റ്റിവല്‍ സിറ്റി

ദോഹ: നാനൂറിലധികം ഷോപ്പുകലും ഫുഡ് കോര്‍ട്ടുകളുമുള്‍പ്പെടെ രാജ്യത്തെ വന്‍കിട ഷോപ്പിംഗ്, വിനോദ കേന്ദ്രമായി ദോഹ ഫെസ്റ്റിവല്‍ സിറ്റി സെപ്തംബര്‍ 29ന് പൊതുജനങ്ങള്‍ക്കായി തുറക്കും. നിശ്ചിത ദിവസം തുറക്കുന്നതിനായി മിനുക്കു പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അല്‍ ശമാല്‍ റോഡില്‍ 2011ലാണ് ഖത്വറിലെ പ്രധാന പദ്ധതിയായി ഫെസ്റ്റിവല്‍ സിറ്റി നിര്‍മാണം തുടങ്ങിയത്. ഓരോ ദിവസവും കൃത്യമായ ആസൂത്രണത്തോടെ തന്നെ മുന്നോട്ടു പോകുന്നുണ്ടെന്ന് മാളിന്റെ ഉടമസ്ഥരായ “ബസാറെക്” സി ഇ ഒ കരീം ശമ്മ പറഞ്ഞു. 433,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് സിറ്റിക്കുള്ളത്. ഖത്വറിലെ ആദ്യത്തെ ഐകിയ ഇതിനകം സിറ്റിയുടെ ഭാഗമായിട്ടുണ്ട്. രാജ്യത്തെ വലിയ വാണിജ്യ കേന്ദ്രം എന്ന വിശേഷണത്തിലേക്കാണ് ഫെസ്റ്റിവല്‍ സിറ്റി തയാറാകുന്നത്.
ആകെ 550 യൂനിറ്റുകളാണ് സിറ്റിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 19 18 സ്‌ക്രീന്‍ ഫോര്‍ ഡി വോക്‌സ് സിനിമ, ആന്‍ഗ്രി ബേര്‍ഡ് തീം പാര്‍ക്ക്, തീംഡ് റോള്‍ പ്ലേ സോണ്‍, ഇ-സ്‌പോര്‍ട്‌സ് ഗെയ്മിംഗ് അറീന, എഫ് വണ്‍ ആന്‍ഡ് ഫ്‌ളൈറ്റ് സിമുലേറ്റേഴ്‌സ്, സ്‌നോ പാര്‍ക്ക് തുടങ്ങിയവയെല്ലാം സിറ്റിയുടെ ആകര്‍ഷണീയതകളാണ്. ഉല്ലാസകരമായ ഷോപിംഗിന് കുടുംബങ്ങളെ ആകര്‍ഷിക്കുന്ന ആധുനികമായ എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയാണ് മാള്‍ ആസ്വാദക ഉപഭോക്താക്കളെ ക്ഷണിക്കുന്നത്.
മാളിലെ ഏകദേശം എല്ലാ സൗകര്യങ്ങളും സെപ്തംബര്‍ 29ന് തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കരീം ശമ്മ ദോഹ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒന്നോ രണ്ടോ തീം പാര്‍ക്കുകളും ഈ ദിവസത്തില്‍ തുറക്കാന്‍ ആഗ്രഹിക്കുന്നു. കച്ചവട കേന്ദ്രങ്ങളും സിനിമകളും തുറക്കും. ആക 550 യൂനിറ്റുകളില്‍ 400 എങ്കിലും തുറന്നു കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. ഇനിയും ഏഴു മാസങ്ങള്‍കൂടി അവശേഷിക്കുന്നതിനാല്‍ സ്ഥാപനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അനുമതി വാങ്ങുന്നതിന് പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാളില്‍ ഒരുക്കിയ സൗകര്യങ്ങള്‍ 90 ശതമാനവും ലീസിനു നല്‍കിക്കഴിഞ്ഞിട്ടുണ്ട്. റീട്ടൈലേഴ്‌സിനെ സിറ്റിയുടെ സൈറ്റില്‍ വിളിച്ച് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയിരുന്നു. വാടകക്കാര്‍ക്ക് സൗകര്യങ്ങളും നിര്‍മാണ പുരോഗതിയും അറിയിച്ചു കൊടുക്കുകയായിരുന്നു ലക്ഷ്യം. എല്ലാവരും സംതൃപ്തിയോടെയാണ് മടങ്ങിയത്. മാളിലെ പ്രധാന സ്റ്റോറുകള്‍ക്കെല്ലാം അവരുടെതായ ഇന്റീരിയര്‍ രൂപകല്‍പ്പനക്കും തയ്യാറെടുപ്പിനും വേണ്ടി സ്‌പെയ്‌സുകള്‍ കൈമാറിയിട്ടുണ്ട്.
ബ്രിട്ടീഷ് ബ്രാന്‍ഡായ ഹാര്‍വേ നികോള്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു ആശങ്കയുമില്ലാതെ തന്നെ സെപ്തംബര്‍ അവസാനം സിറ്റി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Latest