രാഹുലിന് അമിത് ഷായുടെ എട്ട് ചോദ്യങ്ങള്‍

Posted on: February 16, 2016 6:00 am | Last updated: February 15, 2016 at 11:32 pm

Amith sha...ന്യൂഡല്‍ഹി: ജെ എന്‍ യു വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ എട്ട് ചോദ്യങ്ങളുമായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. ജെ എന്‍ യുവിലെ സമരത്തെ പിന്തുണച്ചെത്തിയ രാഹുല്‍ ഗാന്ധി രാജ്യദ്രാഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ ആരോപിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയോട് മറുപടി ആവശ്യപ്പെട്ട് എട്ട് ചോദ്യങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.
വിഘടനവാദ ആശയങ്ങളോട് രാഹുല്‍ കൈകോര്‍ക്കുന്നുണ്ടോ, രാജ്യത്ത് മറ്റൊരു വിഭജനത്തിന് ആവശ്യമുന്നയിക്കുന്നുണ്ടോ, രാജ്യ വിരുദ്ധമായ പ്രവര്‍ത്തികളോട് ഭരണകൂടം നടപടികളെടുക്കേണ്ടതുണ്ടോ, ഇന്ദിരാഗാന്ധി ഹിറ്റ്‌ലറെ പോലെയായിരുന്നുവെന്ന് രാഹുല്‍ വിശ്വസിക്കുന്നില്ലേ, അഫ്‌സല്‍ ഗുരുവിനെ രാജകീയമായി പ്രതിഷ്ഠിക്കുന്നവരും വിഘടനവാദികളെ പിന്തുണക്കുന്നതുമാണോ രാഹുല്‍ ഗാന്ധിയുടെ ദേശസ്‌നേഹം, സിയാച്ചിന്‍ മലനിരകളില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവര്‍ക്ക് അനുശോചനം അറിയിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിക്കുന്നത്.
പ്രതിഷേധക്കാര്‍ പിന്തുണയറിക്കാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ജെ എന്‍ യു ക്യാമ്പസില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനിടെ കരിങ്കൊടിയുമായി എ ബി വി പി പ്രവര്‍ത്തരെത്തിയപ്പോള്‍, ‘നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും പ്രതിഷേധിക്കാന്‍ അവസരമുള്ള ഒരു രാജ്യത്ത് ജീവിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു’ എന്നും പറഞ്ഞാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ഇത് സോഷ്യയില്‍ മീഡിയയില്‍ അടക്കം വന്‍ ചര്‍ച്ചയായിരുന്നു.