വായു മലിനീകരണം: മരിക്കുന്നവരില്‍ പകുതിയിലധികം പേര്‍ ഇന്ത്യയിലും ചൈനയിലുമെന്ന് റിപ്പോര്‍ട്ട്

Posted on: February 15, 2016 12:51 pm | Last updated: February 15, 2016 at 12:51 pm
SHARE

AIR POLLUTIONവാഷിംഗ്ടണ്‍: ലോകത്ത് വായു മലിനീകരണം മൂലംമൂലം 55 ലക്ഷം പേര്‍ ശരാശരി മനുഷ്യായുസ്സ് പൂര്‍ത്തിയാകാതെ മരിക്കുന്നുവെന്നും ഇതില്‍ പകുതിയലധികവും ഇന്ത്യയിലും ചൈനയിലുമാണെന്നും റിപ്പോര്‍ട്ട്.
അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ അമേരിക്ക, കാനഡ, ചൈന ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാര്‍ വാഷിംഗ്ടണില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണിത്. 2013ല്‍ വായു മലിനീകരണം മൂലം 16 ലക്ഷം പേര്‍ ചൈനയിലും, 14 ലക്ഷം പേര്‍ ഇന്ത്യയിലും മരിച്ചു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളെ കൊല്ലുന്ന വ്യത്യസ്ത ഘടകങ്ങളുടെ പട്ടികയില്‍ നാലാമതാണ് വായു മലിനീകരണം. ഉയര്‍ന്ന രക്തസമ്മര്‍ദം, പോഷകാഹാര ലഭ്യതയില്ലായ്മ, പുകവലി എന്നീ കാരണങ്ങളാണ് മരണകാരണങ്ങളില്‍ വായു മലിനീകരണത്തിന് മുന്നിലുള്ളത്.
സമീപ ഭാവിയില്‍ മരണഹേതുവാകുന്ന പരിസ്ഥിതി ഘടകങ്ങളില്‍ വായുമലിനീകരണം ഒന്നാമതെത്തുമെന്നും ഗവേഷകര്‍ പറയുന്നു. വായു മലിനീകരണം ഹൃദയ രോഗങ്ങള്‍ക്കും, ശ്വാസകോശ രോഗങ്ങള്‍ക്കും മറ്റ് ശ്വസന പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 1990 നും 2013 നും ഇടയില്‍ 188 രാജ്യങ്ങളെ വായുമലിനീകരണം ബാധിച്ചിട്ടുണ്ട്. ലോക ജനസംഖ്യയുടെ 85 ശതമാനം ജനങ്ങളും ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത വായുമലിനീകരണ അളവിനേക്കാളും മലിനമായ ഇടങ്ങളിലാണ് ജീവിക്കുന്നത്. പൗരന്‍മാര്‍ക്ക് ശുദ്ധവായു ഉറപ്പാക്കാന്‍ ചില രാജ്യങ്ങളില്‍ എത്ര വേഗത്തില്‍ എത്ര ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന കാര്യം തങ്ങളുടെ കണ്ടെത്തലുകളിലെ മലിനീകരണ സംബന്ധമായ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ലോക രാജ്യങ്ങള്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ വരുന്ന 20 വര്‍ഷം കൊണ്ട് ജീവഹാനിയുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്നും ശാസ്ത്ര സംഘം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും മലിനമായ വായു ഉള്ളത്. കല്‍ക്കരി കത്തിക്കുന്നതിലൂടെയാണ് ചൈനയുടെ വായു ഏറ്റവും കൂടുതല്‍ മലിനമാകുന്നത്. ഈ ഒരു മലിനീകരണ സ്രോതസ്സ് മാത്രം വര്‍ഷത്തില്‍ 360000 ആളുകളുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. അതേസമയം ഇന്ത്യയുടെ കാര്യത്തില്‍ പാചകത്തിനായും തണുപ്പകറ്റാനായും വിറക്, ചാണക വറളി, കാര്‍ഷികാവശിഷ്ടങ്ങള്‍ എന്നിവ കത്തിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണമാണ് ഗുരുതരമെന്നും പുറമേ നിന്നുള്ള മലിനീകരണ സ്രോതസ്സുകളേക്കാള്‍ ഇത്തരം ഗാര്‍ഹിക വായുമലിനീകരണമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നതെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ഭാവിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സ്ഥിതിയിലേക്കാണ് ഇന്ത്യയുടെ പോക്കെന്ന് ഗവേഷക സംഘം ചൂണ്ടിക്കാട്ടി. ഏഷ്യയില്‍ വന്‍ ജനസംഖ്യയുള്ള രാജ്യങ്ങളുണ്ട്. അത് തന്നെയാണ് വന്‍ തോതില്‍ മലിനീകരണത്തിനിടയാക്കുന്നതും. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ വായു മലിനമായിക്കൊണ്ടേയിരിക്കുകയാണ്. ചൈനയില്‍ കാര്യങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനായെങ്കിലും അവിടെയും മലിനീകരണം വളരെ കൂടുതല്‍ തന്നെയാണ്.അതോടൊപ്പം ഈ രാജ്യങ്ങളില്‍ വൃദ്ധരുടെ എണ്ണം ഏറി വരികയാണ്. ഇതോടെ അന്തരീക്ഷ മലിനീകരണം മൂലം പ്രായമായവര്‍ക്ക് ഹൃദയ, ശ്വാസകോശ രോഗങ്ങളും കാന്‍സറും ബാധിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും ബ്രിട്ടീഷ് കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ മിഷേല്‍ ബ്രാവര്‍ പറഞ്ഞു.
കല്‍ക്കരി ഉപയോഗം കുറക്കുകയും വ്യവസായശാലകളില്‍ നിന്നും വൈദ്യുതി നിലയങ്ങളില്‍ നിന്നുമുള്ള മലിനീകരണം കുറക്കുന്നതിനായി ചൈന ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ 2030 നകം ഒരു മില്ല്യണ്‍ ആളുകള്‍ അകാല ചരമമടയുമെന്നും റിപ്പോര്‍ട്ട് കണക്ക് കൂട്ടുന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ വൈദ്യുത, വ്യവസായിക ഉത്പാദനവും വര്‍ധിപ്പിക്കേണ്ടതുണ്ടതിനാല്‍ മലിനീകരണ നിയന്ത്രണങ്ങള്‍ കടലാസിലൊതുങ്ങും. അതിനാല്‍ 2050 ആകുമ്പഴേക്കും ഇന്ത്യയിലെ വായു മലിനീകരണം അപകടകരമാം വിധം വര്‍ധിക്കും – ഗവേഷക സംഘത്തിലെ ഇന്ത്യക്കാരന്‍ ചന്ദ്ര വെങ്കട്ടരാമന്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വായുമലിനീകരണത്തോത് 25 മൈക്രോ ഗ്രാം പെര്‍ ക്യൂബിക് മീറ്റര്‍ ആണ്. എന്നാല്‍ ബീജിംഗിലേയും ഡല്‍ഹിയിലേയും മലിനീകരണം 300 മൈക്രോ ഗ്രാം പെര്‍ ക്യൂബിക് മീറ്റര്‍ ആണ്. അതായത് അനുവദനീയമായ അളവിന്റെ പത്തിരട്ടിയിലധികം.ഈ കണക്കുകള്‍ വിവിധ രാജ്യങ്ങളുടെ മലിനീകരണവിരുദ്ധ നയങ്ങള്‍ എത്രത്തോളം കാര്യക്ഷമമാണെന്ന് പുനര്‍വിചിന്തനം നടത്താന്‍ സഹായകമാകുമെന്നും ഗവേഷകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here