Connect with us

Kerala

തുഷാര്‍ പാര്‍ട്ടി പ്രസിഡന്റ് പദത്തില്‍ നിന്ന് മാറിയത് വരുമാനം പുറത്തറിയുമെന്നതിനാല്‍: വി എസ്

Published

|

Last Updated

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷവിമര്‍ശവുമായി വീണ്ടും വി എസ് അച്യുതാനന്ദന്‍. സ്വന്തം വരുമാനം കാണിക്കേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോഴാണ് ബി ഡി ജെ എസിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളി മാറി പകരം സുഭാഷ് വാസുവിനെ പ്രതിഷ്ഠിച്ചതെന്ന് വി എസ് പറഞ്ഞു. മൈക്രോ ഫിനാന്‍സിലൂടെ പാവപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന് പ്രസിഡന്റിന്റെ വരുമാനം കൂടി കാണിക്കേണ്ടതുണ്ടെന്ന് മനസിലാക്കിയാണ് മാറിയത്. കബളിപ്പിക്കപ്പെട്ട സ്ത്രീകള്‍ തിരഞ്ഞെടുപ്പിന് മുമ്പ് കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് വരുമെന്ന ഭീതി കൊണ്ടാണ് വെള്ളാപ്പള്ളിക്കും കുടുംബത്തിന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി ഡി ജെ എസ് എന്ന പേര് തന്നെ വെള്ളാപ്പള്ളി കടലാസില്‍ നോക്കിയാണ് വായിക്കുന്നത്. ഇത് ഇറക്കുമതി ചരക്കാണെന്നതിന്റെ തെളിവാണ്. സി പി എമ്മിനെ മ്യൂസിയത്തില്‍ വെക്കണമെന്ന് പറയുന്ന എ കെ ആന്റണി കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടി ഓര്‍മ്മിക്കണം. 464 എം പിമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 44 പേര്. ആരെയാണ് മ്യൂസിയത്തില്‍ വെക്കേണ്ടതെന്ന് ഇതില്‍ വ്യക്തമാണ്. സി പി എമ്മിന്റെ മദ്യനയം എന്താണെന്നാണ് ശംഖുമുഖത്ത് വന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത്. അത് ചോദിക്കാന്‍ വേണ്ടി മാത്രം വിമാനം പിടിച്ച് വരേണ്ടിയിരുന്നില്ല. കോടിയേരിയെ ഫോണില്‍ വിളിച്ചാല്‍ അറിയാമായിരുന്നില്ലേയെന്നും വി എസ് പരിഹസിച്ചു.

Latest