സ്‌കൂളുകളിലെ കുത്തിവെപ്പ് 21 മുതല്‍

Posted on: February 16, 2016 8:06 pm | Last updated: February 16, 2016 at 8:06 pm
SHARE

kuthiveppuദോഹ: രാജ്യത്തെ ഇന്‍ഡിപെന്‍ഡന്റ്, സ്വകാര്യ, കമ്യൂനിറ്റി സ്‌കൂളുകളിലെ സെക്കന്‍ഡറി വിഭാഗത്തിന് ഈ മാസം 21 മുതല്‍ ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ (ടി ഡി പി) എന്നിവക്കുള്ള വാര്‍ഷിക കുത്തിവെപ്പ് നടത്തും. വിദ്യാഭ്യാസ മന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ മാര്‍ച്ച് 17 വരെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കുത്തിവെപ്പ് ക്യാംപയിന്‍ നടത്തുക.
ഇതിന് വേണ്ടി കഴിഞ്ഞ ദിവസം പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു. പി എച്ച് സി സി നഴ്‌സുമാര്‍, സ്‌കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 220 പേര്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു. കൃത്യമായ കുത്തിവെപ്പ് നടത്തുന്നതിനാല്‍ ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ചുമ എന്നിവയില്‍ നിന്ന് രാജ്യം മുക്തമാണെന്ന് ആരോഗ്യ സംരക്ഷണ, പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും എല്ലാ പത്ത് വര്‍ഷവും കുത്തിവെപ്പ് നടത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതിനാലുമാണ് കുത്തിവെപ്പ് നടത്തുന്നത്. 2011 മുതല്‍ ആരംഭിച്ച പ്രചാരണത്തിന്റെ നേട്ടങ്ങളും അല്‍ റുമൈഹി വിശദീകരിച്ചു. കുത്തിവെപ്പിനെ സംബന്ധിച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഹ്മദ് ഖലാഫ് സംസാരിച്ചു. അത്തരം രോഗങ്ങള്‍ വരാതെ നോക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.