Connect with us

Kerala

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ന് മുതല്‍ 'സൈബര്‍ ഡോം'

Published

|

Last Updated

തിരുവനന്തപുരം:സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പോലീസിന്റെ പുതിയ പദ്ധതി. സൈബര്‍ ഡോം എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതി ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാജ്യത്ത് വര്‍ധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുള്ള ഉപാധികള്‍ ഏകോപിപ്പിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് സൈബര്‍ ഡോം നടപ്പാക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായാണ് സൈബര്‍ ഡോം പ്രവര്‍ത്തിക്കുക. ഇന്ന് വൈകിട്ട് ആറിന് ടെക്‌നോപാര്‍ക്കിലെ ആംഫി തിയേറ്ററിലാണ് ഉദ്ഘാടനച്ചടങ്ങ്.
ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലാണ് ഓഫീസ് തയ്യാറാക്കുന്നത്. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 12 ഓളം പോലീസുകാരെ അവിടെ നിയമിക്കും. ഇവര്‍ക്ക് പരിശീലനത്തിനുള്ള സംവിധാനവും ഓഫീസില്‍ ഉണ്ടായിരിക്കും.
സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളും ടെക്‌നോപാര്‍ക്കിലെ സൈബര്‍ ഐ ടി കമ്പനികളുമെല്ലാം വികസിപ്പിക്കുന്ന സാങ്കേതിക വിദ്യയും സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
മാത്രമല്ല രാജ്യത്തിനകത്തും പുറത്തും നിന്നായി അഞ്ഞൂറിലധികം സൈബര്‍ വിദഗ്ധര്‍ പദ്ധതിയുമായി സഹകരിക്കും. ഇത്തരത്തില്‍ സഹകരിക്കുന്ന സോഫ്ട്‌വെയര്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പ്രതിഫലം നല്‍കും. മാത്രമല്ല സൈബര്‍ സുരക്ഷക്ക് അനുയോജ്യമായ ഉപകരണങ്ങള്‍ പോലീസുമായി ചേര്‍ന്ന് വികസിപ്പിക്കുന്നതിനുള്ള അവസരവുമുണ്ടാകം.
കര്‍ശന പരിശോധനക്ക് ശേഷമാകും വിദഗ്ധരെയും കമ്പനികളെയും സൈബര്‍ ഡോമിന്റെ ഭാഗമാക്കുന്നത്. സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേ കേരളത്തിലെ വിവിധ സൈബര്‍ സ്റ്റേഷനുകളിലും ജില്ലാ സൈബര്‍ സെല്ലുകളിലും വരുന്ന കേസുകളുടെ ഏകോപനം , അവര്‍ക്ക് ആവശ്യമുള്ള സാങ്കേതിക സഹായങ്ങള്‍, സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത് തടയാനുള്ള നിരീക്ഷണ സംവിധാനം എന്നിവയെല്ലാം സൈബര്‍ ഡോമില്‍ ഉണ്ടാകും.
ആഭ്യന്തരവകുപ്പ് സെക്രട്ടറി ചെയര്‍ പേഴ്‌സണും ക്രൈം എ ഡി ജി പി ചെയര്‍മാനുമായുള്ള പദ്ധതി നിര്‍വഹണ ബോര്‍ഡിനാണ് സൈബര്‍ ഡോമിന്റെ ചുമതല. 2013ല്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന കെ എസ് ബാലസുബ്രഹ്മണ്യമാണ് സൈബര്‍ ഡോം എന്ന ആശയം മുന്നോട്ടുവെച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന പുതു തലമുറയില്‍ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം ഏറെയാണ്.