Connect with us

National

ജെ എന്‍ യു പ്രക്ഷോഭം: കന്‍ഹയ്യക്കെതിരായ കേസ് എന്‍ ഐ എക്ക് വിടാന്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കന്‍ഹയ്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. ജസ്റ്റിസുമാരായ ബി ഡി അഹ്മദ്, ആര്‍ കെ ഗൗബ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുക. മൊത്തം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസില്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും എന്‍ ഐ എ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരികയുള്ളൂവെന്നും രഞ്ജന അഗ്നിഹോത്രി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

കേസ് ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ ഇടപെടേണ്ടതുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്ന് പരാമര്‍ശിച്ച കോടതി ഹരജിയില്‍ ഇന്ന് കൂടുതല്‍ വാദം കേള്‍ക്കും. “പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ഹരജി അടിയന്തരമായി പരിഗണിക്കേണ്ട കാര്യമെന്താ”ണെന്ന് കോടതി ആരാഞ്ഞു. ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോഴായിരുന്നു ബഞ്ചിന്റെ ചോദ്യം. അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനാണ് കന്‍ഹയ്യയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
സെക്ഷന്‍ 124എ (രാജ്യദ്രോഹം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകളാണ് എ ഐ എസ് എഫ് നേതാവായ കന്‍ഹയ്യക്കെതിരെ ചുമത്തിയത്. എ ബി വി പിയുടെയും ബി ജെ പി. എം പി മഹീഷ് ഗിരിയുടെയും പരാതിയിലാണ് കേസെടുത്തത്.

Latest