ജെഎന്‍യു: കനയ്യയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി; ക്യാമ്പസിലും കോടതിയിലും പ്രതിഷേധം, സംഘര്‍ഷം

Posted on: February 15, 2016 3:20 pm | Last updated: February 16, 2016 at 12:06 pm
SHARE

JNU_2737930gന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടെതാണ് ഉത്തരവ്. നേരത്തെ കനയ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി പരിസരത്ത് സംഘര്‍ഷം അരങ്ങേറി. ജെഎന്‍യു വിദ്യാര്‍ഥികളും എബിവിപി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. അഭിഭാഷകര്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിച്ചത് രംഗം കൂടുതല്‍ വഷളാക്കി. ഇതോടെ കോടതി നടപടികള്‍ തടസ്സപ്പെടുകയും ചെയ്തു. ഇതിനിടെ കോടതിയിലെത്തിയ ബിനോയ് വിശ്വത്തിന് നേരെയും ഒരു സംഘം ആക്രമണം നടത്തി.

ഡല്‍ഹി ജെഎന്‍യുവിലും വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്. ക്യാംപസിലെ ഭരണകൂട അടിച്ചമര്‍ത്തലിനെതിരെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരത്തിലാണ് വിദ്യാര്‍ത്ഥികള്‍. സമരത്തിന് പിന്തുണയേകി അധ്യാപകരും ജീവനക്കാരും രംഗത്തുണ്ട്. രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യയെ മോചിപ്പിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതേസമയം പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നും വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജദേശ് കുമാര്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് തങ്ങള്‍ എതിരല്ലെന്നും സമരത്തിലൂടെ അല്ലാതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ജെഎന്‍യുവില്‍ പോലീസുകാരെ തങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടില്ല. നിയമം അനുശാസിക്കുന്ന വിധത്തില്‍ അന്വേഷണത്തോട് സഹകരിക്കുക മാത്രമാണ ്‌ചെയ്തതെന്നും വിസി പറഞ്ഞു.

പാര്‍ലിമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ചരമദിനത്തില്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് കനയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here