Connect with us

Kerala

കേരളത്തോളം മതസൗഹാര്‍ദം മറ്റെങ്ങുമില്ല: ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം: ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ കേരളത്തോളം മതസൗഹാര്‍ദം കാക്കുന്ന മറ്റൊരു സംസ്ഥാനവുമില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ജനാധിപത്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണ്. മലയാളിയുടെ പ്രബുദ്ധതയാണ് തദ്ദശ തെരഞ്ഞെടുപ്പുകളുടെ സുഗമമായ നടത്തിപ്പിന് നിദാനമാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാരുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതും എല്ലാ ബൂത്തുകളിലും ഇലക്‌ട്രോണിക് വോട്ടിംഗ്് യന്ത്രം കൊണ്ടുവന്നതും തെരഞ്ഞെടുപ്പ് കമീഷന്റെ നേട്ടമാണ്. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്് ഏര്‍പ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് കൂടുതല്‍ സുതാര്യത കൈവരുത്തുന്നു. വോട്ടര്‍ പട്ടിക തിരുത്തലുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയത് മാതൃകാപരമാണ്.സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇതേറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
2015 തദ്ദേശതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടും ലാന്റ്മാര്‍ക്ക് ജഡ്ജ്‌മെന്റ് മൂന്നാം വാല്യവും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഡോ. എം കെ മുനീര്‍, വി കെ ഇബ്രാഹിംകുഞ്ഞ്, കെ മുരളീധരന്‍ എം എല്‍ എ, തെരഞ്ഞെടുപ്പ് കമീഷന്‍ സെക്രട്ടറി പി. ഗീത തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Latest