Connect with us

Kerala

പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Published

|

Last Updated

കണ്ണൂര്‍/കോഴിക്കോട്:സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പാര്‍പ്പിക്കാന്‍ നിയമടസ്സങ്ങള്‍ നേരിടുന്നതിനാലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇന്നലെ വൈകീട്ട് മൂന്നോടെ ഡിസ്ചാര്‍ജ് സംബന്ധിച്ച കടലാസുകള്‍ തയ്യാറെങ്കിലും ആശുപത്രി ബില്‍ അടക്കാന്‍ വൈകിയതിനാല്‍ കോഴിക്കോട്ടേക്ക് പോകുന്നതിന് തടസ്സം നേരിട്ടു. ജയില്‍ അധികൃതര്‍ യഥാസമയം ബില്‍ അടക്കാന്‍ തയ്യാറായില്ലെന്ന് പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാനും സി പി എം നേതാവുമായ എം വി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജയില്‍ അധികൃതര്‍ എത്തി ബില്‍ അടച്ച ശേഷം ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ജയരാജന്‍ കോഴിക്കോട്ടേക്ക് പോയത്. ഐ സി യു സൗകര്യമുള്ള ആംബുലന്‍സിലായിരുന്നു യാത്ര. ജയരാജന് അഭിവാദ്യം അര്‍പ്പിക്കാന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നൂറുകണക്കിന് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. വൈകീട്ട് 7.30 ഓടെയാണ് ആംബുലന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത്. ജയാരജന്റെ വാഹനം മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞതിനാല്‍ അഞ്ച് മിനുട്ടോളം വാഹനത്തിലിരുത്തിയ പോലീസ് പിന്നീട് മാധ്യമ പ്രവര്‍ത്തകരെ തള്ളിനീക്കി അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു.
മാധ്യമപ്രര്‍ത്തകരെ കൂടാതെ എം വി ജയരാജന്‍, എ എന്‍ ഷംസീര്‍, അഡ്വ. മുഹമ്മദ് റിയാസ് തുടങ്ങിയ സി പി എം നേതാക്കളും ഏതാനും പവര്‍ത്തകരും ആശുപത്രിക്ക് മുമ്പില്‍ എത്തിയിരുന്നു. പ്രാഥമിക പരിശോധനക്ക് ശേഷം അദ്ദേഹത്തെ വിദഗ്ദ പരിശോധനക്കായി കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ജയില്‍ സൂപ്രണ്ട് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. റിമാന്‍ഡ് പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ജയില്‍ ചട്ടം.
എന്നാല്‍ നേരത്തെ ഇത് അനുവദിച്ചത് അപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ചായിരുന്നു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ പോലും 24 മണിക്കൂറിലധികം റിമാന്‍ഡ് പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് നിയമം. അതുകൊണ്ട് ജയരാജനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങണമെന്ന് ജയില്‍ സൂപ്രണ്ട് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജയരാജന് കോടതിയില്‍ കീഴടങ്ങിയത്. തലശ്ശേരി സെക്ഷന്‍സ് കോടതിയില്‍ കീഴടങ്ങിയ ജയരാജന്‍ അടുത്ത മാസം 11വരെ റിമാന്‍ഡിലാണ്. യു എ പി എ നിയമപ്രകാരമാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

---- facebook comment plugin here -----

Latest