ബാറ്ററി ഉപയോഗിച്ചും ഇനി വാഹനമോടിക്കാം

Posted on: February 16, 2016 10:44 am | Last updated: February 16, 2016 at 10:44 am
SHARE

hybrid carകോഴിക്കോട്: ബാറ്ററി ഉപയോഗിച്ച് വാഹനം ഓടുകയും അതേ വാഹനത്തിന്റെ ഓട്ടത്തിനനുസരിച്ച് ബാറ്ററി റീചാര്‍ജ് ചെയ്യുകയും ചെയ്യുന്ന ഹൈബ്രിഡ് വെഹിക്കിള്‍ പദ്ധതി നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ ശിവന്‍. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഐ എസ് ആര്‍ ഒ നിര്‍മിച്ച പവലിയന്റെ ഉദ്ഘാടനം ഐ ഐ എം കെ ഡയറക്ടര്‍ പ്രൊഫ. കുല്‍ഭൂഷണ്‍ ബലൂണിക്കാപ്പം നിര്‍വഹിച്ച ശേഷ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനായി വി എസ് എസ് സിയില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ വ്യവസായ ശാലകളും പൊതുജനങ്ങളും തയ്യാറാകണം. ഹെബ്രിഡ് വെഹിക്കിള്‍ എന്ന നൂതന ആശയം പ്രാവര്‍ത്തികമാക്കി ബസുകളും മറ്റ് ജനകീയ വാഹനങ്ങളും നിരത്തിലിറക്കാനാണ് വി എസ് എസ് സി ഉദ്ദേശിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ക്ക് പക്ഷെ വലിയ കയറ്റങ്ങളും മറ്റും ബാറ്ററിയുടെ ചാര്‍ജ് ഉപയോഗിച്ച് കയറുക ദുഷ്‌കരമായിരിക്കും. അതിനാല്‍ അത്തരം സാഹചര്യങ്ങളിലും വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്തും പെട്രോളോ ഡീസലോ ഉപയോഗപ്പെടുത്തും. വാഹനം നിശ്ചിത വേഗത്തില്‍ ഓടിത്തുടങ്ങിയാല്‍ ബാറ്ററിയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
സാറ്റലൈറ്റ് വിക്ഷേപണത്തിനുള്ള വലിയ റോക്കറ്റുകളുടെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ടണ്‍ ഭാരം വഹിക്കുന്ന റോക്കറ്റുകളാണ് നിലവില്‍ നിര്‍മിച്ചിട്ടുള്ളത്. നാല് ടണ്‍ ഭാരം വിക്ഷേപിക്കുവാന്‍ കഴിവുള്ള റോക്കറ്റുകളും നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് ഡോ. കെ ശിവന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here