ബിസിനസ്സ് സെന്ററുകള്‍ വിഭജിച്ച് നല്‍കാം; ചെറുകിട സംരംഭകര്‍ക്ക് സൗകര്യമാകും

Posted on: February 15, 2016 10:36 pm | Last updated: February 17, 2016 at 8:46 pm
SHARE

officeദോഹ: ബിസിനസ്സ് സെന്റര്‍ വിഭജിച്ച് മറ്റ് കമ്പനികള്‍ക്ക് ഓഫീസ് സ്‌പെയ്‌സ് സൗകര്യം നല്‍കുന്നതിന് കമ്പനികള്‍ക്ക് വാണിജ്യ മന്ത്രാലയം അനുമതി നല്‍കി. നിക്ഷേപകരെയും വ്യവസായികളയും ചെറുകിട, ഇടത്തരം സംരംഭകരെയും ആകര്‍ഷിക്കുന്നതിന് വേണ്ടിയാണിത്. ഓപണ്‍ വര്‍ക്‌സ്‌പെയ്‌സ്, അടുത്ത പങ്കാളികള്‍ക്ക് വിഭജിച്ച് നല്‍കല്‍, കൂടുതല്‍ സ്വകാര്യത നല്‍കുന്ന തരത്തില്‍ തടസ്സങ്ങള്‍ മാറ്റല്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ പുതിയ നടപടിയിലൂടെ വ്യവസായിഗള്‍ക്ക് ലഭിക്കും. മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
ഒന്നോ അതിലധികമോ കമ്പനികള്‍ക്കും പ്രാദേശിക കമ്പനികളുടെ പ്രതിനിധികള്‍ക്കും വ്യവസായികള്‍ക്കും ചെറുകിട- ഇടത്തരം- സ്റ്റാര്‍ട്ട്അപ്പ് ഉടമസ്ഥര്‍ക്കും ഇങ്ങനെ സ്ഥലം വിഭജിച്ച് നല്‍കാം. ഉയര്‍ന്ന വാടക നിരക്ക് ചെറുകിട- ഇടത്തരം- സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍ക്ക് പ്രതിബന്ധമാകാതിരിക്കാന്‍ ഈ നടപടി ഉപകരിക്കും. ബിസിനസ് കേന്ദ്രങ്ങളുടെ നിര്‍മാണ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാകാനും ഇതിടയാക്കും.
മുനിസിപ്പാലിറ്റി, വാണിജ്യം മന്ത്രാലയങ്ങളില്‍ നിന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ അഡ്മിനിസിട്രേഷനില്‍ നിന്നുമുള്ള ഓഫീസ് സ്‌പെയ്‌സ് വിഭജിക്കാനുള്ള അനുമതി ലഭിച്ചതിന് ശേഷം ബിസിനസ്സ് സെന്റര്‍ ലൈസന്‍സ് ലഭിക്കുന്നതാണ്. എല്ലാ വിധത്തിലുമുള്ള ആശയ വിനിമയ സൗകര്യം, ഓഫീസ് സപ്ലൈസ്, കോണ്‍ഫറന്‍സ്- ഡെലിവറി സൗകര്യം അടക്കമുള്ള സംവിധാനങ്ങള്‍ ബിസിനസ്സ് സെന്ററുകളില്‍ വേണം. പുതിയ നടപടി വാണിജ്യ- നിക്ഷേപ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുമെന്നും നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും ഏറെ ഗുണപ്രദമാകുമെന്നതിനാല്‍ അതിന്റെ ഫലം വിപണിയില്‍ ദൃശ്യമാകുമെന്നും വാണിജ്യ മന്ത്രാലയം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഖത്വരി നിക്ഷേപകര്‍ പുതിയ നടപടിയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ശരിയായ സമയത്തെ ശരിയായ തീരുമാനമെന്നാണ് ഇതിനെ ഖത്വരി വ്യവസായി അഹ്മദ് ഖലാഫ് വിശേഷിപ്പിച്ചത്. ഒരേ വളപ്പില്‍ നിരവധി കമ്പനികള്‍ നിക്ഷേപകര്‍ക്ക് സ്ഥാപിക്കുന്നതിന് ഇത് സഹായിക്കും. വിവിധ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ ഒരാളുടെ ഉടമസ്ഥതയിലുണ്ടാകും. പുതിയ നിയമപ്രകാരം അതെല്ലാം ഒരേ സ്ഥലത്ത് കൊണ്ടുവരാന്‍ ഇത് സഹായിക്കും. ചെറിയ വാടക നിരക്കില്‍ ഓഫീസ് സ്‌പെയ്‌സ് ലഭിക്കുമെന്നതിനാല്‍ ചെറുകിട സംരംഭകര്‍ക്ക് ഇത് നവോന്മേഷം നല്‍കും. നിലവില്‍ 15000 മുതല്‍ 30000 വരെ ഖത്വര്‍ റിയാല്‍ ആകും ഓഫീസ് സ്‌പെയ്‌സിന്. ചെറിയ ചെലവില്‍ പ്രതിനിധികളെ നിയമിക്കുന്നതിന് അന്താരാഷ്ട്ര കമ്പനികള്‍ക്ക് ഇനി എളുപ്പമാകും. നേരത്തെ ഇതിനായി സ്വന്തം നിലക്ക് അപാര്‍ട്ട്‌മെന്റ് വാങ്ങേണ്ടിയിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്. ഒരേ മുറിയില്‍ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. വാണിജ്യ വാടക നിരക്ക് കുറയുമെന്നതിനാല്‍ വിപണിയില്‍ പുത്തനാവേശം ഇത് സൃഷ്ടിക്കും. മൊത്തം വാടക നിരക്ക് കുറക്കാതെ തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്ക് വാടക നല്‍കാമെന്നതിനാല്‍ കെട്ടിടയുടമക്കും ഇത് നഷ്ടമാകുന്നില്ല. മതിയായ ലൈസന്‍സ് ഉള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ പ്രശ്‌നമാകില്ല. വ്യവസായ കേന്ദ്രങ്ങള്‍ക്ക് മാത്രമല്ല എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഓഫീസ് സ്‌പെയ്‌സ് വിഭജിക്കാന്‍ അനുവാദം നല്‍കണമെന്നും ഖലാഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here