രാജ്യത്തെ സ്റ്റാര്‍ ഹോട്ടലുകളില്‍ ഡബ്ല്യുവും ഷെറാട്ടനും മുന്‍നിരയില്‍

Posted on: February 15, 2016 10:02 pm | Last updated: February 16, 2016 at 8:28 pm
SHARE

Sheraton-Doha-Hotelദോഹ: രാജ്യത്ത് ആതിഥ്യ സൗകര്യം നല്‍കുന്ന നക്ഷത്ര ഹോട്ടലുകളില്‍ ഒന്നാത് ഡബ്ല്യു ഹോട്ടല്‍. തൊട്ടു പിന്നില്‍ ഷെറാട്ടന്‍. കൊലിയേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് രാജ്യത്തെ ആദ്യ പത്തു ഹോട്ടലുകള്‍ കണ്ടെത്തുന്നത്. അതിഥികളായി എത്തിയവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക.
ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിനാണ് മൂന്നാം സ്ഥാനം. തുടര്‍ന്ന് കെംപിന്‍സ്‌കി, ഫോര്‍ സീസണ്‍, ക്രൗണ്‍ പ്ലാസ, ഗ്രാന്‍ഡ് ഹെറിറ്റേജ്, അമരി, സെന്റ് റഗിസ്, റാഡിസന്‍ ബ്ലൂ എന്നീ ഹോട്ടലുകളും വരുന്നു.
മേഖലയിലെ മറ്റു നഗരങ്ങളിലെ ഹോട്ടലുകളെ ദോഹ പിന്നിലാക്കുന്നുണ്ടെന്ന് സൂചിക വ്യക്തമാക്കുന്നു. 100 നഗരങ്ങളുടെ പട്ടികയില്‍ ദോഹ ദുബൈക്കും മുന്നില്‍ 79 ാം സ്ഥാനത്താണ്. ദുബൈ 77, മനാമ 75, റിയാദ് 75, മസ്‌കത്ത് 74 ഇങ്ങനെയാണ് മറ്റു ഗള്‍ഫ് നഗരങ്ങളുടെ റാങ്ക്. അതേസമയം, യു എ ഇ തലസ്ഥാനമായ അബുദാബി ദോഹക്കും മുന്നില്‍ 81 ാം സ്ഥാനത്തുണ്ട്.
അതിഥികള്‍ക്ക് ഏറെ സംതൃപ്തിയുള്ള നഗരങ്ങളില്‍ ഗള്‍ഫിലും ഈജിപ്തിലും മുന്നില്‍ ദോഹയാണ്. ദോഹ ചില മൗലികമായ ചേരുവകള്‍ നല്‍കുന്നുവെന്ന് കൊലിയേഴ്‌സ് ഹോട്ടല്‍സ് വിഭാഗം മേധാവി ഫിലിപ്പോ സോന പറഞ്ഞു.
ഉപഭോക്താക്കളുടെ അഭിപ്രായം ശേഖരിച്ച് സേവനവും സൗകരഹങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഹോട്ടല്‍ ക്ലാസിഫിക്കേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുമെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഹോട്ടുലുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വരുന്നത്. ലോകതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ റിവ്യൂ വെബ്‌സൈറ്റുകളായ ബുക്കിംഗ് ഡോട്ട് കോം, ട്രിപ്പ് അഡൈ്വസര്‍ തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ അതോറിറ്റി ആലോചിച്ചത്. കൊലിയേഴ്‌സ് പട്ടികയില്‍ ഖത്വറിലെ ഫൈവ് സ്റ്റാര്‍ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ശരാശരി (85) നേടിയിട്ടുണ്ട്. ഫോര്‍ സ്റ്റാറുകള്‍ക്ക് 78 റാങ്കും ത്രീ സ്റ്റാറുകള്‍ക്ക് 70 റാങ്കുമാണ് ലഭിച്ചത്.
അതേസമയം, ലക്ഷ്വറി സ്ഥാപനങ്ങള്‍ കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നുണ്ട്. കൂടുതല്‍ പണവും ഈടാക്കുന്നു. അഥവാ പണം വാങ്ങുന്നതിനനുസരിച്ച് സേവനമൂല്യം തിരിച്ചു കൊടുക്കുന്നുവെന്നാണ് ഈ വിഭാഗം വിലയിരുത്തുന്നത്. ഹോട്ടലുകളെ വിലയിരുത്തുമ്പോള്‍ റൂമുകളുടെ നിലവാരം, സേവനം, ലൊക്കേഷന്‍, ശുചിത്വം എന്നിവയെല്ലാം വിലിയിരുത്തുന്നതായി ഫിലിപ്പോ സോന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here