ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍. ഗീലാനിയെ അറസ്റ്റ് ചെയ്തു

Posted on: February 16, 2016 9:08 am | Last updated: February 16, 2016 at 8:28 pm
SHARE

sar geelaniന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയ അഫ്‌സല്‍ ഗുരുവിന് അനുകൂലമായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിയുയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍. ഗീലാനിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് ഗീലാനി അറസ്റ്റിലായത്. ന്യൂഡല്‍ഹിയിലെ പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയിലെ പരിപാടിയ്ക്കിടെയായിരുന്നു ഒരു സംഘം മുദ്രാവാക്യം മുഴക്കിയത്. പ്രസ്‌ക്ലബ് ഹാള്‍ ബുക്ക് ചെയ്തത് ഗീലാനിയുടെ ഇമെയില്‍ വിലാസത്തില്‍ നിന്നായതിലാണ് അറസ്റ്റ്.

ജെ.എന്‍.യുവിലെ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഇന്നലെ രാജ്യദ്രോഹക്കേസെടുത്തതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ സംഘം ചേരല്‍ എന്നിവ ചേര്‍ത്താണ് എഫ്‌ഐആര്‍ തയാറാക്കിയത്. വാര്‍ത്താ ചാനലുകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് പാര്‍ലമെന്റ് പാര്‍ക്ക് പൊലീസ് സ്‌റ്റേഷന്‍ അറിയിച്ചു. കേസെടുക്കുമ്പോള്‍ ആരുടെയും പരാതി കിട്ടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഗീലാനിയായിരുന്നു പരിപാടിയുടെ മുഖ്യ ആസൂത്രകന്‍. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവരുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 10നാണ് പ്രസ്‌ക്ലബിലെ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. രാജ്യദ്രോഹം(124A),ക്രിമിനല്‍ ഗൂഢാലോചന(120B), 149(നിയമവിരുദ്ധമായി സമ്മേളിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ എസ്.എ.ആര്‍ ഗീലാനിയെ കുറ്റവിമുക്തനാക്കിയ 2003 ഒക്ടോബറിലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് 2005 ആഗസ്തില്‍ സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാല്‍ സംശയമുന ഗീലാനിയിലേക്ക് നീളുന്നുണ്ടെങ്കിലും മതിയായ തെളിവുകളില്ലാതിരുന്നതിനാലാണ് കോടതി വെറുതെവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here