വ്യാപാരിയെ വെട്ടി പണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

Posted on: February 16, 2016 10:47 am | Last updated: February 16, 2016 at 10:47 am
SHARE

lockവടകര: ടൗണില്‍ ധനകാര്യ സ്ഥാപനം നടത്തുന്ന മുസ്‌ലിം ലീഗ് പുതിയാപ്പ് ശാഖ സെക്രട്ടറി പി പി സി മൊയ്തുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് നാല് ലക്ഷം രൂപ കവര്‍ന്ന കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. വടകര ബീച്ച് റോഡില്‍ മലയില്‍ മഹ്‌റൂഫ് എന്ന മനാഫ് (30) ആണ് പിടിയിലായത്.

വയനാട് തിരുനെല്ലിയെ ഉള്‍പ്രദേശത്ത് വെച്ച് വടകര സി ഐ. പി എം മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കും. 12,500 രൂപയും പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും പ്രതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആയിരക്കണക്കിന് മൊബൈല്‍ കോളുകള്‍ നിരീക്ഷിച്ചതിന് ശേഷമാണ് പ്രതി വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും.
കഴിഞ്ഞ ഡിസംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനം പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൊയ്തുവിനെ വീടിന് മുന്‍വശം വെച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ച് കാറിലെത്തിയ സംഘം പണവുമായി മുങ്ങുകയായിരുന്നു. കോഴിക്കോട്, മാനന്തവാടിക്കടുത്ത കുട്ട വഴി കര്‍ണാടയിലേക്ക് പോയ സംഘം ചിക്മംഗലൂരില്‍ വെച്ച് വേര്‍പിരിഞ്ഞു. പ്രതിയും മറ്റ് രണ്ട് പേരും ഗോവ വഴി മുംബൈയിലേക്ക് കടന്നു. വീണ്ടും ചിക്മഗലൂരില്‍ തിരിച്ചെത്തിയ മൂന്ന് പ്രതികള്‍ ഇഞ്ചിത്തോട്ടത്തില്‍ കാര്‍ ഒളിപ്പിക്കുകയും ദിവസങ്ങളോളം ഇവിടെ തങ്ങുകയും ചെയ്തു. പോലീസിന്റെ നീക്കങ്ങള്‍ മണത്തറിഞ്ഞ പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് വീണ്ടും വേര്‍പിരിയുകയും ചെയ്തു. മനാഫ് വയനാട്ടിലെത്തുകയും നേരത്തെ അറസ്റ്റിലായ പ്രതി അനീഷ് തോമസിനൊപ്പം മട്ടാഞ്ചേരിയിലേക്ക് മടങ്ങുകയുമായിരുന്നു. മഹ്‌റൂഫ് മൊയ്തുവിനെ വെട്ടുന്ന സമയത്ത് തുണികൊണ്ട് മുഖം മറച്ചത് അനീഷായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത താഴെ അങ്ങാടി സ്വദേശിക്ക് വേണ്ടിയും രണ്ട് മട്ടാഞ്ചേരി സ്വദേശികള്‍ക്ക് വേണ്ടിയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിലൊരാള്‍ വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു.
പ്രതികളായ അഞ്ച് പേരും വിദേശത്ത് വെച്ചാണ് പരിചയപ്പെടുന്നത്. കൃത്യം നിര്‍വഹിക്കുന്നതിന്റെ തലേ ദിവസം ഇവര്‍ മൊയ്തുവിനെ പിന്തുടര്‍ന്ന് നിരീക്ഷണം നടത്തിയിരുന്നു. വിദേശ കറന്‍സി വിനിമയം നടത്താന്‍ വടകരയില്‍ ലൈസന്‍സുള്ള ഏക വ്യക്തി മൊയ്തുവാണ്. ഇയാളില്‍ നിന്ന് എട്ട് ലക്ഷം രൂപ കവര്‍ച്ച നടത്താമെന്നായിരുന്നു പ്രതികളുടെ പ്രതീക്ഷയെന്ന് പോലീസ് പറഞ്ഞു. മറ്റ് മൂന്ന് പ്രതികള്‍ക്കായി നേരത്തെ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എസ് ഐ മാരായ സുധാകരന്‍, വിജയന്‍, സി സി പി ഒമാരായ യൂസുഫ്, രാജീവന്‍, സി പി ഒ ഷാജി, ഡ്രൈവര്‍ പ്രദീപന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.