ബിജെപി സര്‍വകലാശാലകളെ തീവ്രവാദ കേന്ദ്രങ്ങളായി ബ്രാന്‍ഡ് ചെയ്യുന്നുവെന്ന്്് രാഹുല്‍ ഗാന്ധി

Posted on: February 15, 2016 9:51 pm | Last updated: February 16, 2016 at 8:52 am

Rahulജോര്‍ഹാത് (ആസാം): ജനങ്ങളില്‍ ഭിന്നതയും ശത്രുതയും വളര്‍ത്തുന്ന അജണ്ടയാണ് ബിജെപിയും ആര്‍എസ്എസും പിന്തുടരുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഇവര്‍ തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ജെഎന്‍യു സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആസാമിലെ സോണിത്പുരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയും ആര്‍എസ്എസും രാജ്യത്തിന്റെ ബഹുസ്വരതയുടെ സംസ്‌കാരത്തെയും വികാരത്തെയും അല്‍പ്പംപോലും ബഹുമാനിക്കുന്നില്ല. തങ്ങളുടെ ആശയങ്ങള്‍ എല്ലാവരും പിന്തുടരണമെന്നാണ് ഇവര്‍ ശാഠ്യംപിടിക്കുന്നത്. ഇവര്‍ തീവ്രവാദം എല്ലായിടത്തും കണ്ടുപിടിക്കുകയാണ്. സര്‍വകലാശാലകളെപ്പോലും തീവ്രവാദ കേന്ദ്രങ്ങളായി ബ്രാന്‍ഡ് ചെയ്യുന്നു. ഇവരുടെ തീവ്രവാദത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

ഹിന്ദുക്കളെയും മുസ്‌ലിംങ്ങളെയും ഭിന്നിപ്പിക്കുകയും മുസ്‌ലിംങ്ങളെ തീവ്രവാദികളെന്നു ബ്രാന്‍ഡ് ചെയ്യുകയും ചെയ്യുന്നത് ബിജെപിയും ആര്‍എസ്എസും വര്‍ഷങ്ങളായി നടത്തിവരുന്ന നയമാണെന്നും രാഹുല്‍ ആരോപിച്ചു.