അബുദാബി-ദുബൈ ഹൈവേ നിര്‍മാണം പുരോഗമിക്കുന്നു

Posted on: February 15, 2016 3:33 pm | Last updated: February 15, 2016 at 3:33 pm
SHARE

DUBAI HIGHWAYഅബുദാബി: അബുദാബി-ദുബൈ പുതിയ ഹൈവേ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും. അബുദാബി ജനറല്‍ സര്‍വീസ് കമ്പനിയായ മുസന്‍ദയുടെ നേതൃത്വത്തില്‍ 210 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഹൈവേയുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. ഈ വര്‍ഷാവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
നിലവിലെ അബുദാബി-ദുബൈ റോഡിലെ ഗതാഗത തിരക്കു കുറക്കാന്‍ പുതിയ ഹൈവേക്കാവും. ഇതോടൊപ്പം റോഡപകട നിരക്കു കുറക്കാനും അബുദാബിയിലെ ഖലീഫ പോര്‍ട്ടിനെയും ഇന്‍ഡസ്ട്രിയല്‍ സോണിനെയും ബന്ധിപ്പിക്കാനും ഉതകുന്നതുമാവും പുതിയ ഹൈവേ. ദുബൈ എമിറേറ്റിനെയും വടക്കന്‍ എമിറേറ്റുകളെയും അബുദാബിയുമായി ബന്ധിപ്പിക്കുന്നതോടൊപ്പം ഗതാഗതത്തിരക്കു ലഘൂകരിക്കാനും കഴിയുന്നതാണ് പുതിയ ഹൈവേ.
ഇരുഭാഗത്തേക്കും നാലുവരിപ്പാതയോടെയുള്ള റോഡ് ദുബൈ അതിര്‍ത്തിയിലെ ഷുഐബില്‍ നിന്ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കു 311-ാം നമ്പര്‍ എക്‌സിറ്റ് വഴിയാണ് ബന്ധിപ്പിക്കുക. സുവൈഹാന്‍ റോഡില്‍ അല്‍ മഹാ ഫോറസ്റ്റ്, കിസാര്‍ഡ്, അല്‍ അജ്ബാന്‍ റോഡ്, സായിദ് സൈനിക സിറ്റി വഴിയാണ് പുതിയ റോഡ് കടന്നുപോകുന്നത്. ആറു പാലങ്ങളും ആറു ഭൂഗര്‍ഭ പാസുകളും ഉള്‍പെട്ട റോഡ് ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കും.