Connect with us

Ongoing News

കോടതി അലക്ഷ്യ കേസില്‍ മന്ത്രി കെസി ജോസഫ് മാപ്പു പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് മന്ത്രി കെ.സി. ജോസഫ്. കോടതിയലക്ഷ്യ കേസില്‍ മന്ത്രി സത്യവാങ്മൂലം നല്‍കി. മനഃപൂര്‍വമല്ല ഫേസ്ബുക്ക് പോസ്റ്റിട്ടത്. അറിയാതെ സംഭവിച്ച പിഴവാണ്. തെറ്റ് ബോധ്യമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചെന്നും മന്ത്രി പറഞ്ഞു. നിയമസഭയുള്ളതിനാല്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നും മന്ത്രി കോടതിയില്‍ ബോധിപ്പിച്ചു.

2015 ജൂണ്‍ 23ന് ഒരു ഹര്‍ജി പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ്, എജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്നും ബാര്‍ കേസില്‍ ബാറുടമകള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ഹാജരാകുന്നതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കില്‍ മന്ത്രിയുടെ പ്രതികരണം പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിര പരാമര്‍ശം നടത്തിയ ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയിരുന്നു കേസിന് ആധാരം. ചായത്തൊട്ടിയില്‍ വീണ കുറുക്കന്റെ ഓരിയിടല്‍ എന്നായിരുന്നു കോടതി നിരീക്ഷണത്തെ മന്ത്രി കെ സി ജോസഫ് അധിക്ഷേപിച്ചത്. ഇത് ക്രിമിനല്‍ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വി ശിവന്‍കുട്ടി എംഎല്‍എയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

മന്ത്രിയോട് നേരിട്ട് ഹാജരായി കുറ്റാരോപണങ്ങള്‍ക്കു മറുപടി നല്‍കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെ സംബന്ധിച്ചു മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയാണു ഹൈക്കോടതി പരിഗണിച്ചത്.