100 കോടിയുടെ വകയിരുത്തല്‍ പരിയാരത്തിന് പ്രതീക്ഷയേകുന്നു

Posted on: February 15, 2016 1:05 pm | Last updated: February 15, 2016 at 1:05 pm
SHARE

pariyaram-medical-college-kannur-500x334കണ്ണൂര്‍:സംസ്ഥാന ബജറ്റില്‍ പരിയാരം മെഡിക്കല്‍ കോളജിന് 100 കോടി രൂപ വകയിരുത്തിയത് ഏറെ പ്രതിക്ഷയുണര്‍ത്തുന്നു. ബജറ്റില്‍ തുക വകയിരുത്തിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ സി ജോസഫ് അറിയിച്ചു. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത ഒപ്പം പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും യാഥാര്‍ഥ്യമാകാത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജ് ഏതു രീതിയിലുള്ള ഏറ്റെടുക്കലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന പരാമര്‍ശങ്ങളൊന്നും ബജറ്റില്‍ ഇല്ലാത്തതും നിരാശക്ക് കാരണമായിട്ടുണ്ട്. സഹകരണ മേഖലയിലുള്ള ഈ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവ. മെഡിക്കല്‍ കോളജ് ആക്കുമെന്നത് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നിരവധി തവണ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലും മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള പ്രഖ്യാപനവും ഉണ്ടായിരുന്നു.
ഹൈക്കോടതിയില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും വിവിധ വകുപ്പുകളുടെ പരിശോധന നടത്തി പരിയാരത്തെ ആസ്തി ബാധ്യതകള്‍ കണക്കാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ അനിശ്ചിതമായി നീണ്ടുപോകുകയാണുണ്ടായത്.
കോണ്‍ഗ്രസും സി പി എമ്മും തമ്മിലുളള ഒത്തുകളിയാണ് ഇതിന് പിന്നിലുളളതെന്ന് വ്യാപകമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓരോ ജില്ലയിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന സര്‍ക്കാര്‍ പദ്ധതി പരിയാരം ഏറ്റെടുക്കുന്നതോടു കൂടി യാഥാര്‍ഥ്യമാകുമെന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ന് ജില്ലയില്‍ അത്യാധുനിക സംവിധാനത്തോടുകൂടിയുള്ള സര്‍ക്കാര്‍ ആശുപത്രികളില്ലാത്തതിനാല്‍ നൂറ് കണക്കിന് രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്.
ജില്ലയില്‍ ഇടത്- വലത് മുന്നണികളുടെ നേതൃത്വത്തിലുള്ള നിരവധി സഹകരണ ആശുപത്രികളെ സഹായിക്കുകയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. മെഡിക്കല്‍ കോളജിന് നിലവിലുള്ള ബാധ്യതകള്‍ക്ക് പുറമേ അധിക ജീവനക്കാരാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തടസ്സമായി നിന്നിരുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ മാത്രമേ പരിയാരത്ത് നിലനിര്‍ത്താനാകൂ എന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുമെന്നും ഏറ്റെടുക്കല്‍ നിയമ തടസ്സങ്ങള്‍ക്ക് വഴിവെക്കുമെന്നും കണ്ടെത്തിയതാണ് സര്‍ക്കാന്‍ നടപടി വൈകാന്‍ കാരണമെന്ന് പറയപ്പെടുന്നു. പരിയാരത്ത് ഭരണം കൈയാളുന്ന സി പി എം നിരവധി നിയമനങ്ങളാണ് ഇവിടെ നടത്തിയിട്ടുളളത്.
അതിനിടെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കി തിരുവന്തപുരം ശ്രീചിത്ര ആശുപത്രിയുടെ മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാനുള്ള ആലോചനയും നടന്നുവന്നിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. സ്വയം ഭരണ സ്ഥാപനമാക്കി മാറ്റിയാല്‍ സംസ്ഥാന ഫണ്ടിന് പുറമേ കേന്ദ്ര ഫണ്ടും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here