സമ്പന്നരായ കേരളീയരുടെ മൊത്തം ആസ്തി 2,000 കോടി ഡോളര്‍

Posted on: February 15, 2016 2:57 pm | Last updated: February 16, 2016 at 8:28 pm
SHARE
RAVI PILLAI YOUSAF ALI
ഡോ. രവി പിള്ള ,എം എ യുസുഫലി

ദുബൈ: വാണിജ്യ മാസികയായ അറേബ്യന്‍ ബിസിനസ് പ്രഖ്യാപിച്ച, ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 13 പ്രമുഖര്‍. ഒന്നാം സ്ഥാനത്ത് ആര്‍ പി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രവി പിള്ള. 460 കോടി ഡോളറാണ് ആസ്തി. ഇന്ത്യക്കാരുടെ ആകെ പട്ടികയില്‍ ഡോ. രവി പിള്ള മൂന്നാം സ്ഥാനത്താണ്.

പട്ടികയിലെ 13 കേരളീയരുടെ ആകെ ആസ്തി ഏകദേശം 2,000 കോടി ഡോളറാണ്. മുന്‍നിരയിലുള്ള 50 ഇന്ത്യക്കാരുടെ ആകെ ആസ്തി 6,000 കോടി. ഇതില്‍ 26 ശതമാനത്തോളം ആസ്തി ജി സി സിയില്‍. ഗള്‍ഫ് മേഖലയില്‍ നിന്ന് ലുലു ഗ്രൂപ്പ് മേധാവി എം എ യുസുഫലിയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. ആകെ ആസ്തി 447 കോടി ഡോളര്‍. തൊട്ടു പിന്നില്‍ ജെംസ് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയാണ്. ആസ്തി 250 കോടി ഡോളര്‍. മലയാളികളില്‍ നാലാം സ്ഥാനത്ത് ആസ്റ്റര്‍ ഡി എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനാണ്. 170 കോടി ഡോളര്‍ ആസ്തിയുള്ള അദ്ദേഹം ഗള്‍ഫ് മേഖലയിലെ ആരോഗ്യ രംഗത്തെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കി. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് എന്നിവരും പട്ടികയിലുണ്ട്.
പട്ടികയില്‍ ഒന്നാമത് സ്റ്റാല്യന്‍ ഗ്രൂപ്പ് മേധാവി സുനില്‍ വസ്വനിയാണ്. ആകെ ആസ്തി 710 കോടി ഡോളര്‍. രണ്ടാം സ്ഥാനത്ത് ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനി; ആസ്തി 550 കോടി ഡോളര്‍.

സൗദി അറേബ്യ ആസ്ഥാനമായുള്ള ആര്‍. പി. ഗ്രൂപ്പ് നിര്‍മാണ രംഗം, വ്യവസായ വികസനം, ആരോഗ്യം, ഹോട്ടല്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ ശക്തമായ സാനിധ്യം രേഖപ്പെടുത്തി കഴിഞ്ഞു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നത് ആര്‍ പി ഗ്രൂപ്പാണ്. ഒരു ലക്ഷത്തിലേറെ തൊഴിലാളികളുള്ള ആര്‍ പി ഗ്രൂപ്പ് 2,500 കോടി ഡോളറിലേറെ മൂല്യമുള്ള പ്രോജക്ടുകള്‍ ആഗോള തലത്തില്‍ നടപ്പാക്കി. 20 നഗരങ്ങളിലായി 26 ബിസിനസുകള്‍ ഗ്രൂപ്പിനുണ്ട്. മിഡില്‍ ഈസ്റ്റിലെ ഓയില്‍, ഗ്യാസ് രംഗത്തെ ഏറ്റവും വലിയ വ്യവസായിക കോണ്‍ട്രാക്ടര്‍ ആണ് ആര്‍ പി ഗ്രൂപ്പ്. ഈ രംഗത്ത് 200 കോടി ഡോളറിലേറെ മൂല്യമുള്ള കരാറുകള്‍ ഗ്രൂപ്പ് സ്വന്തമാക്കി. ഇതിനുപുറമേ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസായ ആര്‍ പി ഗ്ലോബല്‍ 150 കോടി ഡോളര്‍ മൂല്യമുള്ള രണ്ടു വന്‍ പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഡൗണ്‍ ടൗണ്‍ ദുബൈയില്‍ തുടക്കമിട്ടു.
ഡോ. രവി പിള്ള ആറു ഹോട്ടലുകളുടെ ഉടമയാണ്. നാലെണ്ണം ഇന്ത്യയിലും രണ്ടെണ്ണം ദുബൈയിലും. ഈ വര്‍ഷം ദുബൈ മറീനയില്‍ പുതിയ ക്രൗണ്‍ പ്ലാസ ഹോട്ടല്‍ ആരംഭിക്കും. കേരളത്തിലെ ലീല രവീസ് കോവളം ഏറ്റവും അധികം ബഹുമതികള്‍ നേടിയ ഫൈവ് സ്റ്റാര്‍ ലക്ഷ്വറി ഹോട്ടലാണ്. കമ്പനികളുടെ ആസ്തി, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ ഉണ്ടാകാവുന്ന മൂല്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറേബ്യന്‍ ബിസിനസ് മുന്‍നിരയിലുള്ള 50 സമ്പന്നരുടെ പട്ടിക തയ്യാറാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഗള്‍ഫിലെ 13 സമ്പന്നരായ മലയാളികള്‍ ഇവരാണ്: 1. ഡോ. രവി പിള്ള (ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍), 2. യൂസഫലി (ലുലു ഗ്രൂപ്പ് ചെയര്‍മാന്‍), 3. സണ്ണി വര്‍ക്കി (ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍മാന്‍, ജെംസ് എഡ്യുക്കേഷന്‍), 4. ഡോ. ആസാദ് മൂപ്പന്‍ (ചെയര്‍മാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍), 5. ഷംഷീര്‍ വയലില്‍ (ഫൗണ്ടര്‍, വി പി എസ് ഹെല്‍ത് കെയര്‍), 6. പി എന്‍ സി മേനോന്‍ (ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍), 7. ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്), 8. ഫൈസല്‍ കോട്ടികൊള്ളന്‍ (കെ ഇ എഫ് ഹോള്‍ഡിങ്ങ്‌സ് സി ഇ ഒ), 9. കോറത്ത് മുഹമ്മദ് (ഫൗണ്ടര്‍ കോറത്ത് ഗ്രൂപ്പ്), 10. തുംബെ മൊയ്തീന്‍ (പ്രസിഡന്റ്, തുംബെ ഗ്രൂപ്പ്), 11. അദീബ് അഹമ്മദ്, സി ഇ ഒ, ലുലു എക്‌സ്‌ചേഞ്ച്, 12. കെ മുരളീധരന്‍ (സതേണ്‍ ഫ്രാഞ്ചൈസ് കമ്പനി ഗ്രൂപ്പ്), 13. ദിലീപ് രാഹുലന്‍ (ഫൗണ്ടര്‍, പസഫിക് കട്രോള്‍സ്).

LEAVE A REPLY

Please enter your comment!
Please enter your name here