Connect with us

Editorial

ഇന്ത്യാ- യു എ ഇ കരാര്‍

Published

|

Last Updated

ഇന്ത്യന്‍ സമ്പദ്ഘടനക്ക് പുത്തന്‍ പ്രതീക്ഷയും യു എ ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസവുമേകുന്നതാണ് അടുത്ത ദിവസം ഡല്‍ഹിയില്‍ ഒപ്പ് വെച്ച ഇന്ത്യാ- യു എ ഇ കരാര്‍. അബുദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ആണവോര്‍ജം, പെട്രോളിയം, ബഹിരാകാശം, റെയില്‍വേ തുടങ്ങിയ മേഖലകളിലായി സുപ്രധാനമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. ഇന്ത്യയിലേക്ക് യു എ ഇയുടെ വന്‍തോതിലുളള നിക്ഷേമെത്തുന്നതിന് കരാര്‍ വഴിയൊരുക്കും. ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി തൊഴില്‍രംഗത്തെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംയുക്ത കര്‍മസമിതി രൂപവത്കരിക്കാനുള്ള തീരുമാനം പ്രവാസികള്‍ക്കും ഏറെ ആശ്വാസം പകരും.
കഴിഞ്ഞ ആഗസ്റ്റില്‍ നരേന്ദ്രമോദി നടത്തിയ യു എ ഇ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇത്തരമൊരു കരാര്‍ ഉരുത്തിരിഞ്ഞുവന്നത്. 7500 കോടി ഡോളറിന്റെ സംയുക്ത നിധി രൂപവത്കരിക്കാനുള്ള ധാരണയിലെത്തിയാണ് അന്ന് മോദി മടങ്ങിയത്. തുടര്‍ന്ന് സെപ്തംബര്‍ ആദ്യത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശമന്ത്രിമാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ-യു എ ഇ സംയുക്ത കമ്മീഷന്റെ യോഗം സാങ്കേതിക സാമ്പത്തിക മേഖലകളില്‍ ഉള്‍പ്പെടെ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. യു എ ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സാഹിദ് ആല്‍ നഹ്‌യാന്റെ സാന്നിധ്യത്തില്‍ നടന്ന അന്നത്തെ ചര്‍ച്ചക്കൊടുവില്‍ ഉന്നത വിദ്യാഭ്യാസം, വിനോദ സഞ്ചാരം, ശാസ്ത്ര ഗവേഷണം, ടെലി കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് നാല് ധാരണാ പത്രങ്ങളില്‍ ഒപ്പ് വെക്കുകയും അടുത്ത അഞ്ച് വര്‍ഷത്തിനിടെ വ്യാപാര ബന്ധത്തില്‍ 60 ശതമാനത്തിന്റെ വര്‍ധന വരുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. അതിനിടെ യു എ ഇയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ എണ്ണ സംഭരണി സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയും ഇന്ത്യന്‍ സ്ട്രാജറ്റിക് പെട്രോളിയം റിസര്‍വ്‌സ് കമ്പനിയും സഹകരിച്ചാണ് ഇത് സ്ഥാപിക്കാനൊരുങ്ങുന്നത്. ഊര്‍ജ പ്രതിസന്ധി രൂക്ഷമായ ഇന്ത്യക്ക് ഇത് വലിയൊരു മുതല്‍ക്കൂട്ടാകും.
ഇന്ത്യയുമായുള്ള നിക്ഷേപ ബന്ധങ്ങള്‍ യു എ ഇക്കും വന്‍തോതില്‍ ഗുണം ചെയ്യും. ഒരു കാലത്ത് എണ്ണയായിരുന്നു യു എ ഇയുടെ സമ്പദ്ഘടനയുടെ അസ്തിവാരമെങ്കില്‍ കാലക്രമേണ രാജ്യത്തിന്റെ വരുമാനത്തില്‍ എണ്ണക്കുള്ള പങ്ക് കുറഞ്ഞുവരികയാണ്. 1980ല്‍ 555 ബില്യന്‍ ദിര്‍ഹമായിരുന്ന യു എ ഇയുടെ മൊത്തം ആഭ്യന്തര ഉത്പാദന (ജി ഡി പി) ത്തിന്റെ 79 ശതമാനം എണ്ണയില്‍ നിന്നായിരുന്നു. എണ്ണയിതര മേഖലകളില്‍ നിന്നുള്ളത് 29 ശതമാനവും. 2014ല്‍ ജി ഡിപി 1.154 ട്രില്യന്‍ ദിര്‍ഹമിലേക്ക് വളര്‍ന്നപ്പോള്‍ എണ്ണയുടെ പങ്ക് 31 ശതമാനത്തിലേക്ക് താഴ്ന്നു. എണ്ണയിതര മേഖലകളില്‍ നിന്നാണ് 69 ശതമാനവും. എണ്ണയിതര മേഖലയുടെ വളര്‍ച്ചക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്ന വികസന കാഴ്ചപ്പാടിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സുഹൃദ് രാജ്യങ്ങളുമായി നിക്ഷേപ ബന്ധം വളര്‍ത്താനുള്ള നീക്കങ്ങള്‍ അടുത്തിടെ യു എ ഇ സജീവമാക്കിയിട്ടുണ്ട്. ഡിസംബറില്‍ ചൈനയുമായി പത്ത് മില്യന്‍ ഡോളറിന്റെ സഹകരണ നിക്ഷേപ കരാറില്‍ ഒപ്പ് വെച്ചിരുന്നു. ചൈനയെ പോലെ വിപണി സാധ്യത വര്‍ധിച്ച രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ചൈനയേക്കാള്‍ സാംസ്‌കാരികമായി അടുപ്പം അറബ് രാജ്യങ്ങള്‍ക്ക് ഇന്ത്യയോടാണ്. ഈ അനുകൂല സാഹചര്യം വ്യാപാര, വ്യാവസായിക മേഖകളിലെ വളര്‍ച്ചക്ക് സഹായകമാക്കാവുന്നതാണ്.
ഇന്ത്യയുമായി അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് യു എ ഇ. വാണിജ്യ, വ്യാപാര മേഖലകളില്‍ സഹസ്രാബ്ദങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ ഉറ്റബന്ധത്തിലാണ്. യു എ ഇ യുടെ ലോകത്തിലെ മൂന്നാമത്തെ പങ്കാളിയാണ് ഇന്ത്യ. യു എ ഇ പൗരന്മാര്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ കൂടുതല്‍ ആശ്രയിക്കുന്നതും ഇന്ത്യയെയാണ്. എന്നാല്‍ ഈ സൗഹൃദം ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് പ്രയോജനപ്പെടുത്തുന്നതിനും നിക്ഷേപ ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുമുള്ള ആസൂത്രിതവും ഫലവത്തുമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടായില്ല. പല സുഹൃദ്‌രാജ്യങ്ങളിലും വന്‍തോതില്‍ മുതല്‍മുടക്കാന്‍ യു എ ഇ മുന്നോട്ടുവന്നപ്പോള്‍ ഇന്ത്യ ആ പട്ടികയില്‍ സ്ഥലം പിടിക്കാതെ പോതിന്റെ കാരണം മുന്‍ ഭരണാധികാരികളുടെ നിസ്സംഗതയാണ്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം യു എ യില്‍ വിയര്‍പ്പൊഴുക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളുടെ കാര്യവും ചര്‍ച്ചയില്‍ വരേണ്ടതുണ്ട്. എണ്ണ വിലയിടിവ് പല ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യന്‍ പ്രവാസികളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ പ്രവാസ മേഖലയെ ബാധിക്കാതിരിക്കാനുള്ള ഫലപ്രദമായ നീക്കങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം. സംയുക്ത കര്‍മസമിതിക്കു കീഴില്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ ഇന്ത്യന്‍ പ്രവാസികളുടെ തൊഴില്‍ സൂരക്ഷ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.