ജയരാജനെ ജയിലിലടക്കുമ്പോള്‍

ആര്‍ എസ് എസ് ഗൂഢാലോചന പ്രകാരമാണ് സി ബി ഐ ഇങ്ങനെയൊരു കുരുക്ക് ജയരാജനു മുന്നിലിട്ടതെന്നാണ് സി പി എം ആക്ഷേപം. ഇതിന് തെളിവായി, സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വാക്കുകള്‍ ആര്‍ എസ് എസ്, ബി ജെ പി പ്രസിഡന്റിനയച്ച കത്തിനു സമാനമാണെന്ന് ആരോപിക്കുന്നു. കേരളത്തില്‍ സംഘപരിവാറിനു വളരാന്‍ സി പി എമ്മിനെ ഇല്ലാതാക്കാനാണ് ജയരാജനെതിരെ യു എ പി എ ചുമത്തിയതെന്നും ഇവര്‍ പറയുന്നു. എന്തായാലും തിരഞ്ഞെടുപ്പിനു മുമ്പ് സോളാര്‍, ബാര്‍ കേസുകളില്‍ മുങ്ങി നില്‍ക്കുന്ന യു ഡി എഫിന് സി പി എമ്മിനെ അടിക്കാന്‍ ഈയൊരു വിഷയം ലഭിച്ചുവെന്നത് കാണാതെ പോകരുത്. കേരളത്തില്‍ താമര വിരിയിക്കാന്‍ കാത്തു നില്‍ക്കുന്ന അമിത്ഷാ ക്കും സംഘപരിവാറിനും ഇത് ഗുണം ചെയ്യും.
Posted on: February 16, 2016 6:00 am | Last updated: February 15, 2016 at 11:12 pm
SHARE

P-Jayarajan 2ത്യാഗനിര്‍ഭരമായ ഭൂതകാലത്തിന്റെ അഗ്നിവീഥികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റവരെന്നു സ്വയം അഭിമാനിക്കുന്നവരാണ് കണ്ണൂരിലെ രാഷ്ടീയക്കാര്‍. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും ലീഗുകാരും സംഘ്പരിവാരുകാരുമെല്ലാം ഇത്തരം അഭിമാനങ്ങള്‍ സ്വയം നെഞ്ചേറ്റാറുണ്ട്. ബ്രിട്ടീഷ്-ജന്മിവാഴ്ചക്കെതിരെ രക്തരൂഷിത സമരങ്ങള്‍ കോരിത്തരിപ്പിച്ച ചുവന്ന മണ്ണില്‍ ചവുട്ടി നിന്ന് സമരങ്ങളുടെ തീപ്പന്തം ജ്വലിപ്പിച്ച് സി പി എം ഇത് കേരളത്തിന്റെ ചെങ്കോട്ടയാണെന്ന് വിളിച്ചുപറയുമ്പോള്‍ സ്വാതന്ത്ര്യ സമര പാരമ്പര്യം അരക്കിട്ടുറപ്പിച്ച് തങ്ങളുടെ തട്ടകമാണിതെന്ന് കാണ്‍ഗ്രസും നിലനില്‍പ്പിന്റെ പോരാട്ടത്തിന് അരയും തലയും മുറുക്കിയവരാണ് തങ്ങളെന്ന് സംഘ്പരിവാര്‍ സംഘടനകളും ഉദ്‌ഘോഷിക്കുന്നു. അവരവരുടെ തട്ടകങ്ങള്‍ക്ക് ശക്തി പകരാന്‍, സ്വാധീന വലയം ഒന്നുകൂടി ശക്തിപ്പെടുത്താന്‍ കണ്ണൂരിലെ രാഷ്ട്രീയക്കാര്‍ ഒരുങ്ങിയിറങ്ങുമ്പോഴാണ് ഈ നാടിന്റെ കഥ മാറുന്നത്. കേരളത്തിന്റെ മറ്റേത് ദിക്കിലും കണ്ണൂര്‍ എന്ന് കേട്ടാല്‍ നേരിയൊരു ഭയപ്പാട് സൃഷ്ടിക്കാന്‍ തക്ക രീതിയില്‍ ഈ നാട് മാറുന്നതും അപ്പോഴാണ്. പക്ഷേ, കണ്ണൂരിന്റെ ഹൃദയം തൊട്ടറിഞ്ഞവര്‍ക്കറിയാം, സ്‌നേഹിച്ചാല്‍ കരളും പറിച്ചു തരുന്നവരുടെ നാടാണിതെന്നും ഇന്നാട്ടുകാരുടെ നിഷ്‌കളങ്കതയെന്താണെന്നതും.
കണ്ണൂരിലെ വര്‍ത്തമാനകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതിയെ ആരാണ് മാറ്റി മറിച്ചതെന്നും എങ്ങനെയാണ് മാറി മറിഞ്ഞതെന്നും അന്വേഷിച്ചാല്‍ അതിന് അധിക കാലത്തെ പഴക്കമുണ്ടാകില്ല. രണ്ടോ മൂന്നോ പതിറ്റാണ്ടിനുള്ളിലായാണ് കണ്ണൂരില്‍ ഒരുപക്ഷേ മറ്റു ജില്ലകളില്‍ നിന്നു വേറിട്ട രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഘോഷയാത്ര തുടങ്ങിയത്. കത്തിയും കുറുവടിയും ബോംബും കൊണ്ട് തുടങ്ങിയ നിലനില്‍പ്പിന്റെ രാഷ്ട്രീയം വലിയ അത്യാപത്തിലേക്കായിരുന്നു കണ്ണൂരിനെ കൊണ്ടുചെന്നെത്തിച്ചത്. മൂന്ന് പതിറ്റാണ്ടിനുള്ളില്‍ നൂറു കണക്കിനാളുകളെ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും നിഷ്‌കാസനം ചെയ്തപ്പോള്‍ കണ്ണൂരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പ്രതി സ്ഥാനത്ത് തല ഉയര്‍ത്തിയോ തല താഴ്ത്തിയോ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഏറ്റവും കൂടുതലാളുകള്‍ കൊല്ലപ്പെട്ടതിന്റെ കണക്ക് സി പി എമ്മിന്റെയും ആര്‍ എസ് എസിന്റെയും പട്ടികകളിലിടം പിടിച്ചു. എല്ലാ കൊലപാതകങ്ങളുടെ പിന്നിലും ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ വികാരം നില നില്‍പ്പിന്റെത് തന്നെയാണെന്ന് നിസ്സംശയം പറയാം. തങ്ങളുടെ അധീശ കേന്ദ്രത്തില്‍ മറ്റൊരാളുടെ കടന്നുവരവ് സൃഷ്ടിച്ച അലോസരമാണ് വ്യക്തി വിരോധമായും സംഘടനാ പ്രശ്‌നങ്ങളായും കൊലപാതകങ്ങളില്‍ കലാശിച്ചത്. ഫാസിസത്തിന്റെ കടന്നു വരവിനെ ചെറുക്കാനെന്ന് സി പി എം പറയുമ്പോള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചുവെന്ന് ആര്‍ എസ് എസ് പല സംഭവങ്ങള്‍ക്കു ശേഷവും മുറവിളി കൂട്ടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ‘പ്രത്യേക ആസൂത്രകന്‍’മാരുണ്ടെന്ന ആരോപണം അടുത്ത കാലത്താണ് ഉയര്‍ന്നുവന്നത്. ആരു കൊല്ലപ്പെട്ടാലും ഇന്നയാളാണു പിന്നിലെന്ന രീതിയിലുള്ള പ്രചാരണത്തിനു ശക്തി പകരാന്‍ സി പി എം ഒഴികെയുള്ള സംഘടനകള്‍ക്ക് സാധിച്ചുവെന്നുള്ളതാണ് സത്യം. മറ്റൊരു രാഷ്ട്ട്രീയ പാര്‍ട്ടിക്കുമില്ലാത്ത ഇത്തരത്തിലുള്ള ദുഷ്‌പേര് സി പി എമ്മിന്റെ ചില നേതാക്കള്‍ക്കു മേല്‍ മാത്രം വന്നു പതിച്ചത് ബോധപൂര്‍വമോ അല്ലാതെയോയുള്ള പ്രചാരണങ്ങള്‍ കൊണ്ടാകാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കളില്‍ ഇത്തരം ആസൂത്രകരുടെ പേര് ആരും അങ്ങനെ പറഞ്ഞു കേള്‍ക്കാറുമില്ല. മറ്റു പാര്‍ട്ടിക്കാര്‍ നടത്തുന്ന കൊലപാതകങ്ങളെല്ലാം ആസൂത്രണമില്ലാതെയും സി പി എം നടത്തുന്നത് മാത്രം ആസൂത്രണത്തോടെയുമാണ് എന്ന് വരുമോ എന്നാണ് സി പി എമ്മുകാര്‍ ചോദിക്കുന്നത്.
ഇതിനകം 160ലധികം രക്തസാക്ഷികളാണ് സി പി എമ്മിന് മാത്രം കണ്ണൂര്‍ ജില്ലയിലുണ്ടായിട്ടുള്ളത്. അതിനേക്കാളേറെയാണ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അംഗഭംഗം വന്നവരുടെ എണ്ണം. സംഘ്പരിവാര്‍ ‘ബലിദാനി’കളുടെ എണ്ണത്തിലും വലിയ ഏറ്റക്കുറച്ചിലില്ല. എല്ലാ രാഷ്ട്രീയ അക്രമങ്ങളുടെ പേരിലും പോലീസ് കേസെടുക്കുകയും അന്വേഷിക്കുകയും ചെയ്യാറുണ്ട്. ഏതാണ്ട് എല്ലാ കേസുകളിലെയും പ്രതികള്‍ നിയമത്തിനു മുന്നിലെത്താറുമുണ്ട്. എന്നാല്‍ കുറ്റവാളികള്‍ തന്നെയാണോ ശിക്ഷിക്കപ്പെടുന്നതെന്ന ആശങ്ക അടുത്ത കാലത്താണ് ഉയര്‍ന്നുവന്നത്.
യഥാര്‍ഥ കുറ്റവാളികള്‍ പിടിക്കപ്പെട്ടാല്‍ അക്രമം ഇല്ലാതാകുമെന്നും ആസൂത്രകരെ പിടികൂടിയാല്‍ ശാശ്വത സമാധാനമുണ്ടാകുമെന്നുമുള്ള വാദങ്ങള്‍ അന്തരീക്ഷത്തിലുണ്ടായി. അനേകം കൊലപാതകങ്ങള്‍ നടന്നിട്ടുള്ള കണ്ണൂരില്‍ കൊല ചെയ്യുന്നവര്‍ സാധാരണ പ്രതികളാകാറില്ല. ഏത് പാര്‍ട്ടിയില്‍ പെട്ടതായാലും നേതാക്കള്‍ കൊലയാളികളെ ഒളിപ്പിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന കൊലയാളികളെ പാര്‍ട്ടി സംരക്ഷിക്കുന്നു. കൊലയാളികള്‍ പോലീസ് പിടിയിലാകാതിരിക്കാന്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ സംരക്ഷണം നല്‍കുന്നു. കൊലയാളികളെ സംരക്ഷിക്കുന്നതിനോടൊപ്പം പോലീസുമായി ധാരണയുണ്ടാക്കി വ്യാജ പ്രതികളെ സൃഷ്ടിക്കുന്നു. ഇത്തരം വിലയിരുത്തലുകള്‍ ഏറെക്കുറെ ശരിയാണ് താനും. പാര്‍ട്ടിക്ക് സ്വീകാര്യരായ പ്രതികളെ ഹാജരാക്കി കേസ് ദുര്‍ബലപ്പെടുത്തി ആര്‍ക്കും ശിക്ഷ കിട്ടാത്ത തരത്തില്‍ കേസ് ഡയറി മാറ്റി എഴുതി നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപത്തിന് പലരും പല സംഭവങ്ങളെയും ഉദാഹരിച്ച് കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം കൂടുതല്‍ ചര്‍ച്ചയായതോടെയാണ് ആസൂത്രകരെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. എന്നാല്‍ തുടക്കത്തിലേ തന്നെ ഇക്കാര്യങ്ങള്‍ വലിയ ആക്ഷേപങ്ങള്‍ക്കിടയാക്കി. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി എതിരാളികളെ ലക്ഷ്യം വെക്കാന്‍ ഇത്തരം അന്വേഷണങ്ങള്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു വലിയ പരാതി. കണ്ണൂരില്‍ തുടക്കം മുതലേ രാഷ്ടീയ പ്രതിയോഗികള്‍ സി പി എമ്മിന്റെ ജില്ലയിലെ ശക്തനായ നേതാവായ പി ജയരാജനെയാണ്് ലക്ഷ്യം വച്ചിരുന്നതെന്ന് തെളിവു സഹിതം സി പി എം വ്യക്തമാക്കുന്നു. കണ്ണൂരിലെ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ നേരത്തെ തന്നെ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതു മുതല്‍ ജയരാജന്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തി. കേരളത്തില്‍ ഒരിടത്തും പാര്‍ട്ടിക്ക് ഇതു വരെ കൊണ്ടുവരാന്‍ കഴിയാതിരുന്ന സാന്ത്വന പരിചരണ സംഘടനക്കും കുറുവടി സേനക്കും രൂപം നല്‍കിയ ജയരാജന്‍ യോഗയും കരാട്ടെ പരിശീലനവുമെല്ലാം കൊണ്ട് കണ്ണൂരിലെ പാര്‍ട്ടിയില്‍ യുവത്വത്തിന്റെ ശക്തി കൂട്ടി. കമ്മ്യൂണിസ്റ്റുകാരന്റെ ധാര്‍ഷ്ട്യവും ധൈര്യവും കാര്‍ക്കശ്യവുമുപയോഗിച്ച് പാര്‍ട്ടി നിശ്ചയിച്ച കാര്യങ്ങള്‍ കടുകിടെ തെറ്റാതെ ജയരാജന്‍ നടപ്പാക്കി. സംഘ്പരിവാറില്‍ നിന്നു പോലും ആളുകളെ സിപി എമ്മിലേക്കു കൊണ്ടുവരാനുള്ള പുതിയ തന്ത്രങ്ങളും ജയരാജന്‍ മെനഞ്ഞു. ഏത് ജോലിയും ആത്മാര്‍ഥമായി ചെയ്യുകയും അതിന്റെ ദുരന്തവും തുരിതവും പേറി ജീവിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനു നേരെയുള്ള കുരുക്കുകള്‍ എതിരാളികള്‍ മുറുക്കുകയാണെന്നാണ് സി പി എം ആക്ഷേപമുന്നയിക്കുന്നത്.
മറ്റൊരു കേസിലും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ ആസൂത്രകനെന്ന് ആരോപിക്കുകയോ കേസിലുള്‍പ്പെടുത്തുകയോ ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. നൂറു കണക്കിന് സി പി എമ്മുകാരെ ഗൂഢാലോചന നടത്തി പലരും കൊന്നുതള്ളിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൊലപാതകങ്ങളുടെ കണക്കും അതോട് ചേര്‍ത്ത് വായിക്കപ്പെടുന്ന നേതാക്കളുടെ പേരുകളും സി പി എം ഇതോടൊപ്പം ഉന്നയിക്കുന്നു. എന്നാല്‍ ജയരാജനെ മാത്രം എന്തുകൊണ്ട് തിരഞ്ഞു പിടിച്ചു വേട്ടയാടുന്നുവെന്നുള്ള ചോദ്യവും അവര്‍ ഉച്ചത്തില്‍ ഉയര്‍ത്തുന്നു. അതോടൊപ്പം, പി ജയരാജനെപ്പോലെ ക്രൂരമായ രാഷ്ട്രീയ അക്രമത്തിനിരയാകേണ്ടി വന്ന ഒരാള്‍ മറ്റൊരു പാര്‍ട്ടിയിലുമില്ലെന്ന് കണ്ണൂരിലെ അണികള്‍ ചൂണ്ടിക്കാട്ടുന്നു. 1999 ആഗസ്റ്റ് 25ന് തിരുവോണ നാളില്‍ വീട്ടിലെത്തി സദ്യയും കഴിച്ച് വിശ്രമിക്കുമ്പോഴാണ് ആര്‍ എസ് എസുകാര്‍ അദ്ദേഹത്തെ വെട്ടിനുറുക്കിയത്. വര്‍ഷങ്ങള്‍ ഏറെയായിട്ടും അക്രമം ശേഷിപ്പിച്ച ശാരീരിക വിഷമതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല. വെട്ടേറ്റുതൂങ്ങിയ വലതുകൈ തുന്നിച്ചേര്‍ത്തെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. ഇടതുകൈയിലെ നാല് വിരലില്‍ സ്പൂണ്‍ പിടിപ്പിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എഴുത്തും ഇടതുകൈകൊണ്ടുതന്നെ. ശാരീരിക വിഷമതകള്‍ വശംകെടുത്തുമ്പോഴും സദാസമയവും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് എല്ലാ വേദനയും മറക്കുന്നയാളാണ് ജയരാജന്‍. ഈ ജയരാജനെത്തന്നെ വീണ്ടും തിരഞ്ഞു പിടിച്ച് എന്തിനു ശിക്ഷിക്കുന്നുവെന്നാണ് സി പി എമ്മിന്റെ ചോദ്യം. തനിക്കാരോടും വിരോധമില്ല, തന്നെ കൊല്ലാന്‍ ആയുധങ്ങളുമായി വന്നവരോട് പോലും… ജയരാജന്‍ ഇങ്ങനെ പറയുമ്പോള്‍ ജയരാജന്‍ വധ ശ്രമക്കേസിലെ പ്രതിയായ മനോജിനെ കൊലപ്പെടുത്തിയതിന് എങ്ങനെ ജയരാജനെ കുടുക്കാനാവുമെന്ന ചോദ്യവും സി പി എം ഉന്നയിക്കുന്നുണ്ട്. 2014 ജനുവരി 28ന് ബി ജെ പി മുന്‍ ദേശീയസമിതി അംഗം ഒ കെ വാസുവും മുന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ അശോകനും ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കളെ സി പി എമ്മിലേക്കെത്തിച്ചത്, സംഘ്പരിവാര്‍ എപ്പോഴും ബദ്ധശത്രുവായിക്കാണുന്ന ജയരാജനാണ്. കൊലക്കത്തിയില്‍ നിന്ന് രക്ഷപ്പെട്ട പി ജയരാജനോടുള്ള ആര്‍ എസ് എസിന്റെ ശത്രുത ആളിക്കത്തിച്ചതായിരുന്നു ആ സംഭവം. 99ല്‍ ജയരാജനെ ചോരയില്‍മുക്കിയ ആര്‍ എസ്എസ് അന്ന് മുതല്‍ അദ്ദേഹത്തിന് പിറകെയുണ്ടെന്ന് സി പി എം ഇപ്പോഴും ആരോപിക്കുന്നു. ഇത്തരം രാഷ്ടീയ നീക്കങ്ങളുടെ ഭാഗമാണ് ജയരാജനെ യു എ പി എ ചുമത്തി തുറുങ്കിലടക്കുന്നതിലേക്ക് കൊണ്ടെത്തിച്ചതെന്നും അവര്‍ പറയുന്നു.
സി പി എമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂരിലെ ജില്ലാ സെക്രട്ടറിയെന്നാല്‍ സംസ്ഥാന സെക്രട്ടറിയെപ്പോലെയാണ്. കണ്ണൂരിലെ പാര്‍ട്ടിയാണ് സംസ്ഥാനത്തെ പാര്‍ട്ടി, മാത്രവുമല്ല, സി പി എം സംസ്ഥാന നേതാക്കളായി മാറിയവരില്‍ മിക്കവരും കണ്ണൂരിലെ മുന്‍ ജില്ലാ സെക്രട്ടറിമാരായിരുന്നു. അതു കൊണ്ട് ജില്ലാ സെക്രട്ടറിയെ കുടുക്കിയാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമേല്‍പ്പിക്കുക തന്നെ ചെയ്യും. ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ് സി പി എമ്മിനെതിരെ ‘ഗൂഡാലോചന’ക്കേസുകളുടെ കൂടി ശക്തമായ കുന്തമുന നീളുന്നത്. തളിപ്പറമ്പ് അരിയില്‍ സ്വദേശി എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന അബ്ദു ഷൂക്കൂര്‍, തലശ്ശേരി നങ്ങാറത്ത് പീടികയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസല്‍ എന്നിവരുടെ വധവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ടി പി ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ടീമിനെതിരെ ആരോപണം ഉയര്‍ന്ന സമയത്തുതന്നെയാണ് ഫസല്‍ വധക്കേസിലെ അന്വേഷണവും പൂര്‍ത്തിയാകുന്നത്. ഈ കൊലക്കുപിന്നിലെയും ഗൂഢാലോചന അന്വേഷിക്കപ്പെട്ടു. ടി പി ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട്ടെ പ്രമുഖ നേതാവ് മോഹനന്‍ മാസ്റ്ററെയടക്കം ജയിലിലടച്ചു. എല്ലാ കേസുകളിലും സി ബി ഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ചില കേസുകളില്‍ അന്വേഷണം തുടങ്ങി. ഏറ്റവുമൊടുവിലാണ് ജയരാജന്‍ മനോജ് വധക്കേസിലുള്‍പ്പെട്ട് ഇപ്പോള്‍ ജയിലിലടക്കപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് സി പി എം ഭരണകൂടത്തിനെതിരെ ഉയര്‍ത്തുന്ന വാദമുഖങ്ങളില്‍ ചിലത് ഒരേ സമയം ചര്‍ച്ച ചെയ്യേണ്ടി വരുന്നുമുണ്ട്. ആര്‍ എസ് എസ് ഗൂഢാലോചന പ്രകാരമാണ് സി ബി ഐ ഇങ്ങനെയൊരു കുരുക്ക് ജയരാജനു മുന്നിലിട്ടതെന്നാണ് സി പി എം ആക്ഷേപം. ഇതിന് തെളിവായി സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വാക്കുകള്‍ ആര്‍ എസ് എസ്, ബി ജെ പി പ്രസിഡന്റിനയച്ച കത്തിനു സമാനമാണെന്ന് അവര്‍ ആരോപിക്കുന്നു. കേരളത്തില്‍ സംഘ്പരിവാറിനു വളരാന്‍ സി പി എമ്മിനെ ഇല്ലാതാക്കാനാണ് ജയരാജനെതിരെ യു എ പി എ ചുമത്തിയതെന്നും അവര്‍ പറയുന്നു. എന്തായാലും തിരഞ്ഞെടുപ്പിനു മുമ്പ് സോളാര്‍, ബാര്‍ കേസുകളില്‍ മുങ്ങി നില്‍ക്കുന്ന യു ഡി എഫിന് സി പി എമ്മിനെ അടിക്കാന്‍ ഈയൊരു വിഷയം ലഭിച്ചുവെന്നത് കാണാതെ പോകരുത്. കേരളത്തില്‍ താമര വിരിയിക്കാന്‍ കാത്തു നില്‍ക്കുന്ന അമിത്ഷാക്കും സംഘ്പരിവാറിനും ഇത് ഗുണം ചെയ്യും.
അതേസമയം, മനഷ്യാവകാശങ്ങള്‍ക്ക് കടക വിരുദ്ധമായ യു എ പി എ കേരളത്തില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ സമര്‍ഥമായി ഉപയോഗിക്കുകയാണെന്ന ആരോപണം ജയരാജന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പുതിയ ചര്‍ച്ചക്കു വഴിവെച്ചിട്ടുണ്ട്. മാവോയിസ്റ്റെന്നും രാജ്യദ്രോഹിയെന്നും ചാപ്പകുത്തി ഇതിന്റെ കെടുതി ഏറ്റുവാങ്ങിയവരില്‍ ഏറ്റവുമൊടുവിലത്തെ ഇരയാണ് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. രാഷ്ട്രീയകൊലക്കേസില്‍ യു എ പി എ ചാര്‍ത്തുന്നതും ആദ്യമായി മനോജ് വധക്കേസിലാണ്. ജയരാജനെ പ്രതിചേര്‍ക്കുമെന്ന് സി പി എം നേതൃത്വം നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയവും നിയമപരവുമായ വഴികളും അവര്‍ തേടി. എന്നാല്‍, എല്ലാം പാളിപ്പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് രണ്ട് തവണ കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ഭാഗവതിന്റെ സമാധാന വിളിക്ക് അനുകൂല സമീപനം അറിയിച്ചതും സി ബി ഐയുടെ പിടിമുറുക്കത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷകിട്ടണമെന്ന ആലോചനയിലായിരുന്നുവെന്ന വിമര്‍ശവും ഇതിനകം ഉയര്‍ന്നിരുന്നു. എന്തായാലും ജയരാജന്റെ അറസ്റ്റ് കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പുതിയ പാഠമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തണമെന്നും ഫാസിസത്തെ എങ്ങനെ ചെറുക്കണമെന്നും അതിന് ഏതു മാര്‍ഗമുപയോഗിക്കണമെന്നും കൃത്യമായി നിരീക്ഷിച്ച് പഠിക്കാന്‍ പറ്റിയ സമയായിത്തന്നെ കേരളത്തിലെ ഈ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയെ കണക്കിലെടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here