പാക് ഹിന്ദു വിവാഹ ബില്ലിലെ വിവാദ ഭാഗം ഒഴിവാക്കണമെന്ന്

Posted on: February 16, 2016 5:43 am | Last updated: February 15, 2016 at 11:44 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദു വിവാഹ ബില്ലിലെ വിവാദ വകുപ്പ് ഒഴിവാക്കണമെന്ന് പ്രമുഖ ഹിന്ദു സംഘടന ആവശ്യപ്പെട്ടു. ദമ്പതികളിലാരെങ്കിലും മുസ്‌ലിം മതത്തിലേക്ക് മാറിയാല്‍ വിവാഹം ദുര്‍ബലമാകുമെന്ന വകുപ്പിനെതിരെയാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഈ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തിലെ വനിതകളെ നിര്‍ബന്ധിത മതപരിവപര്‍ത്തനത്തിന് കാരണമാകുമെന്ന് സംഘടന ആരോപിച്ചു. ഈ വകുപ്പില്‍ പാക്കിസ്ഥാനിലെ ഹൈന്ദവ വിഭാഗത്തിന് ആശങ്കയുണ്ടെന്ന് പാക്കിസ്ഥാന്‍ ഹിന്ദു കൗണ്‍സിലിന്റെ മുഖ്യ രക്ഷാധികാരിയായ രമേഷ് വാങ്ക്വാനി പറഞ്ഞു. ബില്ലിലെ വിവാദ വകുപ്പ് ഹിന്ദു പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കും. പങ്കാളി മറ്റൊരു മതത്തില്‍ ചേര്‍ന്നാല്‍ വിവാഹം അസാധുവാകുമെന്നത് ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ നിര്‍ബന്ധിത മതുപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച് പരാതികള്‍ കടുത്തിരിക്കെയാണ് ബില്ലില്‍ വിവാദ വകുപ്പും ചേര്‍ത്തിരിക്കുന്നതെന്നും വാങ്ക്വാനി പറഞ്ഞു. ഹിന്ദു വിവാഹ ബില്ലിനായി പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗം വര്‍ഷങ്ങളായി ആവശ്യമുന്നയിച്ച് വരികയാണെങ്കിലും ഇപ്പോഴത്തെ വിവാദ വകുപ്പ് ഇവരെ ആശങ്കയിലാഴ്ത്തുകയാണ്. നാഷനല്‍ അസംബ്ലി കമ്മിറ്റി കഴിഞ്ഞ ആഴ്ചയാണ് ബില്‍ പാസാക്കിയത്.