ദോഹ മെട്രോ ഗ്രീന്‍ ലൈനില്‍ രണ്ടു ടണല്‍ നിര്‍മാണം പൂര്‍ത്തിയായി

Posted on: February 15, 2016 8:38 pm | Last updated: February 16, 2016 at 8:28 pm
SHARE
 ഗ്രീന്‍ ലൈനിലെ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കി ബോറിംഗ് യന്ത്രം  പുറത്തേക്കെടുക്കുന്നു
ഗ്രീന്‍ ലൈനിലെ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കി ബോറിംഗ് യന്ത്രം
പുറത്തേക്കെടുക്കുന്നു

ദോഹ : മെട്രോ നഗരത്തിലേക്കുള്ള തുരങ്ക റയില്‍ പാത നിര്‍മാണത്തില്‍ നാഴിക്കല്ല് സൃഷ്ടിച്ച് ഗ്രീന്‍ ലൈനില്‍ രണ്ടു ടണലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ദൗത്യം പൂര്‍ത്തിയാക്കിയതില്‍ ആഹ്ലാദം പങ്കിട്ട് രണ്ട് ടണല്‍ ബോറിംഗ് മെഷീനുകളുടെ ഭാഗമായി പ്രവര്‍ത്തിച്ച ജീവനക്കാരും മെട്രോ പദ്ധതി മേധാവികളും കഴിഞ്ഞ ദിവസം ആഘോഷം സംഘടിപ്പിച്ചു. മെട്രോ ഗ്രീന്‍ ലൈന്‍ പദ്ധതിയില്‍ ഇരട്ടി നേട്ടാണ് ഒരരേ സമയം കൈവരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അല്‍ റയ്യാനിലെയും അല്‍ ഗര്‍റാഫയിലെയും തുരങ്ക നിര്‍മാണങ്ങളാണ് പൂര്‍ത്തിയായത്. മശ്‌രിബിലേക്കാണ് രണ്ടു തുരങ്ക പാതകളും ചെന്നു ചേരുന്നത്. മെട്രോ തുരങ്കനിര്‍മാണത്തിനായി ഉപയോഗിക്കുന്ന 21 യന്ത്രങ്ങളില്‍ രണ്ട് ഹൈ ടെക് യന്ത്രങ്ങളാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. തുരങ്ക നിര്‍മാണത്തിന് കൂടുതല്‍ ബോറിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്ന മെട്രോ പദ്ധതി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ പ്രവേശിച്ച ദോഹ മെട്രോ, നിര്‍മാണത്തിലും റെക്കോര്‍ഡിലേക്കു നീങ്ങുകയാണ്.
നിശ്ചിത സമയത്തു തന്നെ ഗ്രീന്‍ ലൈനിലെ അല്‍ റയ്യാന്‍, അല്‍ ഗര്‍റാഫ ടണല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതിലൂടെ വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് ഖത്വര്‍ റയില്‍ പദ്ധതി ഡയറക്ടര്‍ ജാസിം അല്‍ അന്‍സാരി പറഞ്ഞു. ഈ ഇരട്ട നേട്ടം ദോഹ മെട്രോ റയില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതിയുടെ ഗതി വ്യക്തമാക്കുന്നതുകൂടിയാണ്. ദുര്‍ഘടമായ ഭൗമഘടനയെ തുരന്നാണ് മെഷീനുകള്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. 33 കിലോമീറ്റര്‍ ഗ്രീന്‍ ലൈനില്‍ 30 കിലോമീറ്ററും ഭൗമാന്തര്‍ഭാഗത്താണ്. 18 മാസത്തില്‍ താഴെ മാത്രമുള്ള കാലം കൊണ്ട് ടണല്‍ നിര്‍മാണത്തില്‍ നേടിയെടുത്ത പുരോഗതി അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
അല്‍ റിഫയില്‍ നിന്നും അല്‍ മന്‍സൂറയിലേക്ക് യാത്രാ സൗകര്യമൊരുക്കുന്ന ഗ്രീന്‍ ലൈനില്‍ ആറു തുരങ്ക നിര്‍മാണങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ടണല്‍ നിര്‍മാണം ആരംഭിച്ചത്. റയ്യാന്‍, ഗര്‍റാഫ ടണല്‍ നിര്‍മാണം പൂര്‍ത്തിയായതോടെ ബോറിംഗ് മെഷീനുകല്‍ സപ്ലേ കമ്പനിക്കു തിരിച്ചു നല്‍കും. ജര്‍മന്‍ കമ്പനിയായ ഹെറെന്‍കനെക്ടിന്റെ ദോഹ ലോക്കല്‍ ഓഫീസാണ് മെഷീന്‍ സേവനം നല്‍കിയിരുന്നത്. ഗ്രീന്‍ ലൈനില്‍ ഇപ്പോള്‍ തുരങ്ക നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന മെഷീനുകള്‍ ഏപ്രില്‍ ആദ്യത്തോടെ ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിയത്തൂരിയയിലെ തുരങ്കമാണ് ഇനി ആദ്യം പൂര്‍ത്തികുക. ഈ മാസം അവസാനിത്തോടെ തന്നെ പൂര്‍ത്തീകരണം പ്രതീക്ഷിക്കുന്നു. എജുക്കേഷന്‍ സിറ്റിയിലേക്കുള്ളതാണ് ഈ തുരങ്ക പാത.
ബെര്‍ലനിലെ സപ്ലേ കമ്പനി വെയര്‍ ഹൈസില്‍ നിന്നും പുറപ്പെട്ട് രാജ്യത്തെത്തി ദൗത്യത്തിലേര്‍പ്പെട്ട ഓരോ ഘട്ടവും അധികൃതരുടെ നിരീക്ഷണത്തിലാണ് ബോറിംഗ് മെഷീന്‍ പ്രവര്‍ത്തിച്ചു വന്നതെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഖത്വര്‍ റയില്‍ ലൊജിസ്റ്റിക് ടീമാണ് ഓരോ ഘട്ടങ്ങളും നിരീക്ഷിച്ചത്. ദോഹ പോര്‍ട്ട് അതോറിറ്റി, ഖത്വര്‍ കസ്റ്റംസ്, മിലാഹ, ട്രാഫിക് പോലീസ്, ലക്‌വിയ, കരാര്‍ കമ്പനികള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു നിരീക്ഷണം. നിര്‍മാണ ഘട്ടത്തില്‍ രാജ്യത്തു വസിക്കുന്ന ജനങ്ങള്‍ക്ക് പ്രയാസമില്ലാതെയും പരമാവധി ഗതാഗതക്കുരുക്കുകളില്ലാതെയും ശ്രദ്ധിച്ചു. ഗതാഗതം തടസ്സപ്പെടുത്തേണ്ടി വന്നപ്പോള്‍ നിര്‍മാണങ്ങള്‍ പുലര്‍ച്ചെ ഒന്നു മുതല്‍ മൂന്നുവരെയാക്കി ക്രമീകരിക്കാന്‍ ശ്രദ്ധിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.
2019ലാണ് ദോഹ മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരണം ലക്ഷ്യം വെക്കുന്നത്. ലുസൈല്‍ ട്രാം പദ്ധതിയുടെ പൂര്‍ത്തീകരണം 2020ല്‍ ഉണ്ടാകും. 2030ഓടെ ദോഹ മെട്രോ, ലുസൈല്‍ ട്രാം, ജി സി സി റയിലുമായി ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര പാത എന്നിവയെല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള സംയോജിത റയില്‍ ഗതാഗതം രാജ്യത്തു നിലവില്‍ വരും. 2021ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഖത്വര്‍ റയില്‍ പാതകളിലൂടെ പ്രതിദിനം ആറു ലക്ഷം പേര്‍ക്ക് സഞ്ചരിക്കാനാകും. ദോഹ മെട്രോയില്‍ 37 സ്റ്റേഷനുകളാണുണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here